25 C
Bangalore
December 17, 2018
Untitled

അവൾ രാധ

aval radha -shyni john

ഞാനിപ്പോൾ നിറയെ മുല്ലവള്ളികൾ പടർന്നു കയറിയ വള്ളിക്കുടിലിനകത്ത് നിന്നെയും കാത്തിരിക്കുകയാണ് കൃഷ്ണാ.
എന്റെ ഹൃദയം നിന്നെയോർത്ത് തുടിച്ചു മിടിക്കുന്നു
നിനക്കിനിയും എന്റെ അരികിലെത്താനായില്ലേ എന്ന് ഞാൻ നെടുവീർപ്പുതിർക്കുന്നു.
സന്ധ്യാരാഗം ആകാശകോണിൽ തട്ടി കുടഞ്ഞിട്ട കുങ്കുമ ചുവപ്പ് എനിക്കിവിടെ നിന്നാൽ കാണാം.
പാതി തേഞ്ഞ ചന്ദ്രികയിൽ നിന്നും വാർന്നു വീണ
നിലാരശ്മിയിൽ കാളിന്ദിയിലെ കരിനീലിച്ച ജലവിതാനം തിളങ്ങുന്നു.
നീയിപ്പോഴും അതിന്റെ കരയിൽ രാധയുമായി കലഹിക്കുകയാണ്.
നിന്റെ ഹൃദയം നട്ടുച്ച മുതൽ ഈ വള്ളിക്കുടിലിനകത്ത് നിന്നെ പ്രതീക്ഷിക്കുന്ന എന്നിൽ കുരുങ്ങിക്കിടക്കുകയാണല്ലോ.
രാധ
അവൾ ..
മൂവന്തിയായിട്ടും നിനക്ക് എന്നിലേക്കോ എനിക്ക് നിന്നിലേക്കോ പ്രവേശനം തടഞ്ഞു കൊണ്ട് നിന്നെ പൊതിഞ്ഞു നില്ക്കുകയാണല്ലോ.
അവളുടെ കണ്ണീർ മായാതെ നിനക്കെങ്ങനെ എന്നിലേക്ക് കടന്നു വരാൻ കഴിയും!
എനിക്ക് മനസിലാകുന്നുണ്ട് കള്ള കൃഷ്ണാ.
അവളുടെ പരിഭവം മായ്ക്കാനായി നീയവളുടെ കവിളിൽ ചുംബിക്കുന്നതും ഓടക്കുഴലിൽ ഒരു നേർത്ത പ്രണയഗീതം ഉതിർക്കുന്നതും എനിക്കിവിടെ നിന്നാൽ കാണാം.

പിന്നെ മടങ്ങിപ്പോകാൻ ആവശ്യപ്പെട്ട് നീയവളെ അതേ ഓടക്കുഴലിനാൽ മൃദുവായി പ്രഹരിക്കുന്നു.
അവൾ ചിരിച്ചു കൊണ്ട് ഒഴിഞ്ഞു മാറുന്നു.

നിന്റെ മുഖം എനിക്ക് അവ്യക്തമാണ്.
എങ്കിലും
നീ അവളോട് അമ്പാടിയിലെ പൊടിമൺ പാതയോരത്തെ കൊച്ചു വീട്ടിലേക്ക് മടങ്ങിപ്പോകാൻ കെഞ്ചു കയായിരിക്കാം.

കാണാതെ പോയ ഗോക്കളെ തേടി കാനനം മുഴുവൻ അലയേണ്ടതുണ്ടെന്ന് കളവ് പറയുകയായിരിക്കാം.
ഇവിടെ നിന്നെ തനിച്ച് വിട്ടു പോകാൻ അവൾക്കെന്നും മടിയാണ്.
എങ്കിലും
അവൾ പോകുന്നത് വരെ നിനക്ക് കാത്തു നിന്നല്ലേ പറ്റൂ.

എനിക്കറിയാം
നിന്റെ നിഴലെന്ന പോലെ പറ്റിച്ചേർന്നു നിൽക്കുന്ന രാധയെ തള്ളിമാറ്റി കടന്നു പോകാൻ മാത്രം ക്രൂരനല്ല നീ.
അവളുടെ കണ്ണുകൾ നിറച്ചിട്ട് എന്നിലേക്കൊരു യാത്ര നിനക്കൊരിക്കലും സാധ്യമാകില്ല.
അവളുടെ കത്തുന്ന രോഷത്തെ ചുംബനങ്ങളിൽ തണുപ്പിച്ചും അവളുടെ കണ്ണുകളിൽ എരിയുന്ന അഗ്നി കളി വാക്കുകൾ കൊണ്ട് കെടുത്തിയും
അവളുടെ പൊള്ളുന്ന വിഷാദം അധരത്തോളമെത്തുന്ന മന്ദഹാസമാക്കിയും മാത്രമേ നിനക്ക് വരാനാവൂ.
രാധയുടെ ചിരിക്കുന്ന മുഖം കണ്ടുവേണം നിനക്ക് എന്നിലേക്ക് എത്തിച്ചേരാൻ.

പിന്നെ..
വൈകിയതിൽ പിണക്കം നടിക്കുന്ന എന്നെ മാർത്തട്ടിൽ വലിച്ചിട്ട് മുഖം നിറയെ നീ തെരുതെരെ ഉമ്മകൾ കൊണ്ടു മൂടും.
എന്നിട്ട് നക്ഷത്ര മുല്ലകൾ പൂത്ത വള്ളിപ്പടർപ്പിൻമേൽ ചായ്ച്ചു കിടത്തി വന്യമായും തീഷ്ണമായും എന്നെ അനുഭവിക്കുമ്പോൾ നീയൊരു നുണ പറയും
“നിന്നെ ഞാൻ എല്ലാത്തിനുമുപരി സ്നേഹിക്കുന്നുവെന്ന്.”
“രാധയേക്കാളേറെ ” എന്നു ഞാൻ ആശങ്കപ്പെടുമ്പോൾ എന്റെ കാതോരം നീ മറ്റൊരു നുണ പറയും.
” അതേ …രാധയേക്കാളേറെ ”
നുണയെങ്കിലും ആ വാക്കുകളിൽ നനയാൻ എന്തൊരു നിർവൃതിയാണ്.
ആ മധുരിമയിൽ അലിയാൻ മാത്രമാണ് ഈ വള്ളിക്കുടിലിലേക്ക് …രാധയുടെ കൺമുനകളെത്തുതേയെന്ന പ്രാർഥനയോടെ ഹൃദയമിടിപ്പുകളെണ്ണി ഞാൻ കാത്തു നിൽക്കുന്നത്.

രാധയെ ഞാൻ ഭയക്കുന്നു.
അതിനും മീതെയായി എനിക്ക് നിന്റെ രാധയോട് പറഞ്ഞറിയിക്കാൻ വയ്യാത്തൊരു ബഹുമാനമാണ് കൃഷ്ണാ.
അവളുടെ നിഷ്കളങ്കത ഒരേ സമയം എന്നെ ആനന്ദിപ്പിക്കുന്നു.
അത്ഭുതപ്പെടുത്തുന്നു.
മോഹിപ്പിക്കുകയും നിരായുധയാക്കുകയും ചെയ്യുന്നു.
രാധയേപ്പോലെ മറ്റൊരു പെണ്ണിനും ഇത്രയേറെ നിഷ്കളങ്കയായിക്കാൻ കഴിയില്ല.
ചിലപ്പോഴൊക്കെ കടുത്ത വാഗ് ശരം കൊണ്ട് അവൾ നിന്നെ മുറിവേൽപ്പിക്കാറുണ്ട്.
അപ്പോഴും നീ പറയുന്ന കളവുകളിൽ വിശ്വാസമില്ലാതിരുന്നിട്ടും അവൾ വിശ്വസിക്കുന്നു.
നിനക്കു വേണ്ടി മാത്രം കാത്തിരിക്കുന്നു.

എന്നെ ഓമനിക്കുന്നതുപോലെ നീ അവളെ ഓമനിക്കാറില്ലെന്ന് എനിക്കറിയാം.
എന്നെ ആലിംഗനം ചെയ്യുന്നത്രയും തീവ്രമായി നീയവളെ പുണരാറില്ല
നിന്റെ കാമനകൾ എന്നിൽ മാത്രം കത്തി തീരുന്നു.
ഓരോ സമാഗമങ്ങളിലും എന്നിലേക്ക് പടർന്നു കയറുന്ന ആസക്തി രാധയോട് നിനക്ക് അനുഭവപ്പെടാറുമില്ലെന്നറിയാം.
പലതും പറഞ്ഞ് അവളെന്ന പെണ്ണിനെ പലപ്പോഴും നീ നിരസിക്കുന്നു.
എന്നിലേക്ക് വന്നെത്താനുള്ള പഴുതുകൾ ഓരോ നിമിഷവും നീ തിരയുന്നു.
എങ്കിലും
നിന്റെയൊരു തലോടലിൽ
അവൾക്കായി പാടുന്ന ഓടക്കുഴൽ നാദത്തിൽ
അവളോടൊപ്പം പങ്കിടുന്ന ചെറിയ ഇടവേളകളിൽ എല്ലാമെല്ലാം അവൾ ആനന്ദം കണ്ടെത്തുന്നു.
പരിഭവം മുനയാക്കിയ കൂർത്ത വാക്കുകളാൽ നിന്നെ അവൾ നോവിക്കാറുണ്ട്.
‘ക്യഷ്ണന്റെ രാധ’ എന്ന അവകാശത്തോടെ കലഹിക്കാറുണ്ട്.
പകരം നിന്റെ കോപവും പരുഷ വാക്കുകളും ഏറ്റുവാങ്ങി സ്വയം നോവുന്നു.
പിണങ്ങി ഇറങ്ങുന്ന നിന്നോട് പിൻവിളി കൊണ്ട് തോൽക്കാതെ കുപിതയായി നോക്കി നിൽക്കുന്നു.
അപ്പോഴും അവൾക്കും ഈ ചരാചരത്തിലെ ഓരോ പരമാണുക്കൾക്കും അറിയാം രാധ നിന്റെ പെണ്ണാണെന്ന്.
എന്റെ കണ്ണൻ അവളിലേക്ക് തന്നെ മടങ്ങിപ്പോകുമെന്ന് .

ഈ വള്ളിക്കുടിലിനകത്ത്
നിന്നെ പ്രതീക്ഷിച്ച് ഇങ്ങനെ നിൽക്കാനും
ആരും കാണാതെ കടമ്പിന്റെ ചോട്ടിൽ നിന്റെ നെഞ്ചോടൊട്ടി കിടന്ന് കളിവാക്ക് പറയാനുമല്ലേ എനിക്ക് അവകാശമുളളൂ.

നിന്റെ ഓടക്കുഴൽ വിളിയിൽ മുഴുകി കിടക്കാൻ ..
നിന്റെ പ്രണയ വിവശതയിൽ സമർപ്പിത യാകാൻ ..
എന്നിലെ ആഴങ്ങളിലേക്ക് നിപതിക്കുന്ന നിന്നിലേക്ക് യമുനാനദി പോലെ ഒഴുകി ചേരുവാൻ ..
നിന്നോടൊപ്പം സ്വേദ കണികകളിൽ ഒട്ടികിടക്കുവാൻ
അത്രയുമല്ലേ എനിക്കു വിധിച്ചിട്ടുള്ളൂ.

അതും മറ്റാരുമറിയാതെ.

അതിനപ്പുറം എല്ലാമെല്ലാം അവൾക്ക് മാത്രമാണ്.
അതെനിക്കുമറിയാം.
പക്ഷേ അദൃശ്യമായ ഒരു ചരടിൽ എന്റെയും നിന്റെയും ഹൃദയങ്ങൾ കോർത്തു പോയല്ലോ.
ഒരിക്കലും ഇഴപിരിച്ചെടുക്കാനാവാത്ത വിധം .
രാധയറിയാതെ നീയെനിക്ക് ചോർത്തി തരുന്ന മായിക നിമിഷങ്ങളുടെ തീവ്രത എന്നെ നിന്നിലേക്ക് പിന്നെയും പിന്നെയും വലിച്ചടുപ്പിക്കുകയാണ്.
രാധയുടെ പിണക്കങ്ങൾ എല്ലാം ഇപ്പോൾ എന്നെ ചൊല്ലിയുള്ളതാണല്ലോ.
അമ്പാടി ഗോപികമാരോടുള്ള നിന്റെ നിരാസം അവൾ തിരിച്ചറിയുന്നുണ്ടാവാം.
നിന്റെ ഉടലിനെയും മനസിനെയും തുടലിട്ടു പൂട്ടിയ ഒരുവളുടെ അദൃശ്യ സാന്നിധ്യം രാധ അനുഭവിക്കുന്നു .
അമ്പാടി പെൺകിടാക്കൾ തിളക്കമുള്ള ഉടയാടകൾ ധരിച്ച് ചമയങ്ങളണിഞ്ഞ് മയിൽപ്പീലി തണ്ടുകളുമായി നിന്നെ കാത്തു നിൽക്കുമ്പോൾ
അവരെ തെല്ലും ഗൗനിക്കാതെ നീ ഓടക്കുഴൽ ചുണ്ടോട് ചേർത്ത മട്ടിൽ കാനന ഗീതളിമയിലേക്ക് നടന്നു പോകുന്നത് പുതിയ കാഴ്ച.
നിന്നെ അവരിൽ നിന്നെല്ലാം അകറ്റുന്ന ഗൂഢതയുടെ മുഖാവരണമിട്ട എന്നെ അബോധത്തിലും രാധ ഭയക്കുന്നു.
നിന്റെ നിരാസങ്ങൾക്ക് പിന്നിൽ ഏതോ ഒരുത്തിയുടെ നിഴൽ അവൾ കാണാതെ കാണുന്നു.
നിന്റെ സ്നേഹം പങ്കിട്ടു പോകുമെന്ന് അവൾ ചകിതയാകുന്നു.

രാധ
നോക്കി നിൽക്കുമ്പോൾ അത്രയധികം സുന്ദരമല്ലാത്ത ആ മുഖം എനിക്ക് പ്രിയപ്പെട്ടതാകുന്നു കണ്ണാ.
രാധയേക്കാൾ ആകർഷകയാണ് ഞാൻ.
അവളേക്കാൾ എന്റെ കാന്തികമണ്ഡലങ്ങളിലേക്ക് നിന്നെ പിടിച്ചെടുക്കാനുള്ള കഴിവുണ്ട് എനിക്ക്.
പക്ഷേ എല്ലാം നിഗൂഢമായിരിക്കണമെന്ന് ഞാനും ആഗ്രഹിക്കുന്നു.
നിന്റേതെന്ന അവകാശവാദം പതിച്ചു കിട്ടിയ അവളെ ഞാനും സ്നേഹിക്കുന്നു.
അമ്പാടിയിലെ മുഴുവൻ താരുണ്യവതികളെയും നിഷ്പ്രഭരാക്കി നിന്റേതായവൾ രാധ മാത്രമാണ്.

നിനക്കു വേണ്ടി അവൾ അതിപുലർച്ചെ എഴുന്നേറ്റ് തൈർ കടയുന്നത് ഞാൻ കാണാറുണ്ട്.
മൺകലങ്ങളുടെ വക്കു വരെ തുളുമ്പുന്ന വെണ്ണയുമായി അവൾ കാളിന്ദി തീരത്തേക്ക് ഓടിയെത്തുന്നു.
മേഞ്ഞു നടക്കുന്ന കാലികളിൽ ഒന്നിനെ ചാരി നിന്ന് നീയത് രുചിച്ച് നോക്കിയിട്ട്
ആർത്തിയോടെ വാരിത്തിന്നുന്നതും കാണാറുണ്ട്.
നിന്റെ മുഖത്തു പറ്റിയ വെണ്ണത്തരികളെ അവൾ ഉത്തരീയം കൊണ്ട് തുടച്ചു മാറ്റുന്നു.
കാലിക്കുടങ്ങൾ കഴുകി കാളിന്ദിയിലെ തണുത്ത ജലം നിറച്ച് അവൾ നിന്റെ അടുത്തെത്തി മുഖം കഴുകി തരുന്നു.
അപ്പോഴെല്ലാം രാധയിലെ മാതൃഭാവം ഞാൻ ഒളിഞ്ഞ് നിന്ന് കൺനിറയെ കാണും.
നിന്നെ പരിചരിക്കുന്നതിൽ
അവൾ പുലർത്തുന്ന
പതിഭക്തിയോടെനിക്ക് ആരാധനയാണ്.
ഞാനതിൽ അസഹിഷ്ണുവാകാറില്ല.
അത്ഭുതത്തോടെ ആനന്ദത്തോടെ ഞാനത് ദൂരെ മാറി നോക്കി നിൽക്കുന്നു.
മനസുകൊണ്ട് രാധയെന്ന പെണ്ണിനെ നമിക്കുന്നു.
നമസ്കരിക്കുന്നു.

അവൾക്കൊപ്പമേ നിനക്ക് നിലനിൽപ്പുള്ളൂ എന്ന യാഥാർഥ്യത്തെ അംഗീകരിക്കാതെ വയ്യല്ലോ.
എന്റെ നേർത്ത നിഴൽ പോലും അവളിൽ അലോസരമുണ്ടാക്കരുതെന്ന് ആഗ്രഹിച്ച് ഞാൻ രാധ കാണാതെ വള്ളിപ്പടർപ്പുകൾക്ക് പിന്നിൽ മറഞ്ഞു നില്ക്കും.
അപ്പോഴെല്ലാം മനസുകൊണ്ട് ഞാനവളുടെ കാൽക്കൽ പ്രണമിക്കാറുണ്ട്.
എന്നെ ചൊല്ലി ഒരിക്കലും അവൾ കരയാൻ ഇട വരുതേ എന്ന് ഞാൻ ഈശ്വരനോട് അപേക്ഷിക്കുന്നു.
അവളുടെ കൺമുനകൾ എത്തുന്നിടത്തു നിന്ന് അകന്നു മാറിപ്പോകുന്നു.
അവൾ നിന്നെ പറഞ്ഞയക്കുന്നത് വരെ – അവളിൽ നിന്നും അൽപ്പനേരത്തേക്കെങ്കിലും വിമുക്തനായി നീ എന്നിലേക്ക് എത്തിച്ചേരുന്നത് വരെ ഞാൻ കാത്തു നിൽക്കാൻ തയാറാണ്.
കരിയിലകളെ ചവുട്ടി ഞെരിച്ച് മുഖം നിറയെ അനുരാഗ വായ്പുമായി നീ കുസൃതി പൂണ്ടെത്തുന്നതു വരെ ഞാൻ അക്ഷമയായി നിൽക്കുന്നു.

ഒടുവിൽ
എന്റെ ചുമലിൽ നിന്റെ കൈത്തലം പതിക്കുമ്പോൾ ഞാൻ ആ നെഞ്ചിൽ മുഖം പൂഴ്ത്തി നിൽക്കും.
പിന്നെ ഒരു തിര പോലെ ആർത്തു പുൽകി
“നീ എന്റെ യാണ് കണ്ണാ ” എന്ന് കാതിൽ മന്ത്രിക്കും
നീ അപ്പോൾ ആ നുണ ആവർത്തിക്കാറുണ്ട്.
“നീ എന്റേതാണ് പെണ്ണേ “.
അതിന്റെ നിറവിൽ ഞാൻ നിന്നിലേക്ക് പേമാരിയായി പെയ്തൊഴിയുന്നു.
മനസിലൊഴുകുന്ന കാളിന്ദിയുടെ ഇരു കരയും കവിയുന്നു.
നിന്നെ വന്യമായി എന്നിലേക്ക് ആലിംഗനം ചെയ്യുന്നു.
നിന്നിൽ പുതഞ്ഞു പോയ രാധയുടെ ഗന്ധം ഞാൻ അപ്പോൾ അനുഭവിക്കാറുണ്ട് കൃഷ്ണാ.

നിന്റെ ഓരോ ശരീരാണുക്കളിലും ആ ഗന്ധം ഞാൻ അറിയുന്നു
അതെന്നെ ഉന്മത്തയാക്കുന്നു.
ആ ഗന്ധം പൊയ്പ്പോകും വരെ ഞാനതിനോട് പടപൊരുതാറുണ്ട്.
നിന്റെ ശരീരത്തിന് എന്റെ ഗന്ധമാകുന്നതുവരെ

നിലാത്തിങ്കൾ കണ്ണുപൊത്തിയോടുന്ന രാത്രികളിൽ
രാസലീലകൾക്കൊടുവിൽ നീ എന്റെ കാതിൽ പറയും
” നിന്നെ പോലെയൊരു പെണ്ണിനെ ഞാനിതുവരെ അറിഞ്ഞിട്ടില്ല” എന്ന്.
ആ വാക്കുകളിലെ നിഷ്കാപട്യം എനിക്ക് തൊട്ടറിയാം.
അപ്പോൾ മാത്രം ഞാൻ രാധയെ ജയിക്കാറുണ്ട്.

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.