പരാജിതരുടെ ജീവിതം ഒരു കറുത്ത കവിതയാണ്
അതിനു നേരെയവന്‍ തല ഉയര്‍ത്തിപ്പിടിക്കുമ്പോള്‍
ജീവിതം അതിന്‍റെ മുന്‍കാലുകള്‍ താഴ്ത്തി അവനെ പുറത്തേറ്റുന്നു !

ഒരായുസ്സുകൊണ്ട് അവന്‍ പട്ടം പറത്തുന്നു
കാറ്റതിന്‍റെ പുകക്കുഴലുകള്‍ കൊണ്ട് അവന്‍റെയാ വഴിമുറിക്കുന്നു .
ഭയം അതിന്‍റെ നിഴലുകള്‍കൊണ്ട് അവനെ ബന്ധിച്ചിടുന്നു
ഓരോ വാതിലുകളും അതിന്‍റെയാ കടുപ്പം കൊണ്ട്
അടഞ്ഞതെന്ന് കബളിപ്പിക്കുന്നു .
ധൃതിയില്‍ നടക്കുന്നതിനിടയില്‍
എല്ലാവരും പിന്നിലാക്കിയകുട്ടി,മാത്രമാണവന്‍ .

തന്‍റെ പേരുകൊണ്ട് കടുത്ത ഹാസ്യമെഴുതി ,
നിശബ്ദത കൊണ്ടും ഒച്ചകള്‍ കൊണ്ടും ചിലര്‍
കറുപ്പെന്നത് ചുവപ്പെന്നതിലേക്ക്
വിവര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്നുണ്ട് ,
ജയിച്ചവന്‍റെ പാട്ടെന്ന് പാടുന്നുണ്ട് .

“ചില നിശബ്ദതകള്‍ വലിയ ശബ്ദങ്ങളാകുന്നത് അങ്ങിനെയാണ് !

കേള്‍ക്കൂ ഈ പാട്ട് *

വിഷാദം മുടിയഴിച്ചാടുമ്പോള്‍ …
നീയെന്‍റെ ചുണ്ടിലെ ചിരിയോര്‍ക്കുക
ഓര്‍ത്തുവയ്ക്കാനൊരു
മണ്‍പാനപാത്രം പോലുമില്ലാത്തൊരുവന്‍റെ ചുണ്ടിലെ
വിളര്‍ച്ചയുടെ വിള്ളല്‍ കാണുക
ഒന്നുമില്ലാത്തവന്‍റെ പാട്ടിലെ
കതിര് വിളയും പാടം കാണുക
കരളിലുപ്പ് കാച്ചുന്നവന്‍റെ കണ്ണിലെ
കടല് കാണുക .

വെടിപ്പുകയടങ്ങുമ്പോള്‍
കൊഞ്ചി വരച്ച ചിത്രമുള്ലോരാ ,
ചുമരു തേടുന്നവനെക്കാണുക.
വിശപ്പുണരുമ്പോള്‍
മണ്ണ്‍ വിഴുങ്ങുന്ന കുഞ്ഞുങ്ങളുള്ള ,
നാട് കാണുക .

പിന്നെയും
ഉടല്‍ പൂര്‍ത്തിയാക്കാതെ ദൈവം മറന്നിട്ട ,മക്കളെ കാണുക
ഓര്‍മ്മകളിലേയ്ക്ക് ഒഴിഞ്ഞു പോയോരുവന്‍റെ,വീട് കാണുക
ഓര്‍ക്കുവാനാരുമില്ലാത്തൊരുവന്‍റെ ചിതലിച്ച ,ചുവടു കാണുക
പൂവ് കാണാതെ പുഴ കാണാതെ പുഞ്ചിരി കാണാതെ ഒരുവന്‍
പാടുന്ന പാട്ടിലെ മധുരം കാണുക.

നിന്‍റെ കണ്ണിലേയ്ക്ക് നോക്കി കൈ നീട്ടുന്ന ,
മുന്‍പിലെയാ കുഞ്ഞുകൈകള്‍ കാണുക .
അതില്‍ നിറയും നിന്‍റെ രൂപം കാണുക .
വലുതെന്നും ചെറുതെന്നും വേര്‍തിരിച്ചിടക്കിടെ
വിഷാദത്തെ വിരുന്നൂട്ടുന്ന നിന്‍റെയാ
വിശ്വരൂപം കാണുക .
ചെറുതായിപ്പോകുന്നോരാ നിഴല്‍ കാണുക .

വെളിച്ചം നിഴലിന്‍റെ പാടയുപെക്ഷിക്കുന്ന ഉച്ചപോലെ
നിന്‍റെ വിഷാദം കാണാതാകുന്ന നേരം കാണുക ,
പരാജിതനെന്നു മറന്നേ പോകുക .

ചിന്തയില്‍ ചില്ലിട്ടു വയ്ക്കൂ ,
“മരിച്ചവനാകുക എന്നത് ജീവിച്ചിരിക്കുന്നതിനെക്കാള്‍ എളുപ്പമാണ്” എന്നത് .

ഇനിയിതു കാണൂ ……..

കൂട് തകര്‍ന്നൊരു പക്ഷി ,
ഗോതമ്പ് പാടത്തെ കാറ്റില്‍ ഒറ്റയ്ക്കിരിക്കുന്നു .
പ്രഭാതത്തിലെ ആദ്യത്തെ പൂ വിരിയുമ്പോളത് ,
പിറക്കാത്ത കുഞ്ഞുങ്ങളെ ഓര്‍ക്കുന്നു ,
വയറു നിറയെ സങ്കടം വിഴുങ്ങുന്നു .
ചിറകറ്റുപോയെന്നപോലെ അതിനു വേദനിക്കുന്നു ,
ആകാശം അതിനെ വെയില്‍ കൊണ്ട് തൊട്ടു നോക്കുന്നു ,
അതിനു വീണ്ടും വിശക്കുന്നു ” .
കറുത്ത വിപ്ലവത്തിന്‍റെ തലപോയ പൊത്തില്‍ നിന്നുമപ്പോള്‍
പച്ചയായ കിളികള്‍ ചുവന്ന ചുണ്ടില്‍ കതിരുമായപ്പോള്‍ പറന്നുപോകുന്നു .
ചക്രം ചവിട്ടുന്നന്‍റെ അത്താഴപ്പാത്രം മോറിക്കമിഴ്ത്തി ഒരു സന്ധ്യമടങ്ങുന്നു .

കേള്‍ക്കുന്നില്ലേ ……..

രാത്രിയുടെ കടുത്ത കറുപ്പിനെ ,
ഒരു പക്ഷിയതിന്‍റെ ഒറ്റക്കൂവലില്‍ രണ്ടായ്പ്പിളര്‍ക്കുന്നു .
വെളിച്ചത്തിലേയ്ക്ക് ,അതിന്‍റെ തെളിച്ചത്തിലേയ്ക്ക്
ഒരു നാടിന്‍റെ ഉറക്കത്തിനെ നാളുകടത്തുന്നു !
പുതുവെളിച്ചത്തിന്‍റെയാ ഭീമന്‍ പതാക പാറുന്നു .

സമയമായി …….
പരാജിതന്‍റെ ഉറക്കത്തില്‍ നിന്നും
അതിജീവനത്തിന്‍റെ ഉണര്‍വ്വിലേയ്ക്ക് നീയിനി
എഴുന്നേറ്റു നടക്കുക.

ഞാനിനി ,കനമില്ലാതിതുവഴിയൊന്നു കടന്നു പോകട്ടെ,
എന്‍റെ പാട്ട് തുടരട്ടെ .

Sony Dith
I am a മനുഷ്യന്‍ with normal Heartbeat rate . Made in India. Writer and poet in Malayalam

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.