21 C
Bangalore
September 23, 2018
Untitled
bhutan M R renukumar
  • Home
  • Malayalam
  • ഭൂട്ടാൻ കുറിപ്പുകൾ- 2
Malayalam Travel

ഭൂട്ടാൻ കുറിപ്പുകൾ- 2

യാത്രകളെ കുറിച്ച് ചിന്തിക്കുന്നത് തന്നെ പലവിധത്തിൽ പലമാനങ്ങളിൽ രസകരമാണ്. അപ്പോപിന്നെ യാത്ര പോകുമ്പോഴുള്ള അവസ്ഥ പറയാനുണ്ടോ. എന്റെ അമ്മസഞ്ചരിച്ച പരമാവധിദൂരം കൊടുങ്ങല്ലൂര് വരെയാണ്. അച്ചൻ തിരുവന്തപുരം വരെ പോയിട്ടുണ്ട്. ചേച്ചിയെ പരീക്ഷ എഴുതിക്കാൻ കൊണ്ടുപോയതാണ്. അമ്മയുടെയും അച്ചന്റെയും മാതാപിതാക്കൾ അവർ ജനിച്ച ജില്ലവിട്ട് പുറത്തുപോയിട്ടുണ്ടോ എന്ന്സംശയമാണ്. തീർച്ചയായും ഉണ്ടാവില്ല. എന്റെ സഞ്ചാരവും അത്ര വിപുലമായിരുന്നില്ല. കോളജ് കാലത്തും പിന്നെ അടുത്തെയിടെയും മാത്രമാണ് സംസ്ഥാനം വിട്ടുള്ള യാത്രകൾ ഉണ്ടായത്. അങ്ങനെയുള്ള ഞാനാണ് ഭൂട്ടാൻ വരെ പോയത്. അതുമൊരു സഞ്ചാരിയായി. കൊള്ളാമല്ലേ. സംസ്ഥാനവും ജില്ലയും എന്തിന് ജനിച്ചുവളർന്ന ഇട്ടാവട്ടം വിട്ട് എവിടെയും പോകാത്ത അപ്പനമ്മമാരോടാണ് ചോദ്യം.

ഭൂട്ടാൻ യാത്രയിലേക്ക് വരാം. പെർമിറ്റും പുതിയസിമ്മും കിട്ടയതോടെ ഭൂട്ടാനതിർത്തിയിൽ നിന്ന് ഉള്ളിലേക്ക് ഞങ്ങൾ യാത്ര തിരിച്ചു. പാരോയിലേക്ക് നാലു ദിവസത്തേക്ക് വാടകയ്ക്കെടുത്ത കാറിലാണ് യാത്ര. രണ്ടുദിവസം പാരോ. രണ്ടുദിവസം തിംഫൂ. അതാണ് പ്ലാൻ. ഇവിടങ്ങളിലേക്ക് ചെറിയ ബസുകൾ പോകുന്നുണ്ടെങ്കിലും പല സൗകര്യങ്ങൾക്കും കാറായിരുന്നു മെച്ചം. തണുപ്പിലുടെ കോടമഞ്ഞിലൂടെ വളഞ്ഞും പുളഞ്ഞുമുള്ള യാത്രവളരെ ത്രില്ലിംഗ് ആയിരിക്കുമ്പോൾ തന്നെ ഭയപ്പെടുത്തുന്നതുകൂടിയാണ്. ചില തിരിവുകളിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ അടുത്ത തിരിവിൽ പുകമഞ്ഞിന്റെ കളിയായിരിക്കും. മറ്റൊരുതിരിവിൽ ചാറ്റൽ മഴയായിരിക്കും. കിലോമീറ്ററുകൾ താണ്ടുമ്പോഴാണ് എതിരെയൊരു വണ്ടിവരുക. വഴിവക്കിൽ പച്ചക്കറിയോ പഴങ്ങളോ പാലോ വിൽക്കാനിരിക്കുന്നവരെയും കാണാം. വല്ലപ്പോഴുമൊക്ക ചില റെസ്റ്റോറന്റുകൾ മഞ്ഞിൽ കലർന്ന് കാണാം. അതിലൊന്നിന്റെ മുന്നിൽ വണ്ടി നിർത്തി, പാറിവീഴുന്ന ചാറ്റൽ മഴയിലൂടോടി ഉള്ളിൽ കയറി. വിവിധ രുചിയിലും മണത്തിലും ചുട്സൂപ്പ് റെഡി. അതിലേറെ ചൂട് പകരുന്ന പാനീയങ്ങൾ അലമാരയിൽ നിറഞ്ഞിരിപ്പുണ്ട്. അത്യാവശ്യക്കാർക്ക് അതീന്നും ഓരോന്ന് വീശാവുന്നതാണ്.

മണിക്കൂറുകൾക്ക് ശേഷം പിന്നെയും വണ്ടിനിർത്തി. നോക്കെത്താത്ത അഗാധതയിലേക്ക് കൂപ്പുകുത്തുന്ന കാഴ്ചകൾ. തലയ്ക്ക് മുകളിലേക്ക് നോക്കിമാത്രം കണ്ടിരുന്ന മേഘങ്ങളെ തിരച്ഛീനമായി കാണുന്നു. ചിലവയെ കാണണമെങ്കിൽ താഴേക്കുതന്നെ നോക്കണം. മേഘഷാളുകൾ പുതച്ച മലനിരകൾ. അവയിലേക്ക് ഇടയ്ക്കിടെ കുഴഞ്ഞുവീഴുന്ന അല്പായുസായ വെയിലുകൾ. കുറച്ചുകൂടെ സഞ്ചരിച്ചപ്പോൾ വളെരെ താഴെയായി ഒരുപുഴയൊഴുകുന്നതു കണ്ടു. അതിന്റെ ഇര കരയിലായി രണ്ടുവീടുകളും. അവയെ ബന്ധിപ്പിച്ചുകൊണ്ട് കമ്പികെട്ടിയുണ്ടാക്കിയ ഒരുതൂക്കുപാലവും. അടുത്തായി വിഹാരങ്ങളും കാണാം. ഒരു ലാമ പണ്ടുകാലത്ത് തനിച്ചു നിർമ്മിച്ചതാണത്രെ ആ തൂക്കുപാലം. ഞങ്ങൾ പിന്നെയും യാത്ര തുടർന്നു. ഏഴുമണിക്കൂർ നീണ്ടയാത്ര പാരോയിലെത്തിയപ്പോൾ നേരം നന്നായി ഇരുട്ടിയിരുന്നു, തണുപ്പുമേറിയിരുന്നു. ഈ തണുപ്പിൽ ആരും കഴിച്ചുപോകും രണ്ടു പെഗ്ഗ്… പിന്നല്ലാതെ.

Related posts