ഭാഷയൊരു കാലമാണ്

ഹൃദയത്തില്‍ നിന്ന്
വിരലില്‍ത്തുമ്പിലേക്കും
എഴുത്തുപ്രതലത്തിലെ മഷിപുരണ്ട്,
മനസ്സുകളില്‍ നിന്ന്
ഹൃദയത്തിലേക്കും ഒഴുകി
പ്യൂപ്പയ്ക്കുള്ളിലെ
പുഴുവിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന
അപൂര്‍വ്വതയാണ്.

പെറ്റുവീണ കുഞ്ഞിന്‍റെ
ചുണ്ടിലൂറിയ ചിരിയില്‍ നിന്നും
അമ്മക്കണ്ണുകളൂറ്റിയെടുത്ത
ലിപിയില്ലാത്ത കൗതുകമാണ്.

വാക്കുകളുടെ വ്യതിയാനങ്ങളില്‍
മുറിവേറ്റ്
ചോരമണമുള്ള ചിന്തകളാല്‍
വള്ളിയും പുള്ളിയും വാരിപ്പിടിച്ച്
നിലവിളിക്കുന്നവന്‍റെ വീടാണ്.

മഴയും വെയിലും
ഒന്നിച്ചിറങ്ങിവരുന്ന ആനന്ദത്തിന്‍റെ
ഋതുഭേദങ്ങളില്‍
പ്രണയത്തിന്‍റെ അപ്പക്കഷണങ്ങളും
വിപ്ളവത്തിന്‍റെ നിറങ്ങളുങ്ങളുമേന്തി
ആര്‍ത്തലച്ചുവരുന്ന
പൂമ്പാറ്റകളുടെ നഗരമാണ്.

മഞ്ഞും മഴമൂടലും കഴിഞ്ഞ്
കാലുപൊള്ളിയ വേനലിന്‍റെ
വിണ്ടമാറിടത്തിലേക്ക്
മുളച്ചുപൊന്തുന്ന തൊട്ടാവാടിത്തളിരുകളാണ്.

വിശന്നുതളര്‍ന്നവന്‍റെ
വീട്ടിലേക്ക്,
വിരുന്നെത്തുന്ന
വിയര്‍പ്പുതുള്ളികളുടെ ഭാണ്ഡമാണ്.

എന്നിട്ടും
മരിച്ചുവീണവന്‍റെ
കുപ്പായക്കീശയില്‍
ചുരുട്ടിവെച്ചിരുന്ന
ആത്മഹത്യാക്കുറിപ്പിനെയാണ്
ഏറ്റവും മികച്ച കവിതയെന്ന്
കാലം നമ്മളെക്കൊണ്ട് എഴുതിച്ചത്..

Saji Kalyani
Writer and poet in malayalam

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.