27.5 C
Bengaluru
January 17, 2020
Untitled

അമ്മവാഹനം

ഒരു നാലു വയസുകാലത്തെ ഓര്‍മ്മകള്‍ക്ക് എത്രമേല്‍ നമ്മളിലേക്ക് സ്വാധീനം ചെലുത്താനാവുമെന്നത് തികച്ചും ചിന്തനീയമായ കാര്യമാണ്.കാരണം ഓര്‍മ്മകളുടെ ശേഖരത്തെ ഞാന്‍ സൂക്ഷിച്ചുവച്ചിരിക്കുന്നത് ഓരോ ഖണ്ഡികകളായാണ്.കര്‍ക്കിടകത്തില്‍ മൂന്നു മഴ,പത്തുവെയില്‍ ഇങ്ങനെ വേര്‍തിരിച്ചിട്ട കാലമായിരുന്നു.
ഏഴ് , പതിനാല്, എന്നീ ദിവസങ്ങള്‍ കഴിഞ്ഞ് പത്ത് ദിവസം വെയിലും ഇടമഴയും .കര്‍ക്കിടകത്തിലെ വെയിലില്‍ ആനത്തോലുണക്കാമെന്ന് ഇടയ്ക്കിടെ പറയുന്ന മുത്തശ്ശിയുടെ വാക്കുകളില്‍ ഓര്‍മ്മപ്പെടുന്നു.അതുകഴിഞ്ഞ് ഇരുപത്തിയെട്ടാം നാളും കോളും ..! മുപ്പത്തിരണ്ടാം ദിവസം വരെ നീളുന്ന മഴ.
കാക്ക കണ്ണുതുറക്കില്ലത്രേ..!

ഈ ദിവസങ്ങള്‍ക്കിടയിലാണ് ഒരു നാലുവയസുകാരന്‍,(ഞാന്‍ ) തിളച്ചുവാങ്ങിയ ചായപ്പാത്രത്തിലേക്ക് മറിഞ്ഞുവീഴുന്നത്.കൈമുട്ടു മുതല്‍ വിരലുവരെ പൊള്ളിയമര്‍ന്നു. ആദ്യം മുത്തശ്ശിയുടെ അടി, കൂടൊരു വാചകവും ”നാശം പിടിച്ച വിത്ത് ”
കാലിടറിപ്പോയ വേഗതയെ ചായമധുരത്തിന്‍റെ വിശപ്പായിരുന്നിരിക്കാം തള്ളിയിട്ടത്.മൂടോടെ പുഴുങ്ങിയ ചക്കക്കുരുവിന്‍റെ മണമായിരിക്കാം,തേങ്ങാക്കൊത്തിലെ പാല്‍രുചിയാവാം,പിന്നിലൂടെ അമ്മവാരിത്തരുന്ന പഞ്ചാരത്തരികളുടെ സ്നേഹമാവാം, അകത്രയത്ത് നിന്നും അടുക്കളയിലേക്കുള്ള ഒരടിയാഴമാവാം ,വീണു.ചായപ്പാത്രം മറിഞ്ഞു.കറുത്ത തൊലിപ്പുറം വെളുത്തു.അടുത്ത വീട്ടിലെ വയറുന്തിപ്പേനയഴിച്ച് കൈത്തണ്ടയിലേക്ക് മഷി പുരട്ടുന്ന അമ്മയെ തള്ളിമാറ്റി, അമ്മിക്കുഴിയിലെ കറുത്ത ചേറ് വാരി കൈയിലേക്ക് പുരട്ടുന്ന മുത്തശ്ശിയോട് എതിരുപറയാന്‍ മറ്റൊരു ശബ്ദം അവിടെയില്ലായിരുന്നു.

കാന്താരിയും , വറ്റല്‍മുളകും തേങ്ങയും ഊറിവീണ ചമ്മന്തിയുപ്പും മഞ്ഞള്‍നീരും ചാണകപ്പോളയിലേക്ക് ലയിച്ച അപൂര്‍വ്വ മിശ്രിതം തേച്ചുപിടിപ്പിച്ചപ്പോള്‍ തന്നെ വായടയ്ക്കാതെ നിലവിളിച്ചുതുടങ്ങിയിരുന്നു ഞാന്‍.
കുമിളകളുണ്ടായില്ലെങ്കിലും പുകച്ചിലിന്‍റെ ദൈര്‍ഘ്യം ,നിലവിളിയുടെ കാഠിന്യം രണ്ടും അസഹനീയമായ അവസ്ഥയില്‍ ,
എന്നെയും തോളത്തിട്ട് ,
കരിങ്കല്‍ ചീളുകളിലൂടെ ഇടറിയിടറിവരുന്ന, ദിവസത്തില്‍ രണ്ടുതവണ മാത്രം കണുന്ന, ചുവപ്പും അലൂമിനിയം നിറവുമുള്ള ഒരേയൊരു ബസ്സു മാത്രമോടുന്ന അതേ വഴിയിലൂടെ..
നാലുകിലോമീറ്റര്‍ ദൂരമുള്ള ആശുപത്രി ദൂരത്തിലേക്ക് അമ്മയെന്ന അത്ഭുതവാഹനം പായുന്നു. തോളിലിരുന്ന് ചെരുപ്പിടാത്ത ഉപ്പൂറ്റിയിലേക്ക് കണ്ണുപൂഴ്ത്തി,സാരിത്തുമ്പ് വലിച്ചെടുത്ത് മൂക്കുചീറ്റുമ്പോള്‍, പിന്നിലേക്കഴിഞ്ഞ മുടിച്ചുരുളുകള്‍ കൈത്തണ്ടയിലേക്ക് പാറിവീണ് വേദന വലിച്ചെടുത്ത് ആകാശത്തിലേക്ക് പായുന്നു.

കണ്ണിലൂടെയിറ്റുവീഴുന്ന ചൂടുമഴയില്‍ പൊള്ളിയ പിന്‍കഴുത്തിലെ നോവ് , ആശുപത്രി വരാന്തവരെ നീണ്ടിരുന്നെന്ന് അമ്മവാഹനത്തിന്‍റെ വേഗതയെന്നോട് വിളിച്ചുപറഞ്ഞു.

ഡോക്ടറുടെ തെറിവിളിയും മാലാഖമാരുടെ ചിരിച്ചുനോവിക്കലും കഴിഞ്ഞ് എന്നെ പുറത്തിറക്കിയപ്പോള്‍, ചുരം താണ്ടിയ ബസ്സിന്‍റെ മുരള്‍ച്ചയില്‍ കിതപ്പുമാറാത്ത അമ്മവാഹനം പൊടിപുരണ്ട മുടിയിഴകളൊതുക്കി,
തിരിച്ചുപോകേണ്ട വഴികളിലെ കരിങ്കല്‍ ചീളുകളിലേക്ക് കയറുമ്പോള്‍ ,വാടിയ മഷിത്തണ്ടിന്‍റെ നീലനിറമുള്ള കൈവെള്ളയിലേക്ക് ഊതിത്തന്ന പാതിവെന്ത ഉള്ളുരക്കത്തിന്‍റെ മണം, വലിച്ചെടുത്ത ശ്വാസത്തോടോപ്പം അകത്തേക്ക് കയറിപ്പോയത്
ഓര്‍മ്മകളുടെ വഴിയമ്പലത്തിലിരുന്ന്
ഞാന്‍ നിങ്ങളോട് പങ്കുവയ്ക്കുകയാണ്….

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.