27.1 C
Bengaluru
January 17, 2020
Untitled

ചായ മാഹാത്മ്യം !

tea

ദക്ഷിണേന്ത്യയിൽ പല്ലവസാമ്രാജ്യത്തിന്റെ സുവര്ണകാലത്തു് (ആറാം നൂറ്റാണ്ടിൽ ) ഒരു രാജകുമാരൻ ജനിച്ചു എന്ന്‌ ഐതിഹ്യം പറയുന്നു. അധിനിവേശങ്ങളും യുദ്ധമോഹങ്ങളും ആയിരുന്നില്ല ആ രാജകുമാരന്റെ ഭാഗധേയം, മറിച്ചു ഐതിഹാസിക ഭക്തിയും ആത്മീയസങ്കല്പങ്ങളും ആയിരുന്നു. ധർമ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം ഹിന്ദുവിശ്വാസി ആയിരുന്നില്ല. ജനിച്ച നാട്ടിൽതന്നെ കരിന്തിരി കത്തിക്കൊണ്ടിരുന്ന ബുദ്ധമതമായിരുന്നു അദ്ദേഹം തിരഞ്ഞെടുത്തത്. അതുകൊണ്ടായിരിക്കാം അദ്ദേഹം തന്റെ പിതാമഹന്മാരുടെ രാജ്യം ഉപേക്ഷിച്ചു് ചൈനയിലെ ലിയാങ് ചക്രവർത്തിയുടെ തിളങ്ങുന്ന കൊട്ടാരത്തിലേക്ക് പോയത്. ബുദ്ധന്റെ തത്വങ്ങൾ അവിടെ ശക്തിയാർജ്ജിച്ചിരിക്കുന്ന കാലമായിരുന്നതിനാൽ ധർമ ആ നാട്ടിൽ വളരെയധികം പേരും പ്രസിദ്ധിയും നേടി. എന്നിരുന്നാലും ഒരു ദിവസം ആഴത്തിലുള്ള ഇളകാത്ത ധ്യാനത്തിലൂടെ പരമമായ മോക്ഷം നേടാൻ അദ്ദേഹം തീരുമാനിച്ചു. സ്വയം ഉറക്കം നിഷേധിച്ചു്, ആഗ്രഹങ്ങളെയും സുഖങ്ങളെയും ജയിക്കാനും ബുദ്ധൻ കണ്ടെത്തിയ മനശ്ശാന്തി നേടാനുമായി ഒൻപതുവര്ഷം നീണ്ട തപസ്സ് അദ്ദേഹം ആരംഭിച്ചു.

തന്റെ ഇരുണ്ട ഗുഹക്കുള്ളിൽ ഇമപൂട്ടാതെ നിരന്തരം ഒരു ചുമരിലേക്കുതന്നെ നോക്കിയിരുന്ന് ധർമ്മവൈരാഗ്യത്തിൽ ഉറച്ചുനിന്നു. ഏതാനും വർഷം കഴിഞ്ഞപ്പോഴേക്കും അദ്ദേഹത്തിന്റെ ശരീരം പ്രതിഷേധം തുടങ്ങി. കണ്ണുചിമ്മാനുള്ള അദമ്യമായ ഒരു ത്വര (തന്റെ പാവനമായ പ്രതിജ്ഞ്യാ ലങ്കിക്കലാവും അത് എന്ന് ബുദ്ധിപറഞ്ഞുകൊണ്ടിരുന്നതെങ്കിലും ) അദ്ദേഹത്തെ പിടികൂടി. അനുസരണയില്ലാത്ത തന്റെ ശരീരത്തെ മനസ്സിന്റെ വഴിക്കു കൊണ്ടുവരാനായി എന്തെങ്കിലും ചെയ്തേ മതിയാവൂ എന്നുറച്ചു് പരിഭ്രാന്തിയോടെ മുന്നോട്ടാഞ്ഞു അവിടെ വളർന്നുനിന്നിരുന്ന ഏതോ ചെടിയുടെ ഇലകൾ അദ്ദേഹം കൈക്കലാക്കി. കിട്ടാവുന്നത്ര ഇലകൾ വായിൽ കുത്തിനിറച്ചു് ചവയ്ക്കാൻ തുടങ്ങി അദ്ദേഹം. അതാ പെട്ടെന്ന് അദ്ദേഹത്തിന് അപാരമായ ഉന്മേഷം അനുഭവപ്പെട്ടു. അദ്ദേഹത്തിന്റെ ക്ഷീണം മാറി, ശരീരം മനസ്സിന് കീഴടങ്ങി ; പിന്നീടുള്ള നാലുവർഷത്തെ ഉറക്കമില്ലാത്ത തപസ്സ് ഒരു കുഴപ്പവുമില്ലാതെ അദ്ദേഹം പൂർത്തിയാക്കി. ഈ കൊടും സംരംഭത്തിന്റെ അവസാനം ആ സന്ന്യാസി മനശ്ശാന്തി മാത്രമല്ല, മറ്റു ചിലതും കൂടി താൻ കണ്ടെത്തിയിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞു. ധർമയുടെ തപസ്സു ലോകത്തിനു നൽകിയത് മറ്റൊരു ആത്മീയ മോക്ഷത്തിന്റെ കഥ മാത്രമല്ല ; കുറച്ചുകൂടി ഭൗതികമായ, എക്കാലത്തെയും ആസ്വദിക്കാവുന്ന ഒന്നുകൂടിയായിരുന്നു. നാടോടിക്കഥയിലെ രാജ്യം ഉപേക്ഷിച്ച രാജകുമാരൻ കണ്ടുപിടിച്ചത് ചായയായിരുന്നു.

വർഷങ്ങൾ കടന്നുപോയപ്പോൾ ധർമ ആദ്യം അതിമനോഹരമായ ഒരു ഓർമ്മയായും പിന്നെ ഐതിഹ്യമായും ചരിത്രത്തിലേക്ക് മാഞ്ഞു പോയി. പക്ഷെ, അദ്ദേഹം കണ്ടെത്തിയ ചായച്ചെടി അഭിവൃദ്ധിപ്രാപിച്ചു. ഒരു വ്യവസായത്തിനും സമ്പദ്‌വ്യവസ്ഥക്കും അത് ജന്മം നൽകി. കാലവും കച്ചവടവും മുൻപോട്ട് അടിവെച്ചുനീങ്ങവെ ലോകത്തെയാകമാനം അത് വശീകരിച്ചെടുത്തു. !

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.