അവതാരിക (foreword), മുഖവുര (preface), ആമുഖം (introduction) എന്നിവ ഗ്രന്ഥസംവിധാനത്തിലെ അവിഭാജ്യ ഘടകമാണ്. അതിൽ വേറിട്ട് നിൽക്കുന്ന ഒന്നാണ് അവതാരിക.
സുകുമാർ അഴീക്കോടിനെപ്പോലെ ഇത്രയേറെ അവതാരികകൾ എഴുതിയ മറ്റൊരാൾ ഭാരതീയഭാഷകളിൽ എന്നല്ല, ലോകഭാഷകളിൽ തന്നെ ഉണ്ടാവില്ല. അവതാരികയെ ഒരു സാഹിത്യപ്രസ്ഥാനമായി കണക്കാക്കാൻ കഴിയുമെന്ന് അഴീക്കോട് തെളിയിച്ചു. നവീനമായ നിരീക്ഷണങ്ങൾ കൊണ്ടും സമ്പന്നമായ ആശയങ്ങൾകൊണ്ടും ആഴമേറിയ അപഗ്രഥനം കൊണ്ടും സ്വതന്ത്രമായ അഭിപ്രായങ്ങൾ കൊണ്ടും വ്യതിരിക്തമാണ് അഴീക്കോടിന്റെ അവതാരികകൾ. എഴുത്തുകാർക്ക് അദ്ദേഹത്തിന്റെ അവതാരികകൾ ഒരനുഗ്രഹവും അംഗീകാരവുമായിരുന്നു. ചില ഗ്രന്തങ്ങൾക്കു അഴീക്കോടിന്റെ അവതാരിക ഒരാനച്ചന്തമായിരുന്നു.
ഇരുപത്തിയേഴാം വയസ്സിൽ അദ്ദേഹം ആദ്യ അവതാരിക എഴുതി (കെ കെ പൊതുവാൾ എഴുതിയ ‘നിലാവൊളി ‘ എന്ന കാവ്യസമാഹാരത്തിനു തുടർന്നു പി കുഞ്ഞിരാമൻ നായരുടെ ‘അന്തിത്തിരി ‘ എന്ന ഗ്രന്ഥത്തിനും ). ഏറ്റവും ഒടുവിൽ എഴുതിയത് ‘മലയാള സാഹിത്യചരിത്രം എഴുതപ്പെടാത്ത ഏടുകൾ ‘ എന്ന ഗ്രന്ഥത്തിനും.
അഴീക്കോടിന്റെ അവതാരികകളിലൂടെ കടന്നുപോകുമ്പോൾ കൗതുകകരമായ ചില കാര്യങ്ങളും കാണാൻ കഴിയുന്നു. അദ്ദേഹം അവതാരിക എഴുതിയ ഗ്രന്ഥങ്ങൾ ബാലസാഹിത്യം മുതൽ ഡിറ്റക്റ്റീവ് നോവൽ വരെ മാത്രമല്ല, വേദശാസ്ത്രം മുതൽ പത്രപ്രവർത്തനം വരെ ഉൾപ്പെടും. അങ്ങിനെ പറഞ്ഞാലും മതിയാകില്ല, അദ്ദേഹം അവതാരിക എഴുതാത്ത വിഷയങ്ങളില്ല. തന്റെ അറിവും അഭിരുചിയും സാഹിത്യത്തിലും കലയിലും മാത്രമല്ല, മനുഷ്യൻ വ്യാപരിക്കുന്ന എല്ലാ തലങ്ങളിലും ഉണ്ടെന്നു തെളിയിക്കുന്നതാണ്. തന്റെ ഗുരുക്കളുടെ പുസ്തകങ്ങൾക്കുപോലും അവതാരിക എഴുതിക്കൊടുത്തിട്ടുണ്ട്.
ശരിക്കും ഒരു മഹാനായ എഴുത്തുകാരൻ.