22 C
Bangalore
October 14, 2018
Untitled

അവശിഷ്ടങ്ങള്‍

ഒറ്റയ്ക്കൊരാള്‍
നടന്നുപോവുമ്പോഴാണ്
ചുട്ടുപൊള്ളുന്ന വെയിലില്‍
വലിച്ചുകെട്ടിയ ശീലയ്ക്കുതാഴെ
മണ്‍പാത്ര വില്പനക്കാരിയെ കണ്ടത്.

കണ്ണില്‍ ചെമ്മണ്ണിന്‍റെ നിറം.
കുപ്പായമിടാത്തൊരു കുട്ടി,
ഉടഞ്ഞ ചട്ടിയില്‍ ചിത്രം വരയ്ക്കുമ്പോള്‍
മണ്‍കുടത്തിലെ
വെയില്‍ വിയര്‍ത്തുപൊന്തുന്നു.

മഞ്ഞനിറമുള്ളൊരു ബസ്സ്
കുഞ്ഞിന്‍റെ മടിയിലേക്ക്
മിഠായിപ്പൊതികള്‍ പറത്തിയിട്ട്
ഓര്‍മ്മകള്‍ പുതുക്കുന്നു.

കമഴ്ത്തിവെച്ച പാത്രങ്ങളില്‍
കൊട്ടിക്കയറുന്ന അമ്മവിരലിന്
അരിതിളപ്പിന്‍റെ മേളം.
വിയര്‍ത്ത വിരല്‍മടക്കുകള്‍ പതിഞ്ഞ്
ചട്ടിയൊരു മഴമേഘമാവുന്നു.
വിശന്നുപൊള്ളിയ കുഞ്ഞ്
ഉപ്പുമഴനനഞ്ഞ്
അമ്മവീടിന്‍റെ മേല്‍ക്കൂരയാവുന്നു.

രണ്ടു കാലങ്ങളിലിരുന്ന് നനഞ്ഞ
അതേവീടിന്‍റെ
വരാന്തയിലിരുന്ന്
ഉടഞ്ഞചട്ടിയില്‍പ്പതിഞ്ഞ
വിരലിനു താഴെ
മുറിഞ്ഞ ഇന്ത്യയുടെ
ഭൂപടത്തില്‍ സൂക്ഷിച്ച
തകര്‍ന്ന പാത്രങ്ങളുടെ
നുറുങ്ങുശേഖരങ്ങളുണ്ടായിരുന്നു.

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.