21 C
Bangalore
September 23, 2018
Untitled
  • Home
  • Travel
  • ഭൂട്ടാൻ കുറിപ്പുകൾ- 1
Malayalam Travel

ഭൂട്ടാൻ കുറിപ്പുകൾ- 1

ഏപ്രിൽ മുപ്പതാം തിയതി പാതിരാത്രി നീണ്ടൂരൂനിന്ന് തുടങ്ങിയ ഭൂട്ടാൻ യാത്ര മെയ് ഒമ്പതാം തിയതി രാവിലെ എട്ടുമണിക്ക് കടുത്തുരുത്തിയിൽ അവസാനിച്ചു. എന്നെക്കൂടാതെ Tom Mathew, Yesudas Pm, S Hareesh Hareesh, എം.ടി ജയലാൽ, എന്നിവരുമുണ്ടായിരുന്നു സംഘത്തിൽ. കൊച്ചിയിലേക്ക് കാർ, പിന്നെ ബാംഗ്ലൂർ വഴി കൊൽക്കത്ത വരെ ഫ്ലൈറ്റ്, തുടർന്ന് ഹാസിമാരയിലേക്ക് ട്രെയിൻ, കാറിൽ ഭൂട്ടാൻ അതിർത്തിയിലേക്ക് പിന്നെയും ഒരിരുപത് കിലോമീറ്റർ. അതിർത്തി ഇന്ത്യക്ക് ജയ്ഗാവോൺ ആണെങ്കിൽ ഭൂട്ടാന് ഫോണ്ട്ഷിലിങ് ആണ്. പിന്നെ ഭൂട്ടാനിൽ നാലുദിവസങ്ങൾക്കിടയിൽ 530 കിലോമീറ്റർ കാർയാത്ര. പാരോ, തിംഫൂ എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങൾ മുൻകൂർ പ്ലാനൊന്നുമില്ലാതെ കണ്ടുനടന്നു. അതെ റൂട്ടിൽ മടക്കയാത്ര. ബാംഗ്ലൂരിന് പകരം ഹൈദരാബാദിൽ കാൽതൊട്ട് പറന്നു. യാത്രാമധ്യേ ഒരുപകൽ കൊൽക്കത്തയിലെ ന്യൂ മാർക്കറ്റിൽ കറങ്ങി.

ഭൂട്ടാൻ യാത്രയുമായി ബന്ധപ്പെട്ട് ചില കുറിപ്പുകൾ എഴുതാമെന്ന് കരുതുകയാണ്. ഒരു സന്തോഷത്തിന്. വലിയ സഞ്ചാരികൾക്കും, ഭൂട്ടാനിൽ മുമ്പ് പോയിട്ടുള്ളവർക്കും, അവിടെ അധ്യാപകരായി ജോലിചെയ്തിട്ടുള്ളവർക്കും, ഭൂട്ടാന്റെ ചരിത്രവും സംസ്കാരവും മറ്റും നന്നായി അറിയുന്നവർക്കും കേരളത്തിൽ പഞ്ഞമില്ല എന്നറിയാം. അവർ ക്ഷമിക്കുമല്ലോ.

അപേക്ഷ പൂരിപ്പിച്ച് ഫോട്ടോയും ഒട്ടിച്ച് ഒപ്പം പാസ്പോർട്ടിന്റെയോ ഇലക്ടറൽ കാർഡിന്റെയോ ഒരുകോപ്പികൂടെ കൊടുത്താൽ പാരോ, തിംഫൂ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാൻ ഏഴുദിവസത്തെ അനുമതി ലഭിക്കുന്നതാണ്. പെർമിറ്റിന്റെ കോപ്പികൊടുത്താൽ ‘താഷിസെൽ’ നമുക്ക് ടൂറിസ്റ്റ് സിംകാർഡും തരും. മറ്റിടങ്ങളിലേക്ക് പോകണമെങ്കിൽ അധിക പെർമിറ്റ് തുടർന്ന് എടുക്കേണ്ടതാണ്. ഭൂട്ടാന്റെ ഒരുമൂല പോയി കണ്ടിട്ട് എഴുതുന്നവയായി ഈ കുറിപ്പുകളെ കണ്ടാൽ മതി. ഭൂട്ടാനെയും അവിടുത്തെ ജനങ്ങളെയും പ്രകൃതിയും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ഭൂട്ടാനെ കുറിച്ച് എന്തുപറഞ്ഞാലും അത് ഇന്ത്യയെ വിമർശിക്കുന്ന/ഇകഴ്ത്തുന്നതായെ തോന്നൂ. അതുകൊണ്ടൊരു താരതമ്യത്തിന് മുതിരുന്നില്ല. ജാതിവ്യവസ്ഥയും ജനപ്പെരുപ്പവും ലിംഗവിവേചനവും (ഇന്ത്യയിലേതുപോലെ) ഇല്ലാത്തതാവാം ലോകത്ത് ആളോഹരി ആനന്ദത്തിന്റെ കാര്യത്തിന്റെ ഭൂട്ടാൻ ജനത ലോകത്തിന്റെ നെറുകയിൽ നിൽക്കുന്നത്. ‘ജനാധിപത്യ’ത്തിലെ രാജഭരണം കൊണ്ട് പൊറുതിമുട്ടിയ നമുക്ക് ‘രാജഭരണ’ത്തിലെ ജനാധിപത്യം കണ്ട് നെടുവീർപ്പിടാനല്ലേ പറ്റൂ.

ഭൂട്ടാന് പെട്രോൾ കൊടുക്കുന്നത് ഇന്ത്യയാണെങ്കിലും ഭൂട്ടാനത് ജനങ്ങൾക്ക് കൊടുക്കുന്നത് 60 രൂപയ്ക്കാണ്. അതിർത്തിയോടടുത്തുള്ള ഇന്ത്യക്കാർക്ക് ഭൂട്ടാനിൽ പോയി ലാഭകരമായി ‘പെട്രോളാ’വുന്നതാണ്. ശാന്തിക്കും സമാധാനത്തിനും സന്തോഷത്തിനും എന്നപോല മദ്യത്തിനും ഇന്നാട്ടിൽ യാതൊരു പഞ്ഞവുമില്ല. അതിവിടെ മിക്കവാറും എല്ലാകടകളിലും കുറഞ്ഞ വിലയിൽ കിട്ടും. എന്നിരുന്നാലും മദ്യം വിൽക്കുന്ന കടയുടെ പരിസരത്തോ വഴിയിലോ എന്തിന് രാജ്യത്തൊരിടത്തും ഒരൊറ്റ ‘പാമ്പി’നെ പോലും നമുക്ക് കാണാനാവില്ല. റമ്മിനോട് ഭൂട്ടാൻകാർക്ക് തീരെ താൽപ്പര്യമില്ല. വിസ്കിയാണ് പ്രിയമെന്ന് തോന്നുന്നു. ഏറ്റവും മുന്തിയ K5 വിസ്കിക്ക് 850 രൂപ മാത്രം. DRUK 11000 എന്ന ബിയർ എതാണ്ട് ദേശീയ പാനീയം പോലെയാണ്. ബോട്ടിലിന് 80 രൂപ മാത്രം. (ഡ്രൂക്ക് എന്നാൽ ഡ്രാഗൺ, പോപ്പുലർ ബ്രാൻഡ് നെയിമായി പല ഉൽപ്പന്നങ്ങളിലും ഇതുകാണാം). അറ/അര എന്ന സ്വയമ്പൻ വാറ്റും സുലഭം. ഇന്ത്യയിലെയും ഭൂട്ടാനിലെയും കറൻസിക്ക് തുല്യമൂല്യമാണ്. രൂപ കൊടുത്ത് എന്തേലും വാങ്ങിയാൽ ബാലൻസ് ഭൂട്ടാൻ കറൻസിയിലും(Ngultrum) രൂപയിലും തന്നോളും. ഭൂട്ടനീസ് നോൾട്രം അടിയ്ക്കുന്നത് സ്വിറ്റ്സർലാന്റിലാണത്രേ. നമ്മുക്ക് Rs ആണെങ്കിൽ അവർക്ക് Nu ആണ്.

ഭൂട്ടാൻ യാത്രയുമായി ബന്ധപ്പെട്ട് കുറച്ച് ചെറിയ കുറിപ്പുകൾ ഫോട്ടോകളുടെയും വീഡിയോകളുടെയും അകമ്പടിയോടെ എഴുതാമെന്നാണ് കരുതുന്നത്.

Related posts