27.5 C
Bengaluru
January 17, 2020
Untitled

ആതിരയുടെ കൊലപാതകം ചർച്ചചെയ്യുമ്പോൾ

athira murder kerala

മതവും ജാതിയും പ്രണയത്തിനിടയിൽ കയറി വരുന്നതും വില്ലൻമാരാവുകയും ചെയ്യുന്ന കാലമാണല്ലോ നാം കാണുന്നത്

ഈ സമയത്തു വേറെ പലതും ചിന്തിച്ചു പോയി. അടുത്തറിയാവുന്ന മൂന്നു പെൺകുട്ടികൾ. മൂന്നു പേരും ഒരേ കുടുംബത്തിൽ ഉള്ളവർ. വലിയ പ്രായ വ്യത്യാസം ഇല്ലാതെ വളർന്നവർ . ആദ്യത്തെ ആൾ അന്യ മതത്തിൽ പെട്ട ഒരാളെ വിവാഹം കഴിച്ചു. തറവാടിന്റെ പാരമ്പര്യവും മൂല്യവും എന്ന് വേണ്ട സകല കാര്യങ്ങളും പറഞ്ഞു ബാക്കി രണ്ടു പേരെയും കൂടി ആളുകൾ സ്ഥിരമായി ഗുണദോഷിച്ചു കൊണ്ടിരുന്നു. രണ്ടാമത്തെ പെൺകുട്ടി താൻ കാരണം ആരും വിഷമിക്കണ്ട എന്ന് കരുതി ഉള്ളിലെ ഇഷ്ടങ്ങൾ ഒക്കെ പൂട്ടി വെച്ച് വീട്ടുകാരുടെ ഇഷ്ടത്തോടെ കല്യാണത്തിനു തയ്യാറായി. നമ്മളുടെ സമൂഹത്തിന്റെ കാഴ്ചപ്പാടിൽ തറവാട്, അന്തസ്സ്, ആഭിജാത്യം , സാമ്പത്തികം എന്ന് വേണ്ട സകലമാന കാര്യങ്ങളും നോക്കി നടത്തിയ വിവാഹം. കാണുന്നവരുടെ കണ്ണിൽ രണ്ടാമത്തവൾ ആയിരുന്നു ഏറ്റവും ഭാഗ്യം ചെയ്തവൾ. വീട്ടുകാരുടെയും കുടുംബക്കാരുടെയും കണ്ണിൽ ആ വിവാഹ സമയത്തു അവൾ തങ്ങളുടെ അഭിമാനം കാത്തവൾ ആയിരുന്നു. മൂന്നാമത്തവൾ ഉന്നത പഠനത്തിന് പോയ സ്ഥലത്തു നിന്നും അന്യ സംസ്ഥാനക്കാരനായ സഹപാഠിയെ കല്യാണം കഴിച്ചു.

ഇനി ഇപ്പോളത്തെ മൂന്നു പേരുടെയും അവസ്ഥയിലേക്കു വരാം . ഒന്നാമത്തവൾ ഇപ്പോൾ സ്വന്തം ഭർത്താവിന്റെയും മക്കളോടുമൊപ്പം വളരെ സന്തോഷത്തോടെ ജീവിക്കുന്നു. ആദ്യം മുതലേ രണ്ടു വീട്ടുകാരും വല്യ അടുപ്പം കാണിക്കാതെ സ്വന്തം നിലയിൽ കാര്യങ്ങൾ നോക്കി അവർ ജീവിച്ചു. കുട്ടികൾ ആയതോടെ വീട്ടുകാരുടെ എതിർപ്പ് കുറഞ്ഞു അത്യാവശ്യം വരവും പോക്കും ഒക്കെ ആയി മെച്ചപ്പെട്ട ഒരു ജീവിതം നയിക്കുന്നു അവർ.

രണ്ടാമത്തവൾ , അതായത് വീട്ടുകാരുടെ ഇഷ്ടങ്ങൾക്കു നിന്ന് കൊടുത്തവൾ ചെന്ന് കേറിയ നിമിഷം തൊട്ടു ഭർത്താവിന്റെ വീട്ടുകാരുടെ എല്ലാ തരത്തിലുള്ള പീഡനങ്ങളും സഹിച്ചു വീട്ടുകാരുടെ അഭിമാനം കാത്തവളായി. ജീവിതത്തെ മറ്റുള്ളവരുടെ ഇഷ്ടങ്ങളുടെ കളത്തിലേയ്ക് എടുത്തു വെച്ചപ്പോൾ അവൾക്കു മാത്രമായിരുന്നു നഷ്ടം. തറവാടും, ആഭിജാത്യവും , ഉന്നത വിദ്യാഭ്യാസം നേടിയ ഭർത്തൃവീട്ടുകാരും ഒക്കെ സമൂഹത്തിനു പറഞ്ഞു ഊറ്റം കൊള്ളാൻ മാത്രം ഉള്ള ഘടകങ്ങൾ ആയിരുന്നു എന്നതാണ് സത്യം. പ്രണയിച്ചു ആർക്കും വിഷമം ആവണ്ട എന്ന് കരുതി മറ്റുള്ളവരുടെ ഇഷ്ടങ്ങൾക് പ്രാധാന്യം നൽകി ജീവിതകാലം മുഴുവൻ കുത്തുവാക്കും പരിഹാസവും സഹിച്ചു , ഒന്നിനും കൊള്ളാത്തവൾ എന്ന പദവി ഏറ്റു വാങ്ങേണ്ടി വന്നു.

മൂന്നാമത്തവളും ഭർത്താവും ജോലി നേടി അമേരിക്കയിൽ പോയി വളരെ നല്ല രീതിയിൽ ജീവിക്കുന്നു.

ഇനി നമുക്കു അന്ന് വാളും കുലുക്കി തറവാടിനെയും ബന്ധുക്കളെയും അപമാനിച്ചു എന്ന് വീട് വീടാന്തരം കേറി പറഞ്ഞ ബന്ധുക്കൾ അടങ്ങിയ സമൂഹത്തിലേക്കു വരാം . കല്യാണം, വീട് മാറ്റം എന്നിങ്ങനെ എല്ലാ സ്ഥലത്തും തങ്ങളുടെ സാമീപ്യം അറിയിച്ചു കൊണ്ടിരിക്കുന്ന ഇവരുടെ പലരുടെയും മക്കൾ ഇതേ പോലെ മതം മാറിയും ജാതി മാറിയും കല്യാണം കഴിച്ചു കൊണ്ടിരിക്കുന്നു . എത്ര പെട്ടന്നാണ് ഇവരൊക്കെ ഇത്ര വിശാല മനസ്കരായത് എന്നത് കണ്ടു നമ്മൾ ഞെട്ടും. അല്ലെങ്കിലും കാക്കയ്ക് തൻ കുഞ്ഞു പൊൻ കുഞ്ഞാണല്ലോ. ഈ മൂന്നു പെൺകുട്ടികളെ എവിടെ എങ്കിലും വെച്ച് കണ്ടു മുട്ടിയാൽ രണ്ടാമത്തവളുടെ ജീവിതം, പാവം അവളുടെ യോഗം എന്നും പറഞ്ഞു സഹതാപ തരംഗം ഇറക്കാൻ എല്ലാവരും ശ്രമിക്കാറുമുണ്ട്.

ഈ സാഹചര്യത്തിൽ എനിക്ക് പറയാനുള്ളത് ഇന്നത്തെ തലമുറയോട് ആണ്. ആതിരയുടെ കാര്യം സങ്കടം ആയി നിൽക്കുമ്പോൾ തന്നെ പറയാം. നിങ്ങളുടെ ജീവിതം, നിങ്ങളുടെ വിവാഹം, ഇതൊക്കെ നിങ്ങളുടെ മാത്രം തീരുമാനമാണ്. ഇഷ്ടം ഉള്ള ആളെ കല്യാണം കഴിക്കാൻ തീരുമാനിക്കുമ്പോൾ വാളും വടിയും അടിയുമായി വരുന്ന അച്ഛനോ അമ്മാവനോ വല്യച്ഛനോ നിങ്ങളുടെ ജീവിതത്തെ തീരുമാനിക്കാൻ ഒരു കാരണ വശാലും സമ്മതിക്കേണ്ട കാര്യമില്ല. നല്ല തിരഞ്ഞെടുപ്പ് നടത്തി നല്ല ജീവിതം നയിച്ചാൽ അന്ന് എതിർപ്പ് കാണിച്ചവർ തന്നെ നിങ്ങളെ ചേർത്ത് പിടിക്കും.മറ്റുള്ളവരുടെ ഇഷ്ടത്തിന് ജീവിക്കാൻ ശ്രമിച്ചു , പിന്നീട് അത് നിന്റെ യോഗം, വിധി എന്നത് പോലത്തെ സീരിയൽ സംഭാഷണങ്ങൾക്ക് നിങ്ങൾ സ്വന്തം ജീവിതം വെച്ച് കൊടുക്കരുത്. സ്വന്തം കാലിൽ നിന്നതിനു ശേഷം സ്വന്തം ജീവിത പങ്കാളിയെ കണ്ടെത്താൻ ശ്രമിക്കുക. കല്യാണ വീഡിയോയിലെ തിളങ്ങുന്ന പട്ടുസാരിയും ആഭരണങ്ങളും മാത്രമാണ് ജീവിതം എന്നു കരുതി സ്വന്തം കാലിൽ നിൽക്കുന്നതിനു മുൻപ് കല്യാണത്തിന് നിൽക്കരുത്

NB: നിങ്ങളുടെ മോളോടും ഇത് തന്നെ പറയുമോ എന്ന് ചോദിക്കുന്ന സദാചാര കമ്മറ്റിയോട് അവളുടെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കേണ്ടത് അവളുടെ മാത്രം ഉത്തരവാദിത്തം ആണെന്ന് ബുദ്ധി ഉറച്ചു തുടങ്ങുമ്പോൾ പറഞ്ഞു കൊടുക്കുന്നതായിരിക്കും..

Related posts

1 comment

Rajesh Attiri
Rajesh Attiri May 18, 2018 at 4:55 pm

contemporarily significant

Reply

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: