1. തുവരപ്പരിപ്പ് 35 ഗ്രാം.
2. മത്തൻ ചെറുതായി അരിഞ്ഞത് 225 ഗ്രാം.
3. പച്ചമുളക് 3 എണ്ണം.
4. വറ്റൽ മുളക് 3 എണ്ണം.
5. മഞ്ഞൾപ്പൊടി ഒരു ടീ സ്പ്പൂൺ.
6. തേങ്ങ 1/2 മുറി.
7. ചെറിയ ഉള്ളി 30 ഗ്രാം.
8. കടുക് ഒരു നുള്ള്
9. കറിവേപ്പില നാല് ഇതൾ.
10. വെളിച്ചെണ്ണ ഒരു ടേബിൾ സ്പ്പൂൺ.
11. ഉപ്പ് പാകത്തിന്.

ഒരു കുക്കറിൽ (അമ്മക്ക് മൺ ചട്ടിയും വിറകടുപ്പുമായിരുന്നു) 1,2,3,5,11 എന്നീ നമ്പർ ചേരുവകൾ ചെറുതീയിൽ സാവധാനം വേവിച്ച് ഒറ്റ ചൂളം വിളിക്ക് നിർത്തുക.
ആറാം ചേരുവ, തേങ്ങ ചിരവി രണ്ട് ടേബിൾസ്പ്പൂൾ മാറ്റിവെക്കുക. ബാക്കി തേങ്ങ പിഴിഞ്ഞ് പാലെടുക്കുക. കിട്ടിയ പാലിൽ അല്പം വെള്ളം ചേർത്ത് നേരത്തെ വേവിച്ചുവെച്ച ചേരുവകളിൽ ചേർത്ത് ഒന്നുകൂടെ തിളപ്പിക്കുക.

ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി അതിൽ കടുക് പൊട്ടിക്കുക. അതിലേക്ക് കുനുകുനെ അരിഞ്ഞ ചെറിയ ഉള്ളിയും വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് ഉള്ളി സ്വർണ്ണ നിറമാകുന്നതുവരെ വഴറ്റുക. ഇത് തേങ്ങാപ്പാലൊഴിച്ച് തിളപ്പിച്ചതിലേക്ക് പകർന്ന് വാങ്ങിവെക്കാം. ഒന്ന് നന്നായി ഇളക്കി ഒരുതുള്ളി വലതു കൈവെള്ളയിലിറ്റിച്ച് നക്കി രുചി നോക്കി, നാക്ക് വായയുടെ മേൽത്തട്ടിലൊട്ടിച്ച് വിടർത്തി വിരൽ ഞൊടിക്കുന്നതുപോലൊരു ശബ്ദമുണ്ടാക്കുക. നക്കിയ കൈ സാരിയുടെ കോന്തലയിൽ തുടക്കാം.

*രണ്ടാം ചേരുവക്ക് പകരം പച്ചക്കായ, പടവലം, പൊട്ടിക്ക എന്നിവയും ചേർക്കാവുന്നതാണ്.

ഒന്നാം ചേരുവ, പരിപ്പ് അമ്പതു ഗ്രാം വേണമെന്ന് അമ്മക്കറിയാം. രണ്ടാം ചേരുവ മത്തൻ മുന്നൂറു ഗ്രാം വേണമെന്നും ചെറിയ ഉള്ളി അമ്പതു ഗ്രാം വേണ്ടേ എന്നും പച്ചമുളകും, വറ്റൽ മുളകും രണ്ടെണ്ണം കൂടി ഇല്ലെങ്കിൽ എരിവു മതിയാവുമോ എന്നും നിങ്ങൾ ചോദിച്ചേക്കാം. അരമുറി തേങ്ങ ചിരവിയതിൽ നിന്നും ആ രണ്ട് ടേബിൾസ്പൂൺ തേങ്ങ ചേർക്കാൻ മറന്നുപോയോ എന്നുകൂടി നിങ്ങളിപ്പോൾ ആലോചിക്കുന്നില്ലേ…

മിച്ചം പിടിച്ച ആ പതിനഞ്ചു ഗ്രാം തുവരപ്പരിപ്പും, എഴുപത്തി അഞ്ചു ഗ്രാം മത്തങ്ങയും രണ്ടുവീതം വറ്റൽ മുളകും പച്ചമുളകും ഇത്തിരി ചെറിയഉള്ളിയും രണ്ട് ടേബിൾ സ്പൂൺ തേങ്ങ ചിരവിയതുമാണ് അമ്മയുടെ ഇന്നത്തെ മിച്ചം. നാളെയും ഇങ്ങനെ വല്ലതും കാണും. മറ്റന്നാൾ അതൊക്കെ ഇട്ടൊരു കറിയുണ്ട് അമ്മക്ക്. പളപളക്കറി എന്നാണ് അമ്മ പറയുക.

ആ സൂഷ്മതയാണ് വറുതിയിൽ ഞങ്ങളെ പോറ്റിയത്. രണ്ടു ദിവസത്തെ ഇന്ധനം കൊണ്ട് മൂന്നാം ദിവസം ഓടിക്കാനറിയാവുന്ന എഞ്ചിൻ ഡ്രൈവറായിരുന്നു അമ്മ. പല ബോഗികളും ഈ എഞ്ചിനു പിന്നാലെ കൊളുത്തിക്കൂട്ടിയാണ് വിശപ്പിന്റെ പാളം തെറ്റാതെ ഓടിച്ചത്. ആവശ്യത്തിന് എരിവില്ലാത്ത കറി കൂട്ടുന്ന സങ്കടം മനസിലേൽപ്പിക്കുന്ന എരിവുകൂട്ടിയാണ് ചോറുണ്ണേണ്ടതെന്ന് അമ്മ പറയും. അങ്ങനെയാണ് പാചകവും തീനും ഞങ്ങൾക്ക് ഒരു പാഠം കൂടി ആയത്. ഓർമ്മകളുടെ അടുക്കളവെട്ടത്തിൽ നിന്നും ഒരു ചൂളം വിളി കേൾക്കുന്നില്ലേ?

Dharma Raj Madappally
"A writer should write what he has to say and not speak it."

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.