27.5 C
Bengaluru
January 17, 2020
Untitled

അമ്മ

praveen p gopinath

സംഭവബഹുലമായ ഒരു ജീവിതമായിരുന്നു എൻ്റെതെന്ന് എൻ്റെ പുസ്തകങ്ങൾ വായിച്ചിട്ടുള്ളവർക്കും, എന്നെ നേരിട്ട് പരിചയമുള്ളവർക്കും അറിയാം. അടിയും വഴക്കുകളും കേസുകളും കോളേജിൽ നിന്നും പുറത്താക്കലും ഒക്കെയായി അമ്മയും അച്ഛനും എന്നെ ഓർത്ത് ഒരുപാട് വിഷമിച്ചിരുന്ന കാലം. അങ്ങനെ എന്നെ നന്നാക്കുവാൻ വേണ്ടി ജ്യോത്സ്യൻ കൂടിയായ എൻ്റെ മുത്തച്ഛൻ നിർദ്ദേശിച്ചതനുസരിച്ച് തമിഴ്നാട്ടിലെ കുറച്ച് അമ്പലങ്ങളിലേക്ക് എന്നെ കൊണ്ട് പോകാൻ തീരുമാനിച്ചു. ചക്രത്താഴ്വാർ, തിരുവടൈമരതൂർ, തിരുപറകുൻട്രം, കർക്കടേശ്വരം, തിരുവണ്ണാമലൈ അങ്ങനെ ഒരുപാട് അമ്പലങ്ങൾ.

പത്തു പതിനഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ഒരു യാത്ര. ബ്രഹ്മഹത്യാ ദോഷം തീർക്കാനായി പല അമ്പലങ്ങളിലും പൂജകൾ നടത്തി, എന്നെ കൊണ്ട് അതാത് അമ്പലത്തിലെ യഥാക്രമമുള്ള നേർച്ചകളും നടത്തി. അന്നദാനം, വസ്ത്രദാനം അങ്ങനെ എന്തെല്ലാമൊക്കെയൊ ചെയ്യിപ്പിച്ചു. എനിക്കാണെങ്കിൽ എങ്ങനെ എങ്കിലും വീട്ടിൽ പോയാൽ മതി എന്നായി. അവസാനം ദേഷ്യം വന്നു തുടങ്ങി. എല്ലാ അമ്പലത്തിൻ്റെ മുന്നിൽ നിന്നും ഞാനും അച്ഛനും തമ്മിൽ വഴക്കാവും. പിന്നെ അമ്മ ഇടപെട്ട് വല്ല വിധേനയും എന്നെ സമാധാനിപ്പിച്ച് അമ്പലത്തിൽ കയറ്റി പൂജകളും നേർച്ചകളും ചെയ്യിക്കും.

അങ്ങനെ ഒരു അമ്പലത്തിൽ നിന്ന് തൊഴുത് പുറത്തുവന്നപ്പോൾ ഒരു വലിയ ആൾകൂട്ടം. പല പ്രായത്തിലുള്ള ആളുകൾ ഇങ്ങനെ വരി വരിയായി നിൽകുന്നു, ഒരു പൂജാരി ഓരോരുത്തരുടെയും അടുത്തെത്തി, അദ്ദേഹത്തിൻ്റെ കയ്യിലുള്ള കിണ്ടിയിലെ വെള്ളത്തിൽ വിരൽ മുക്കിയ ശേഷം, വരിയിൽ നാക്ക് നീട്ടി നിൽക്കുന്ന ഓരോരുത്തരുടെയും നാവിൽ എന്തോ എഴുതുന്നു. കണ്ടിട്ട് തന്നെ എനിക്ക് അറപ്പു തോന്നി. അവിടെ നിന്ന് മുങ്ങാൻ നോക്കിയ എന്നെ എൻ്റെ അമ്മ കേണപേക്ഷിച്ച് എങ്ങനെയോ ആ വരിയിൽ കൊണ്ട് നിറുത്തി. ഇതുകൂടി കഴിഞ്ഞാൽ വീട്ടിലേക്കു പോകാം എന്ന് അമ്മ വാക്ക് തന്നതുകൊണ്ട്, അമ്മക്ക് വേണ്ടി മാത്രം ഞാൻ അവിടെ പോയി നിന്നു.

പൂജാരി എൻ്റെ അടുത്തെത്തി നാവ് നീട്ടാൻ ആവശ്യപ്പെട്ടു. ഞാൻ വേണം-വേണ്ടാ വിധം നാവ് നീട്ടി. പുള്ളി ആ കിണ്ടിയിലെ വെള്ളത്തിൽ വിരൽ മുക്കിയിട്ട്, എൻ്റെ നാവിൽ എന്തോ എഴുതി, എൻ്റെ തലയിൽ കുറച്ചു വെള്ളവും തളിച്ചിട്ട്, ആ വരിയിൽ നിൽക്കുന്ന അടുത്ത ആളിൻ്റെ അടുത്തേക്ക് പോയി. ഞാൻ ദേഷ്യത്തോടെ തിരിഞ്ഞ് അമ്മയെ നോക്കിയിട്ട് ‘സമാധാനമായല്ലോ അമ്മയ്ക്ക്’ എന്ന് കുറച്ചുച്ചത്തിൽ ചോദിച്ചു. അമ്മ ചെറുതായി പുഞ്ചിരിച്ചു. പക്ഷെ അപ്പോഴാണ് മനസ്സിലായത് കൂടി നിന്ന എല്ലാവരും അന്തം വിട്ട് ഞങ്ങളെ തന്നെ നോക്കുന്നു. ആ പൂജാരി തിരിച്ച് ഓടി എൻ്റെ അടുത്ത് വന്നിട്ട് എന്നെ കെട്ടിപ്പിടിച്ചു. ആകാശത്തേക്ക് നോക്കി ‘അമ്മെ ..തായേ..’ എന്നും മറ്റും ദൈവത്തിനു നന്ദി പറയുമ്പോലെ എന്തോ ചെയ്തു.

പിന്നെയാണ് എനിക്കും അമ്മയ്ക്കും കാര്യം മനസിലായത്. ആ വരിയിൽ നിന്നവർ എല്ലാരും സംസാരിക്കാൻ കഴിയാത്തവർ ആണ്. ചിലർ ജന്മനാ സംസാരിക്കാൻ കഴിയാത്തവർ, ചിലർ എന്തെങ്കിലും അസുഖമോ അപകടമോ കാരണം സംസാരശേഷി ഇല്ലാതായവർ. ഞാൻ പെട്ടന്ന് സംസാരിക്കുന്നത് കേട്ടപ്പോൾ അവരെല്ലാം കരുതിയത് എൻ്റെ സംസാരശേഷി പെട്ടന്ന് തിരിച്ചുവന്നതാണെന്നാണ്.

അന്ന് ഞങ്ങൾ ആ അമ്പലത്തിൻ്റെ അടുത്തുള്ള ഹോട്ടലിൽ തന്നെ നിന്നു. വൈകുന്നേരം ഒരു അപ്പൂപ്പനും പുള്ളിയുടെ കൊച്ചുമകനും കൂടെ ഞങ്ങളെ കാണാൻ മുറിയിൽ വന്നു. അദ്ദേഹം എൻ്റെ അച്ഛനോടും അമ്മയോടും എന്തോ സംസാരിച്ചുകൊണ്ടിരുന്നു. കൊച്ചുമകൻ എൻ്റെ മുഖത്തേയ്ക്ക് നോക്കി പുഞ്ചിരിച്ചു കൊണ്ടിരുന്നു. ഏതാണ്ട് എൻ്റെ പ്രായം തന്നെയാണ് അയാൾക്കും. കുറച്ചു കഴിഞ്ഞ് അവർ ഇറങ്ങാൻ തുടങ്ങിയപ്പോൾ ആ പയ്യൻ എൻ്റെ അടുത്ത് വന്ന് എൻ്റെ മുഖത്ത് തൊടാൻ ശ്രമിച്ചതും, ഞാൻ ദേഷ്യത്തിൽ അവൻ്റെ കൈ തട്ടിമാറ്റി. ഒപ്പമുണ്ടായിരുന്ന പുള്ളിയുടെ അപ്പൂപ്പൻ ഓടി വന്ന് പുള്ളിയെ പിടിച്ചു. അയാളെ സമാധാനപ്പെടുത്തി കൊണ്ടു പറഞ്ഞു, ‘അവർ മുന്നാടിയെ പേസുവാറ്’, എന്ന് വെച്ചാൽ ‘പുള്ളി നേരത്തെ സംസാരശേഷിയുള്ള ആളാണ്’ എന്ന്. എൻ്റെ അമ്മക്ക് പാവം തോന്നി പുള്ളിയെ സമാധാനിപ്പിക്കാൻ നോക്കുകയും, അവരെ ഞങ്ങളോടൊപ്പം അത്താഴം കഴിക്കാൻ ക്ഷണിക്കുകയുമൊക്കെ ചെയ്തു.

ആ അപ്പൂപ്പൻ പിന്നീട് എൻ്റെ അടുത്ത് വന്നു പറഞ്ഞു, ‘മോന് എൻ്റെ പേരക്കുട്ടിയുടെ സ്വഭാവത്തിൽ വിഷമം തോന്നേണ്ട. അവന് അവൻ്റെ അഞ്ചാം വയസ്സിൽ ഒരു പനി വന്ന് സംസാരശേഷി നഷ്ടപ്പെട്ടതാണ്. ഇന്ന് അമ്പലത്തിൽ ആ പുണ്യതീർത്ഥം കൊണ്ട് നാവിൽ എഴുതിയപ്പോൾ മോൻ സംസാരിച്ചത് കണ്ട്, സംസാരശേഷി ഇപ്പോൾ തിരിച്ചു കിട്ടിയതാണ് എന്ന് തെറ്റിദ്ധരിച്ചതാണ്. അതെങ്ങനെ നേടിയെടുക്കാൻ കഴിയും എന്ന് ചോദിച്ചു മനസ്സിലാക്കാൻ എന്നെ നിർബന്ധിച്ചു കൂട്ടികൊണ്ടു വന്നതാണ് അവൻ. അവന് ഒരു പാട്ടുകാരൻ ആവണം എന്നാണ് മോഹം.’ ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ പുള്ളിയുടെ കണ്ണിൽ നിന്നും ആശയറ്റ ഒരു തുള്ളി കണ്ണീർ ഒഴുകുന്നത് എനിക്ക് കാണാമായിരുന്നു.

‘എപ്പോഴെങ്കിലും ഒരു ദിവസം മുഴുവൻ സംസാരിക്കാതിരുന്നിട്ടുണ്ടോ പ്രവീൺ. ഒന്ന് ശ്രമിച്ചു നോക്കണം. അപ്പോഴേ അതിൻ്റെ ബുദ്ധിമുട്ട് മനസ്സിലാകൂ. ഇഷ്ടം തോന്നുന്നവരോട് ഇഷ്ടം പറയാൻ കഴിയാതെ, ദേഷ്യം തോന്നുന്നവരോട് ദേഷ്യം കാണിക്കാൻ കഴിയാതെ, ആവശ്യമുള്ള സാധനം ചോദിച്ചുവാങ്ങാൻ കഴിയാതെ, ഒരു സഹായം ഉറക്കെ ചോദിച്ച് ഒന്ന് കരയാൻ കഴിയാതെ. അത് ജയിലിൽ കിടക്കുന്നതിലും ബുദ്ധിമുട്ടാണ് പ്രവീൺ. ശിവരാജൻ, എൻ്റെ പേരക്കുട്ടി കഴിഞ്ഞ പതിനേഴു വർഷമായി ഇങ്ങനെ ജീവിക്കുകയാണ്. അതുകൊണ്ടു മോൻ ദൈവത്തോട് ഇപ്പോൾ ഉള്ള സൗഭാഗ്യങ്ങൾക്കെല്ലാം നന്ദി പറയണം.
എന്ത് നല്ല അച്ഛനും അമ്മയുമാണ് പ്രവീണിൻ്റെ. അവരെ വിഷമിപ്പിക്കരുത്. അവർക്കു വേണ്ടിയെങ്കിലും ഒരു നല്ല മനുഷ്യനായി ജീവിക്കണം. മോൻ്റെ എല്ലാ ആഗ്രഹങ്ങളും ദൈവം നടത്തിത്തരട്ടെ.’

പുള്ളി എന്നോട് സംസാരിച്ചു കൊണ്ടിരുന്ന സമയത്തു മുഴുവൻ എൻ്റെ അച്ഛനും അമ്മയും ശിവരാജനോട് എന്തോ സംസാരിക്കുന്നുണ്ടായിരുന്നു. ഞങ്ങളോട് യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങാൻ തുടങ്ങവേ എൻ്റെ അമ്മ ശിവരാജനോട് പറഞ്ഞു ‘യാര്കിട്ടെയും സൊല്ല വേണ്ട…’ അതിനർത്ഥം ‘ആരോടും പറയണ്ട’ എന്നാണ്. ശിവരാജൻ അതി നിഷ്കളങ്കമായി ‘ആ രഹസ്യം എന്നിൽ സുരക്ഷിതമാണ്’ എന്ന മട്ടിൽ പുഞ്ചിരിച്ചു. അവർ പോയ ശേഷം ഞാൻ അച്ഛനോടും അമ്മയോടും ആരോടും പറയണ്ട എന്ന് താക്കീത് കൊടുത്ത് അവനോടു പറഞ്ഞ രഹസ്യം എന്താണ് എന്ന് ചോദിച്ചു. അമ്മ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, ‘ഞാൻ ആ മോനോട് പറഞ്ഞു , നിൻ്റെ സംസാരശേഷി ഇന്ന് തിരിച്ചു കിട്ടിയതേ ഉള്ളൂ. നല്ലതു പോലെ പരിശ്രമിച്ചു ദൈവത്തെയും വിളിച്ച്, മരുന്നും ചെയ്താൽ ആ മോനും സംസാരശേഷി തിരിച്ചു കിട്ടും’ എന്ന്. ഞാൻ ഒരു സംശയഭാവത്തിൽ അമ്മയെ നോക്കിയിട്ട്, എന്തിനാണ് പുള്ളിയോട് കള്ളം പറഞ്ഞത് എന്ന് ചോദിച്ചു. അമ്മ അമ്മയുടെ സ്ഥായിയായ ചെറു ചിരിയോടെ പറഞ്ഞു, ‘ നീ കണ്ടില്ലേ എത്ര പ്രതീക്ഷയോടെയാണ് അവൻ അവൻ്റെ മുത്തശ്ശനെയും കൂട്ടി, നിനക്ക് എങ്ങനെയാണ് സംസാരശേഷി തിരിച്ചു കിട്ടിയതെന്ന് അറിയാൻ വന്നതെന്ന്. നിനക്ക് മുൻപേ തന്നെ സംസാരിക്കാൻ കഴിയുമെന്ന് അവൻ്റെ മുത്തശ്ശൻ അവനോടു പറഞ്ഞപ്പോൾ പ്രതീക്ഷയറ്റ അവന്റെ മുഖം നീ കണ്ടില്ലേ. അദ്ദേഹം പറഞ്ഞത് വിശ്വസിക്കാൻ പോലും അവൻ ആദ്യം തയ്യാറായില്ല. ആ മോന് എന്നെങ്കിലും സംസാരിക്കാൻ കഴിയും എന്നൊരു കൊച്ചു പ്രതീക്ഷയെ ചിലപ്പോൾ ഇനി ബാക്കി ഉണ്ടാകൂ. അവന് ആകെയുള്ള അത് കൂടെ അവനിൽ നിന്നും തട്ടി തെറിപ്പിക്കാൻ എനിക്ക് തോന്നിയില്ല. അതുകൊണ്ടു നീ അവൻ്റെ മുത്തശ്ശനോട് സംസാരിച്ചു കൊണ്ടിരുന്നപ്പോൾ, നിനക്ക് ഇന്നാണ് സംസാരശേഷി തിരിച്ചു കിട്ടിയത് എന്ന് , കള്ളമാണെങ്കിൽ കൂടി, നിരുപദ്രവകാരിയായ ആ രഹസ്യം അവനോടു പറഞ്ഞു. എനിക്കുറപ്പാണ് ഒരു ദിവസം ആ മോൻ്റെ സംസാരശേഷി തിരികെ കിട്ടും.’

കൂടുതൽ ബുദ്ധിയും കുറച്ചു വികാരവും മാത്രം ഉപയോഗിച്ച് തീരുമാനങ്ങൾ എടുക്കുന്ന ഒരാൾ അല്ലായിരുന്നു ഞാനെങ്കിൽ, ഞാനും അമ്മയെ പോലെ ഒരു ‘ഇമോഷണൽ ഫൂൾ’ ആയി പോയേനെ എന്ന് ഞാൻ എപ്പോഴും അമ്മയെ കളിയാക്കാറുണ്ട്. ‘എന്നിൽ നിന്നും നിനക്ക് കിട്ടിയത് അത് മാത്രമാണ്. നീ എത്ര ബുദ്ധിമാനാണ് എന്ന് പറഞ്ഞാലും നീയും എന്നെ പോലെ ഒരു ഇമോഷണൽ ഫൂൾ ആണ്. അതാണ് നിന്നെ ആളുകൾക്ക് ഇഷ്ടമാകാൻ കാരണം.’ എന്നാണ് എപ്പോഴും അതിനുള്ള അമ്മയുടെ മറുപടി.

ഇന്ന് ഞാൻ ഇത് എഴുതാൻ കാരണം. രാവിലെ ഞാൻ എന്റെ വീട് പൂട്ടി അച്ഛൻ്റെയും അമ്മയുടെയും വീട്ടിൽ താക്കോൽ കൊടുക്കാൻ വന്നപ്പോൾ അമ്മ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നത് കണ്ടു. ഞാൻ വർഷങ്ങളായി കേൾക്കുന്ന സ്ഥിരം പ്രാർത്ഥന ആണ്. ഭയങ്കര സ്പീഡിലാണ് അമ്മ പ്രാർത്ഥിക്കുക, എന്തോ പിറുപിറുക്കും പോലെ. സ്ഥിരം കേൾക്കുന്നവർക്കുപോലും നല്ലതുപോലെ ശ്രദ്ധിച്ചാലെ മനസിലാകൂ. ‘ദൈവമേ എല്ലാവർക്കും നല്ലത് കൊടുക്കണേ. അച്ഛന് ആരോഗ്യം കൊടുക്കണേ. റോജിമോനും, വീണമോൾക്കും, കേശുകുട്ടനും, കുഞ്ഞുമോൾക്കും എല്ലാം നല്ലതു വരണേ. പ്രവീണിൻ്റെ ആഗ്രഹങ്ങൾ എല്ലാം സാധിച്ചു കൊടുക്കണേ. ശിവരാജന് സംസാരിക്കാൻ പറ്റേണമേ. ലോകത്ത് എല്ലാർക്കും നല്ലതു കൊടുക്കണേ. ഓം നമഃശിവായ.’ ഇതാണ് അമ്മയുടെ സ്ഥിരം പ്രാർത്ഥന.
ഞാൻ അത് കേട്ട്ചിരിച്ചുകൊണ്ട് പറഞ്ഞു, ‘ഏതാണ്ട് പതിനഞ്ചു വർഷമായില്ലേ, മിക്കവാറും ശിവരാജൻ സംസാരിച്ചു തുടങ്ങിക്കാണും. ഇനി ഈ പ്രാർത്ഥന ഒന്ന് എഡിറ്റ് ചെയ്തൂടെ.’

അത് കേട്ട് അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു, ‘ശിവരാജൻ സംസാരിച്ചു തുടങ്ങി എന്ന് എനിക്കുറപ്പാണ്. പക്ഷെ അവൻ ആഗ്രഹിച്ചത് പോലെ അവൻ ഒരു പാട്ടുകാരനായി എന്ന് അറിയുന്നതുവരെ ഞാൻ പ്രാർത്ഥന തുടരും. എൻ്റെ പ്രാർത്ഥന ഫലിക്കും മോനെ. എൻ്റെ മുന്നിൽ ഇപ്പോൾ നിൽക്കുന്ന നീയാണ് അതിന് ഏറ്റവും വലിയ ഉദാഹരണം.’ അത് കേട്ട് ഞാനും ചിരിച്ചു.

മനോഹരമായ ഒരു ജീവിതമാണ് എൻ്റെത്. ഒരുപാട് നല്ല സുഹൃത്തുക്കൾ, സ്നേഹനിധിയായ അച്ഛൻ, എന്തിനും കൂടെ നിൽക്കുന്ന അളിയൻ, ഒരുപാടു സ്നേഹമുള്ള പെങ്ങൾ, അവരുടെ കുട്ടികൾ, പിന്നെ അപരിമിതമായ സ്നേഹവും, തീവ്രമായ വാത്സല്യവും നിറഞ്ഞ ഒരു വികാരം, അതിനെ ഞാൻ അമ്മ എന്നാണ് വിളിക്കാറ്. എന്നെങ്കിലും അമ്മയെ പോലെ ആകാൻ കഴിയണം എന്നാണ്എൻ്റെ ഏറ്റവും വലിയ ആഗ്രഹം. ലോകം കണ്ട ഏറ്റവും വലിയ ‘ഇമോഷണൽ ഫൂൾ’;
എൻ്റെ അമ്മ.

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.