22 C
Bangalore
September 24, 2018
Untitled
  • Home
  • Malayalam
  • ബ്രസീൽ മെക്സിക്കോയെ 2 – 0 നു കീഴടക്കി !!

ബ്രസീൽ മെക്സിക്കോയെ 2 – 0 നു കീഴടക്കി !!

തുടക്കത്തിൽ ചാമ്പ്യന്മാർ മെക്സിക്കോയുടെ കളി കണ്ട് അമ്പരന്നുപോയി. ഇരുപതു മിനിറ്റോളം അവരുടെ ഫോർവേഡുകൾ ബ്രസീലിന്റെ പ്രതിരോധഭടന്മാരെ കബളിപ്പിച്ചുകൊണ്ട് ഒന്നുരണ്ടു ക്രോസ്സ്ഷോട്ടുകൾ പായിച്ചു. ഭാഗ്യത്തിന് ഒന്നും ഗോളായില്ല എന്നുമാത്രം. അത്രയും നേരം ബ്രസീലുകാർ വെറും കാഴ്ചക്കാരായിമാറി. പതിയെപ്പതിയെ ബ്രസീൽ സാംബാതാളത്തിലേക്ക് തിരികെവന്നു. ഇരുപത്തഞ്ചാം മിനിറ്റിൽ ബ്രസീലിന്റെ ഫോർവേഡുകൾ മെക്സിക്കോയുടെ ഗോൾ ഏരിയായിൽ നടത്തിയ അതിശക്തമായ ആക്രമണത്തിൽ ഗോൾ വീഴാതെപോയത് ഭാഗ്യക്കേടുകൊണ്ടുമാത്രം. വീണ്ടും മുപ്പത്തിരണ്ടാം മിനിറ്റിൽ രണ്ടു തകർപ്പനടികൾ മെക്സിക്കോയുടെ ഗോളി അദ്‌ഭുതകരമായി രക്ഷപ്പെടുത്തി. അതോടെ മെക്സിക്കോ പരുക്കനടവുകൾ പുറത്തെടുത്തുതുടങ്ങി. നെയ്മറെ പല പ്രാവശ്യം ഫൗൾ ചെയ്തു. ഇടവേളവരെ ആരും ഗോളടിച്ചില്ല

നാൽപ്പത്തേഴാം മിനിറ്റിൽ കുടീന്യോ ഒരു തകർപ്പൻ ഗ്രൗണ്ട് ഷോട്ട് പായിച്ചെങ്കിലും മെക്സിക്കോയുടെ ഗോളി അതു നിഷ്ഫലമാക്കി. അമ്പതാം മിനിറ്റിൽ വില്ലിയൻ ക്രോസ്സ് ചെയ്ത പന്ത് നെയ്മർ പോസ്റ്റിലേക്കു വീണുകൊണ്ട് ഗോളാക്കി. അറുപതാം മിനിറ്റിൽമാത്രമാണ് ബ്രസീലിന്റെ ഗോളിയെ പരീക്ഷിക്കാൻ മെക്സിക്കോയ്ക്കായത്. തകർപ്പനടിയായിരുന്നുവെങ്കിലും ഗോളി അതു വിദഗ്ദ്ധമായി തട്ടിയകറ്റി. അറുപത്തേഴാം മിനിറ്റിൽ നെയ്മറുടെ ഒരു ഷോട്ട് മെക്സിക്കോ കളിക്കാരന്റെ കാലിൽത്തട്ടി പുറത്തേക്കു പോയി. അല്ലെങ്കിൽ അതുമൊടു ഗോളായേനേ !

ഇതിന്നിടെ ത്രോ പോയ പന്തിന്റെ കൂടെ കോർട്ടിന് വെളിയിൽ വീണുപോയ മെയ്മറെ പന്തെടുക്കാനെന്ന വ്യാജേന വന്ന മെക്സിക്കോക്കാരൻ കണങ്കാലിൽ ചവിട്ടി. വേദനകൊണ്ട് തലകുത്തിമറിഞ്ഞ നെയ്മറെക്കണ്ടിട്ടും എന്തുകൊണ്ടോ അതിനു ചെമപ്പുകാർഡ് റഫറി കാണിച്ചില്ല. തുടർന്ന് സിൽവയുടെ പള്ളയ്ക്ക് മെക്സിക്കോ കളിക്കാരൻ അവരുടെ ഗോൾ ഏരിയയുടെ അടുത്തുവച്ച് മുട്ടുകൊണ്ടിടിച്ചു. ഈ രണ്ടു ഫൗളുകളിലും സാമാന്യം നല്ല സമയം പാഴായി. എൺപത്തഞ്ചാം മിനിറ്റിൽ കുടീന്യോയെ തിരികെ വിളിച്ചു. പകരമിറങ്ങിയ കളിക്കാരൻ റോബർട്ടോ ഫിർമിനോ രണ്ടു മിനിറ്റിനുള്ളിൽ നെയ്മറുടെ ക്രോസ്സ് സ്വീകരിച്ചുകൊണ്ട് തകർപ്പനൊരു ഗോളടിച്ചു.

തൊണ്ണൂറാം മിനിറ്റിൽ വില്ലിയനെയും തിരികെ വിളിച്ചു. അടുത്ത കളിയിൽ ഇവരൊക്കെയില്ലെങ്കിൽ എങ്ങനെയാ കളിക്കുക എന്നു കോച്ച് കരുതിയിട്ടുണ്ടാവും. വീണ്ടും നെയ്മർ ഫൗളിനു വിധേയനായി. നല്ല രണ്ടു കളിക്കാർ മടങ്ങിയതോടെ ബ്രസീൽ ബസ് പാർക്ക് ചെയ്യാൻ തുടങ്ങി. മെക്സിക്കോ ഗോളടിക്കാനുള്ള ശ്രമം ഊർജ്ജിതമാക്കി, പക്ഷേ അപ്പോളേക്കും സമയം കഴിഞ്ഞിരുന്നു.

ഏഴാമത്തെ പ്രാവശ്യമാണ് ബ്രസീൽ ലോകകപ്പ് ഫുട്ബോളിന്റെ ക്വാർട്ടർഫൈനലിലെത്തുന്നത്, അവിടെ ഇനി അവരെ ബെൽജിയമോ ജപ്പാനോ എതിരിടാനുണ്ടാവും. നമുക്കു കാത്തിരിക്കാം. ബെൽജിയമാണെങ്കിൽ കളി കടുപ്പമായിരിക്കും.

കളി തുടങ്ങിയാൽ താളത്തിലെത്താൻ ബ്രസീലിനു കുറച്ചു സമയം വേണം. അതിന്നിടെ പോസ്റ്റിൽ ഗോൾ വീണാൽ കാര്യങ്ങൾ ആകെ കുഴയും. ഏതായാലും തുടക്കത്തിലെ ബാലപീഡകളൊക്കെ അവർ അതിജീവിച്ചുവെന്നു തോന്നുന്നു. പ്രതിരോധത്തിലെ പിഴവുകൾ ആവർത്തിക്കാതിരുന്നാൽ ഇത്തവണ ബ്രസീൽതന്നെ ചാമ്പ്യന്മാർ.

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.