25 C
Bangalore
December 17, 2018
Untitled

അമ്മയിലേക്കുള്ള ദൂരം

ചീറി പാഞ്ഞുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും പൊടി പരത്തി പോകുന്ന വാഹനങ്ങളെ ഒട്ടൊരു പേടിയോടെ അമ്മിണിയമ്മ നോക്കിയിരുന്നു. നേരം സന്ധ്യ ആകുന്നെ ഉള്ളൂ. ദൈര്ഘ്യമേറിയ പകലിന്റ്റെ ഉഷ്ണരാജികളെ പറ്റി നെടുവീര്പ്പി ട്ടുകൊണ്ട് ബസ്‌ ഇറങ്ങുന്ന സ്ത്രീകളും പുരുഷന്മാരും. . ബസ്‌ സ്റ്റോപ്പിനു അരികുപറ്റി 2 3 മീന്‍ കടകള്‍. നല്ല കടല്‍ മീനുകള്‍ ഐസ് ഇട്ടു വെച്ചിട്ട് ഉണ്ട്. ”അമ്മിണിയമ്മേ. . . ഇന്ന് നിങ്ങക്ക് കുശാലാ. . നല്ല ഒരു 3 മാങ്ങ എനിക്ക് വേണം ട്ടോ” ബഷീര്‍ ചിരിച്ചുകൊണ്ട് മീന്പെട്ടി മറച്ചിട്ടു.

അമ്മിണിയമ്മ അവടെ ഇത് ആദ്യമായാണ്. വീട്ടിലെ മൂവാണ്ടന്‍ മാങ്ങ കായിച്ചു തൂങ്ങികിടക്കുന്നത് കണ്ടപ്പോ ബഷീര്‍ തന്നെയാ ഈ മാര്ഗം പറഞ്ഞു തന്നത്. മനസില്ലാമനസോടെ അവര്‍ സമ്മതിച്ചു. മീന്‍ വില്പനക്കാരുടെ തട്ടിന്റെ അടുത്ത് ഒരു ഇരിപിടം. ആളുകള്‍ മീന്‍ വാങ്ങി കഴിഞ്ഞാല്‍ മാങ്ങ അടുത്ത് തന്നെ കിട്ടിയാല്‍ ആരാ വാങ്ങാതേ?? അവന്റെ വാക്കുകള്‍ കൂടുതല്‍ വിശ്വാസയോഗ്യമായി അവര്ക്ക് തോന്നി. കൊണ്ടുപോകാന്‍ പാകമായ 20 എണ്ണം പറച്ചു തന്നു. “അമ്മിണിയമ്മ എന്റെ പെട്ടിവണ്ടിയില്‍ പോരേ. . . ഞാന്‍ മീനും നിങ്ങളേം അവടെ ഇറക്കാം. . തിരികെ നടന്നു പോരമലോ. . . ”

ഇരിക്കാന്‍ ഒരു മീന്‍ പെട്ടി. അളവിന് മീന്കാരുടെ തന്നെ ത്രാസ്സും. അമ്മിണിയമ്മ ഓരോ ബസ്സും സസൂക്ഷ്മം നിരിക്ഷിച്ച്കൊണ്ടിരുന്നു. ഒന്നും രണ്ടും ഒക്കെയായി മാങ്ങകള്‍ വിറ്റഴിഞ്ഞു. 8 മണിയോടടുത്ത് മീന്കാര്‍ കച്ചവടം അവസാനിപ്പിച്ചു. അമ്മിണിയമ്മയും തിരികെ നടന്നു തുടങ്ങി. . എത്ര കിട്ടി എന്ന് അവര്‍ എണ്ണിയില്ല. എല്ലാം ചുരുട്ടി അരയില്‍ പൊതിഞ്ഞു. നാട്ടുവഴിയില്‍ തീരെ വെളിച്ചമില്ല. . പഞ്ചായത്ത്‌ അനുവദിച്ച വഴിവിളക്ക് വെട്ടം കണ്ടിട്ട് മാസങ്ങള്‍ ആയി. രാത്രി യാത്ര പതിവില്ലാത്ത കാരണം അമ്മിണിയമ്മക്ക് ചെറിയ പേടി തോന്നി. ഇലകള്‍ അനങ്ങുമ്പോള്‍. . തേക്കില പൊഴിയുമ്പോള്‍ എല്ലാം നാവില്‍ “അര്ജുനന്‍ ഫല്ഗുനന്‍. . പാര്ഥന്‍. . ” മന്ത്രമുരുണ്ടു.

ഒരു കൊച്ചു വളവ് കടന്നാല്‍ വീടെത്തും. അമ്മിണിയമ്മ ഏന്തി ഏന്തിയായി നടപ്പ്. വെട്ടമുണ്ടോ എന്നാണു അന്വേക്ഷിക്കുന്നത്. ഹാവു, വിളക്ക് കത്തുന്നുണ്ട്. മഞ്ഞ വെളിച്ചം കാണാം. മണ്ണില്‍ ചെത്തിയൊരുക്കിയ പടികള്‍ കേറി ചെന്നപോള്‍ ഉമ്മറത്ത് വിഷ്ണു ഇരുപ്പുണ്ട്. ചോരകണ്ണുകളുമായി ആടിയാടിയാണ് അവനിരിക്കുന്നത്. ”എവടെ പോയി കെടക്കാറാന് തള്ളേ. . ” അവന്‍ ആക്രോശിച്ചു. ഇപ്പോള്‍ ഏത് സമയവും കുടി തന്നെ. പണ്ട് പകലെങ്കിലും സ്വബോധം ഉണ്ടായിരുന്നു.

“നാളേക്ക് അരി വാങ്ങാന്‍. . ”പറഞ്ഞു തീരും മുന്നേ അവന്‍ എഴുന്നേറ്റു വന്നു സഞ്ചി പിടിച്ച് വാങ്ങി. ഒന്നും കിട്ടാതെ നിരാശനായി അത് വലിച്ചെറിഞ്ഞു. അമ്മയുടെ കഴുത്തിലെ താലി അപ്പോളാണ് അവന്റൊ കണ്ണില്‍ പെട്ടത്. ”കെട്ടിയവന്‍ ചത്ത്‌തുലഞ്ഞിട്ടും തള്ളക്ക് ഇത് കളയാന്നയിട്ടില്ല. . . ” തടയും മുന്നേ അവന്‍ അത് വലിച്ചെടുത്തു. ഒരു അപ്പൂപ്പന്‍താടി പോലെ അമ്മിണിയമ്മ നിലത്ത് വീണു. തുറിച്ച കണ്ണുമായി അവന്‍ അവിടം വിട്ടിറങ്ങി. അമ്മിണിയമ്മക്ക് ശരീരം തളരുന്നത് പോലെ തോന്നി,എങ്ങനെയൊക്കെയോ അവടെ നിന്ന് നിരങ്ങി നീങ്ങി അവര്‍ ഉമ്മറത്തെ തണുപ്പില്‍ കിടന്നു.

പിറ്റേന്ന് ഉച്ചയോടടുത്ത് കാണും വിഷ്ണു കണ്ണ് തുറന്നു നോക്കി. രാത്രി എപോളോ കടത്തിണ്ണയില്‍ വന്നു കിടന്നതാണ്. അവന്‍ നടു നിവര്ത്തി എണീറ്റു. വിശപ്പും ദാഹവും അവനെ വീട്ടിലേക്ക് പോകാന്‍ പ്രേരിപ്പിച്ചു. പിന്നാമ്പുറത്തു കൂടി അവന്‍ നടന്നു. അടുപ്പ് പുകഞ്ഞിട്ടു ഉണ്ട്. ആ സമാധാനത്തില്‍ അവന്‍ പല്ലുതേപ്പും മുഖം കഴുകലും തീര്ത്ത് അകത്ത് കേറി. മുറിയില്‍ അനക്കമൊന്നും ഇല്ല. അവന്‍ മേശ പരിശോധിച്ചു. ചോറ്,ഉപ്പേരി,സാംബാര്‍,പിന്നെ. . പായസം. അവന്റെ മുഖം തുടുത്തു. വിശപ്പിന്റെ ആധിക്യം നിമിത്തം അവന്‍ എല്ലാം മറന്നു ചോറുണ്ടു. ഇടക്കെപ്പോഴോ ചുവരില്‍ ആടുന്ന കൃഷ്ണനും രാധയും ചേര്ന്ന് നില്പുള്ള കലണ്ടര്‍ അവന്റെ വിശപ്പിനെ എങ്ങോട്ടോ ഓടിച്ചു. അവന്‍ കൈ കഴുകി വന്നു. അമ്മയെ അന്വേഷിച്ചു. മുറിയില്‍ ചുമരിനോട് ചേര്ന്ന് കിടപ്പുണ്ടായിരുന്നു അവര്‍. ”അമ്മാ. . . വാ എനിക്ക് പായസം താ. . എത്ര നാളായി പായസം കഴിച്ചിട്ട്. . ”അവന്‍ അവരെ വിളിച്ചുണര്ത്താന്‍ ശ്രമിച്ചു. അവരുടെ കണ്ണുനീര്‍ അത്രമാത്രം ആ തലയണയെ നനച്ചതിനാലാവണം ആ മുറിയില്‍ നട്ടുച്ചക്കും തണുപ്പ് പടര്ന്നത്. . തണുത്തു മരവിച്ച ആ ശരീരം കുളിപിക്കാന്‍ എടുത്തപ്പോള്‍ ആ കൈയില്‍ മുറുകെ പിടിച്ച നിലയില്‍ ഒരു സ്വര്ണ നിറമുള്ള മെഡല്‍ ഉണ്ടായിരുന്നു. അന്ന് അവന്‍ ഓടി നേടിയത് ഇന്ന് അമ്മയിലേക്ക്‌ തിരിഞ്ഞ് നടക്കാനുള്ള ദൂരം മാത്രമായിരുന്നു. . . . .

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.