25 C
Bangalore
December 17, 2018
Untitled

അയ്യപ്പന്‍റെ അമ്പ്

A Ayyappan

ദുഖം അതിന്‍റെ പാനപാത്രം എനിക്ക് നീട്ടിത്തന്നു
മട്ടുപോലും ബാക്കിയാക്കാതെ
മരണം വരെ ഞാനത് കുടിച്ചു തീര്‍ത്തു .
ഗ്രീഷ്മമായിരുന്നു
എന്‍റെ ജീവിതത്തിന്‍റെ ഋതു
ഇടയ്ക്കൊരു മഴയോ മഞ്ഞോ
വസന്തത്തിന്‍റെ അവസാന പൂവിതളോ
കവിത എനിക്ക് എറിഞ്ഞു തന്നു .
ഒരു യാചകന്‍റെ
ഏറ്റവും വലിയ ആനന്ദം കൊണ്ട്
അതെന്നെ സന്ദര്‍ശിച്ചു .
ഞാനോ ,
പ്രണയം കൊണ്ട് തീപ്പെട്ട ഒരു
കാട്ടുപുല്ലിന്‍റെ ഗന്ധവുമായി
ഓരോ കാറ്റിലും അലഞ്ഞു നടന്നു ,
അതിന്‍റെ ഓരോ ബോഗികളിലും
വാക്കുകളുടെ വയറ്റത്തടിച്ച്
കവിതകൊണ്ട് നിലവിളിച്ച് കയറിയിറങ്ങി .

വിണ്ട വയലുപോലെ
ജീവിതം ഇടയ്ക്കിടെ അതിന്‍റെ
വാ പിളര്‍ന്നു
ഞാനെന്നെ പിഴിഞ്ഞ് അതിനു
കുടിക്കുവാന്‍ കൊടുത്തു .
സ്വയം ദാഹം ശമിപ്പിക്കുവാന്‍ പരാജയപ്പെട്ട
ഒരുവന്‍റെ ദാനധര്‍മ്മത്തെ
നിങ്ങളുടെ ചിരിയുടെ അയയിലേക്കിട്ടു ഞാന്‍
എന്‍റെ മരണത്തില്‍ ഉണങ്ങിക്കിടക്കുന്നു .
എന്നെ കവച്ചു പറന്നു പോകുന്ന
ഒരു വേട്ടാളന്‍റെ വായിലെ കുഴഞ്ഞ മണ്ണില്‍
ഇപ്പോള്‍
എനിക്കെന്നെ മണക്കുന്നു .
(2)
ഗ്രീഷ്മ കവിത ഭക്ഷിക്കുന്നവരെ ,
എന്‍റെ മതവും ദൈവവും ഭക്തനും
ഞാന്‍ തന്നെയായിരിക്കുന്ന ഒരു രാജ്യത്തെക്കാണ്
നിങ്ങൾ വിരുന്നു വന്നിരിക്കുന്നത് എന്നറിയുക .

മധുരമുള്ള പ്രസാദമോ തീർഥമോ
പുണ്യപുഷ്പങ്ങളോ ഇല്ല
ഓർമ്മകളുടെ നെറ്റിയിൽ തൊടാൻ
രക്തചന്ദനം പോലൊരുവൻ നൊന്തരഞ്ഞതിൻ
നേർത്ത ചൂട് തൊട്ടുതരാം ,
ജീവിതം തിളച്ചതിൽ നിന്നൊരു കയിൽ
രുചിയറിയാത്ത വാക്കുകൾ തരാം .
പൂജാരിയും വിഗ്രഹവും ഒരാൾ തന്നെയായ
ഒരു കാട്ടുപ്രതിഷ്ഠ കണ്ടു
മുഷിഞ്ഞൊരു ആലിംഗനവും സ്വീകരിച്ചു
നിങ്ങള്‍ക്കുമീ വഴി കടന്നു പോകാം.

ഉന്മാദം കൊണ്ട് അമ്മാനമാടുന്ന ഒരു
ദൈവത്തിന്‍റെ വാക്കുകൾ ഞാനിതാ
ചുറ്റും വിതറിയിട്ടിരിക്കുന്നു
വെയിലുകൾ കൊണ്ട്
അഭിഷേകം മുടങ്ങാത്തവന്
നിങ്ങളുടെ പ്രാർത്ഥന
രക്തപുഷ്പങ്ങളായി കണ്ടു നില്ക്കുവാനേ കഴിയൂ.
ഒരഞ്ചു രൂപയോ ഇത്തിരി ലഹരിയോ
ധര്‍മ്മം തരിക .

കവിതയുടെ ദൈവത്തിന്‍റെ തെരുവിലെ
ചെരുപ്പുകുത്തിയായി ഞാനിതാ
നിങ്ങളുടെ കാല്‍ച്ചുവട്ടിലിരിക്കുന്നു ,
ദൈവത്തിന്‍റെ വിശപ്പിന്‍റെ ഭിക്ഷയിലേയ്ക്ക്
നിങ്ങളുടെയാ പാദുകം ഊരിവക്കുക ,
അയ്യപ്പന്‍റെ കവിതയിലെ അമ്പ് കൊള്ളുക
ചെമ്പരത്തിക്കാടുപ്പൂത്തോരാ ഗ്രീഷ്മത്തിന്‍റെ
മുറിവായിലൊരുവന്‍ തന്‍റെ
കവിതയിറ്റിക്കുന്നത് കേള്‍ക്കുക !

Related posts

1 comment

Sreejith Pulickil
Sreejith Pulickil October 21, 2018 at 1:21 pm

എനിക്കേറ്റവും പ്രിയപ്പെട്ട കവി ഹൃദയത്തിന്റെ സ്ഥാനത്തു പൂവുള്ളവൻ …. കൈമടക്കിൽ മരണത്തിനുള്ള അവസാന കവിത എഴുതി വച്ച് യാത്രപോയവൻ ഏതു ലഹരിയിലും നിഷ്ക്കളങ്കമായി ചിരിക്കാനറിയുന്നവൻ …അയ്യപ്പൻ എന്നകവി എഴുതി വച്ചതു ജീവിതം കൊട് ഒരു കവിത തന്നെ ആയിരുന്നു…അത് ഏറ്റവും പ്രിയപ്പെട്ട ചേച്ചിയുടെ തൂലികയിലൂടെ ഓർത്തത്തെടുക്കാനായതിൽ അഭിമാനം .. സന്തോഷം ……great work chechi..

Reply

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: