പറയുവാനാവാത്ത പ്രാണന്റെ വേദന
പ്രതിവചനമാകുമോ കണ്ണുനീരായ് ?
ഒരേ ഗർഭപാത്രത്തിൽ ഉരുവായ നാൾതൊട്ടേ –
അവനെ ഞാൻ നിത്യം സ്മരിച്ചിരുന്നു.
അവനിലെ ചിരികളും കളികളും കരച്ചിലും,
എന്നുള്ളിലും പ്രതിഫലിച്ചിരുന്നു
ഇടക്കിടെയുണ്ടായ പരിഭവങ്ങൾ പോലും
അറിയാതെയെവിടെയോ കാത്തിരുന്നു

കാലം തിരശീല മാറ്റിയ നാളുകളിൽ
എനിക്കൊപ്പമാവനും വളർന്നു പോയി
അപ്പോഴും അവനെന്റെ മകനായി അനുജനായ്
എന്നോടുകൂടെ നടന്നിരുന്നു
ഒരുകുഞ്ഞുമിട്ടായി, ഒരു കൊച്ചു ചിരിനിമിഷം
അവനിലൂടെ മാത്രമാസ്വദിച്ചു
ഓരോപരിഭവ രാവിലും അവനറിയാതെ
ആ മുടിച്ചുരുളുകൾ തഴുകിനോക്കി
ഒരുകുഞ്ഞു പുഞ്ചിരി നിദ്രയിലെങ്കിലും
തെളിയുന്ന നിമിഷങ്ങൾ കാത്തിരുന്നു
വരണമാല്യത്തിനായ് ശിരസ്സു്കുനിച്ചപ്പോൾ
മനസ്സാൽ അവനെ ഞാൻ തിരഞ്ഞിരുന്നു
തെല്ലകലെ മാറിനിന്നൊരു ചെറുപുഞ്ചിരി-
കണ്ണീരിൽ അവനെന്നെ നോക്കിനിന്നു
മിഴികളിൽ തിളങ്ങിയ നീർമുത്തിനൊപ്പമവൻ
ഒരു താതസംതൃപ്തി നുകർന്നിരുന്നു

യാത്രചോദിക്കവേ ഒരു നനുത്ത കരസ്പർശത്താൽ
പറയാതെയെല്ലാമവൻ പറഞ്ഞുതീർത്തു
പിന്നത്തെ രാവുകളിലൊക്കെയും നിമിഷങ്ങൾ
അവനെകുറിച്ചോർത്തു നനഞ്ഞിരുന്നു
കർക്കിടക രൗദ്രതയും തുലാമഴ തണുപ്പും
ഭീതിതമായവനില്ലായ്കയാൽ
ആവണകൂടണഞ്ഞതറിഞ്ഞതിൻ ശേഷമേ
നിദ്രയെൻ മിഴികളെ തലോടുകുള്ളൂ
ഓരോ നിമിഷത്തിൻ പാതിയും ഞാനവന്
മനസ്സിലെപങ്കായി മാറ്റിവെച്ചു
പുകയുന്ന അഗ്നിയായ് അവനിലെ ജ്വാലകൾ
എന്നിലും വേവായി തീർന്നിരുന്നു

ഒടുവിൽ , അവൻ ,നിത്യശാന്തിയിൽ ലയിച്ചനാൾ
മിഴികൾ എന്നേക്കുമായ് കൂമ്പിയടഞ്ഞനാൾ
അറിഞ്ഞു ഞാൻ എന്നിലെ അഗ്നിയണയുന്നതും
എന്റെ രാവുകളനന്തമായ് ശാന്തമാകുന്നതും

ഇനിയില്ല കണ്ണുനീർ അവനായ് പൊഴിക്കുവാൻ
ഇനിയില്ല നിമിഷങ്ങൾ അവനായ് തപിക്കുവാൻ
അവനെന്റെ അനുജൻ എൻ ജീവനായ് ശ്വാസമായ്
പ്രാണനായ് എന്നിൽ അലിഞ്ഞുചേർന്നു
അടരില്ല, അകലില്ല ,മറയില്ലവൻ എന്നും
സുരക്ഷിതമായിരിക്കും ……..

Rathi Arun
Who loves letters and its beauty and lives in the world of fascinating literature to view it, to conquer it and to be blended into it.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.