Untitled

ഭൂട്ടാൻ കുറിപ്പുകൾ- 3

പാരോയിലെ പ്രധാനകാഴ്ച മാത്രമല്ല പ്രധാന അനുഭവം കൂടിയാണ് ടാക്സാങ് മൊണാസ്ട്രി അഥവാ ടൈഗർ നെസ്റ്റ്. നഗരത്തിൽ നിന്ന് പത്ത് കിലോമീറ്റർ അകലെ പാരോ വാലിയിൽ പതിനായിരത്തിലധികം അടി ഉയരത്തിലാണ് ഈ മൊണിസ്ട്രി സ്ഥിതി ചെയ്യുന്നത്. ബൂട്ടനീസ് ആത്മീയ ഗുരുവായ റിൻപോചെ ഒരു പെൺകടുവയുടെ പൂറത്ത് ടിബറ്റിൽ നിന്നും പറന്ന് ഈ മലനിരകളിലെത്തി ധ്യാനത്തിരുന്നു എന്നാണ് കരുതപ്പെടുന്നത്. ഇവിടെയാണ് പിന്നീട് 1692 ൽ ഇപ്പോൾ കാണുന്ന ബുദ്ധവിഹാര സമുച്ചയം നിർമ്മിക്കപ്പെടുന്നത്.

പാരോ താഴ് വരയിൽ നിന്നും കുത്തനെയുള്ള വഴുക്കുംവഴികൾ കയറിവേണം മൊണാസ്ട്രിയിൽ എത്തിച്ചേരാൻ. കുറഞ്ഞത് മൂന്നര-നാലു മണിക്കൂറെങ്കിലും കയറിയാലെ മുകളിലെത്തൂ. കയറ്റത്തിന്റെ ആയാസം കുറയ്ക്കാൻ വടികുത്തിയാണ് ഏവരും കയറുന്നത്. ബുദ്ധമത വിശ്വാസികൾക്ക് ഇതൊരു തീർത്ഥാടനം കൂടിയാണ്. കയറ്റത്തിന്റെ തുടക്കത്തിലെ രണ്ടുകിലോമീറ്റർ വേണമെങ്കിൽ പണം കൊടുത്ത് കുതിരപ്പുറത്ത് സഞ്ചരിക്കാവുന്നതാണ്. കൂടുതൽ പേരും വടികുത്തി നടന്നാണ് കയറുന്നത്. ഇടയ്ക്കിടെ മഴചാറുന്നുണ്ട്. അതിരാവിലെ കയറിയ തീർത്ഥാടകർ മലയിറങ്ങിവരുന്നുണ്ട്. കയറ്റത്തിനിടെ നെഞ്ചുവേദനയുണ്ടായുണ്ടായ ഒരാളെ നാലഞ്ചുപേർ ചേർന്ന് സ്ട്രക്ചറിൽ ചുമന്നോണ്ട് വരുന്നതുകണ്ട് ഒന്നമ്പരന്നു. ഞങ്ങൾ കയറിത്തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. യൂറോപ്പിൽ നിന്നുള്ള ടൂറിസ്റ്റുകൾക്കൊപ്പം ബംഗ്ലാദേശിൽ നിന്നും നേപ്പാളിൽ നിന്നും ഇന്ത്യയിൽ നിന്നും നിരവധി സഞ്ചാരികൾ ചുരമിറങ്ങുകയും കയറുകയും ചെയ്യുന്നുണ്ട്. മലയാളികളുടെ എണ്ണവും കുറവല്ല. ബാംഗ്ലൂര് ജോലി ചെയ്യുന്ന ജ്യോതി മോഹൻ എന്ന മലയാളി പെൺകുട്ടിയുമായി ഞങ്ങൾ കൂട്ടിലായി. കമല സുരയ്യയെ ഒാർമ്മപ്പെടുത്തുന്ന ബംഗ്ലാദേശുകാരിയോടും ചങ്ങാത്തം സ്ഥാപിച്ചു. കട്ടമലയാളം ഉച്ചത്തിൽ പറഞ്ഞുനീങ്ങുന്ന ചെറുപ്പക്കാരുമായും ഞങ്ങൾ കുശലങ്ങളും തമാശകളും പറഞ്ഞു. പലയിടങ്ങളിൽ നിന്നും ഇരുന്നും വിശ്രമിച്ചു. കുത്തിനടന്നു നടന്ന് വടിയുടെ മുന പരന്ന് ഒരു പരുവമായി. പാതിവഴിയിൽ ഒരു കഫെറ്റീരിയയുണ്ട്. ഒരു ചായക്കും മൂന്നുബിസ്കറ്റിനും 120 രൂപ. അപ്പോഴതിന് 120 അല്ല 1200 വേണലും കൊടുക്കും. അതുകൊണ്ടാണല്ലോ തിരിച്ചിറങ്ങിയപ്പോൾ ഷുഗർ ലെവൽ താണ ഞാൻ 470 രൂപ കൊടുത്ത് റെഡ്റൈസ് ബുഫെ കഴിച്ചത്.

മൊണാസ്ട്രിയിലേക്കും മറ്റും സാധനങ്ങൾ കുതിരപ്പുറത്താണ് കൊണ്ടുപോകുന്നത്. കൂട്ടത്തിൽ ഒരാളുകൂടിയുണ്ടാവും. മിക്കവാറും അതൊരു സ്ത്രീയാവും. ഭൂട്ടാനിൽ ഡ്രൈവിങ് ഒഴിച്ചുള്ള ജോലികൾ അധികവും ചെയ്യുന്നത് സ്ത്രീകളാണ്. ഭാരം ചുമന്ന് കയറ്റം കയറുന്ന കുതിരകൾക്ക് കുടിക്കാൻ പലയിടങ്ങളിൽ വെള്ളത്തൊട്ടികളുണ്ട്. മലനിരകളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളമാണ് ഇങ്ങനെ തൊട്ടികളിൽ സംഭരിക്കുന്നത്. യാതൊരു അലമ്പുമില്ലാതെ വരിവരിയായി നിന്ന് വെള്ളം കുടിയ്ക്കുന്ന കുതിരകളുടെ കാഴ്ച ശ്രദ്ധ കവരും. ചില തിരിവുകൾ എത്തുമ്പോൾ മരങ്ങൾക്കിടയിലൂടെ പർവ്വതനെറുകയിൽ പാറയുടെ പള്ളയിൽ പറ്റിയിരിക്കുന്ന മൊണാസ്ട്രി കാണാം. എത്ര കയറിയിട്ടും ആദ്യമൊക്കെ ആ അഭൗമദൃശ്യം അടുക്കുന്നതായി തോന്നിയില്ലെങ്കിലും മെല്ലെ മെല്ലെ അതടുത്തുവരാൻ തുടങ്ങി. ഒടുക്കം കയറ്റത്തിന്റെ കാര്യം ഏതാണ്ട് തീരുമാനമായി. ഇനി കുത്തനെയുള്ള കുറെ ഇടുങ്ങിയ പടവുകൾ കൂടിയിറങ്ങണം. പടികൾ അറുനൂറിലധകം വരുമെന്ന് അണച്ചുകൊണ്ട് സഹയാത്രികരിലാരോ പറയുന്നുണ്ട്. പടിയിറക്കം കഴിഞ്ഞു. ഇനി കുറച്ചുപടികൾ കയറാനും കൂടിയുണ്ട്. ഇവിടം രണ്ടു മലഞ്ചെരിവുകളെ ബന്ധിപ്പിക്കുന്ന ഒരുപാലം പോലെയാണ്. ഈ ഭാഗത്തേക്ക് ഒരുപാട് ഉയരത്തിൽ നിന്ന് മെലിഞ്ഞൊരു ജലപാതം തുള്ളിച്ചിതറി വീഴുന്നുണ്ട്. അത് അന്തരീക്ഷത്തിൽ കലർത്തുന്ന ഈർപ്പം വെയിലിനോടിണ ചേർന്ന് ആകാശത്ത് മഴവില്ല് തീർക്കുന്നുണ്ട്.

അവശേഷിച്ച പടികൾ കൂടി കൈവരിയിൽ ദുർബലമായി പിടിച്ചുപിടച്ചു ഒരുവിധം കയറിപ്പറ്റി. മൊണാസട്രിക്ക് താഴെ തളർന്ന് കുത്തിയിരുന്നു. മൊണാസ്ട്രിയുടെ ഉള്ളിൽ കയറാൻ 500 രൂപയുടെ പാസ്സെടുക്കണം. ചെരുപ്പുകൾ അഴിക്കണം. ഞങ്ങൾ ഉള്ളിലേക്ക് കയറി. നൂറ്റാണ്ടുകളുടെ അജ്ഞാത ഗന്ധത്തോടൊപ്പം കരിങ്കൽ പാളികളിൽ അടിഞ്ഞുകിടന്ന തണുപ്പ് കാൽവെള്ള അരിച്ച് ഉടലിലേക്ക് പൊടുന്നനെ വളർന്നുകയറാൻ തുടങ്ങി. നിരവധി ചെറുതും വലുതുമായ വിഹാരങ്ങളുടെ ഒരു സമുച്ചയമാണ് മൊണൊസ്ട്രി. ബുദ്ധഭഗവാന്റെയും റിൻപോചയുടെയും മറ്റുപല ഗുരുക്കന്മാരുടെയും പുരാതന പ്രതിമകളും ചിത്രങ്ങളും കത്തിച്ചുവെച്ച ചെരാതുകൾക്ക് പിന്നിൽ അതിനുള്ളിൽ അലങ്കരിച്ചു വെച്ചിരുന്നു. ചുവരുകൾ നിറയെ ശ്രീബുദ്ധ ചരിതം വിളിച്ചോതുന്ന മ്യൂറൽ സ്വഭാവമുള്ള ടാങ്കാ പെയിന്റിംഗുകളാണ്. കൈകൂപ്പണോ തൊട്ടുനോക്കണോ എന്തുചെയ്യണം എന്നറിയാതെ അങ്ങനെ നിന്നുപോയി നിമിഷങ്ങളോളം. എവിടെ നിന്നാണ് ഞാൻ വരുന്നതെന്ന ഒരോർമ്മ ഉള്ളിൽനിന്നും ചിലച്ചിറങ്ങി മലനിരകളിൽ തളംകെട്ടിക്കിടക്കുന്ന മഞ്ഞുമേഘങ്ങളെ തുളച്ച് ഞാൻ ജനിച്ചുവളർന്ന നാട്ടിലേക്ക് കുതിച്ചതായി തോന്നി.

കയറ്റംപോലെ ദുർഘടമായിരുന്നില്ല ഇറക്കം. അതേതാണ്ട് രണ്ടര-മൂന്ന് മണിക്കൂറുകൊണ്ട് തീർന്നു. കാലിന്റെ മുട്ടിന് മീതെയും താഴെയുമുള്ള മസിലുകൾക്ക് നല്ലപിരിമുറുക്കവും വേദനയും. നാളെ രാവിലെ എണീക്കുമോ എന്തോ. എണീക്കണം ഭൂട്ടാൻ കാഴ്ചകൾ ഇനിയും കിടക്കുകയാണല്ലോ. ശരീരമല്ലല്ലോ മനസ്സല്ലേ പ്രധാനം. മനസ്സിന്റെ പിന്തുണയാണല്ലോ എന്നെ ഇത്രത്തോളം എത്തിച്ചത്. മനസ്സിനൊരുമ്മ…ഒരു കെട്ടിപ്പിടുത്തം.

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.