ഉടല്‍;
ഒരിടത്തുറച്ചുപോയത്.
പച്ചയിലും
പഴുത്തും
കാറ്റത്തൊടിഞ്ഞും
നിറഞ്ഞു പൂത്തും, കായ്ച്ചും
കൊഴിഞ്ഞുവീണും
മഴനനഞ്ഞും
വെയിലേറ്റ് പൊള്ളിയും
മഞ്ഞില്‍ കുതിര്‍ന്നും
ആകാശം മുട്ടെ വളരും
പിന്നെ,
ഒരുനാള്‍
മുറിഞ്ഞുവീഴും.

വേര്;
ഉടല്‍ഞരമ്പിലേക്ക്
ജലം തിരഞ്ഞ്,
ഉറവതുരന്ന്,
പൊടുന്നനെ വഴിതെറ്റി
മണ്ണിനുമീതെ പൊങ്ങി
തടിച്ചുവീര്‍ത്ത്
പിന്നെ, നേര്‍ത്തുനേര്‍ത്ത്
ഒരേ യാത്രകള്‍.
മണ്ണിനടിയിലെ സഞ്ചാരി.
ചിലപ്പോള്‍ വഴിതെറ്റി,
കല്ലുറപ്പില്‍ ചുരുണ്ട്, തിരിഞ്ഞോടി
നനവുതേടിയങ്ങനെ……..
ഉടല്‍മുറിഞ്ഞാലും
ചിതലിറങ്ങിത്തൊടും വരെ
നേര്‍ത്ത പച്ചയിലങ്ങനെ
നീണ്ടുനീണ്ട് പിന്നെയും
ജീവന്‍റെ ഉറവിടം തിരയും.

വിത്ത്;
വേരില്‍ വളരും
കമ്പില്‍ തളിര്‍ക്കും
പഴുത്തുണങ്ങി മണ്ണിലും
പാറിപ്പാറി,
പറമ്പിലും മുളയ്ക്കും.
കാറ്റിനൊപ്പം കളിച്ചു തളര്‍ന്ന്
പരിചയമില്ലാത്ത നാട്ടിലെത്തും.
വളര്‍ത്തിയ
ഉടലിനെ മറക്കും
ജീവന്‍തന്ന വേരിനേയും.

ചില പൊട്ടിത്തെറിയിലവസാനിക്കുന്ന
ബന്ധങ്ങള്‍.!

Saji Kalyani
Writer and poet in malayalam

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.