27.1 C
Bengaluru
January 17, 2020
Untitled

ആലപ്പുഴയുടെ തീരങ്ങളിൽ

Houseboat

എവിടേക്കെങ്കിലും പോയാലോ എന്നാലോചിച്ച് ചങ്ങായിമാരോട് അഭിപ്രായം ചോദിച്ചു. പതിവുപോലെ മൂന്നാർ, ഇടുക്കി, ഊട്ടി തന്നെയാണ് കേട്ടത്.
“ആലപ്പുഴ പോയാലോ?” ഞാൻ ചോദിച്ചു. “ഹൗസ്ബോട്ട് മാത്രമേയുള്ളൂ എന്നാ കേട്ടേ” ഒരാൾ പറഞ്ഞു. മൂന്നു ദിവസം ആലപ്പുഴ കാണാൻ പോവുന്നു എന്ന് പറഞ്ഞപ്പോൾ കേട്ടവരെല്ലാം നെറ്റി ചുളിച്ചു. ഞാൻ പ്ലാൻ പറയാമെന്ന് പറഞ്ഞുകൊണ്ട് സഞ്ചാരി ഗ്രൂപ്പിൽ തപ്പി, കുറേ സ്ഥലം കിട്ടി. തണുപ്പുള്ള സ്ഥലങ്ങൾ മാത്രമാണ് പൊതുവേ പോവാറുള്ളതെങ്കിലും ഇത്തവണ കായൽ കാണാമെന്ന് കരുതി. മാത്രമല്ല ഞാൻ മൂന്നാലു തവണ ആലപ്പുഴ കണ്ട് ഇഷ്ടപ്പെട്ടയാളാണ്. ഒടുവിൽ മൈസൂർ നിന്നും സുഗുവും കൊച്ചിയിൽ നിന്നും നിതിനും കോയമ്പത്തൂർ നിന്നും ഞാനും പോവാമെന്ന് ഉറപ്പിച്ചു.

രണ്ടായിരത്തി പതിനെട്ട് ഫെബ്രുവരി പതിനഴിന് അതിരാവിലെ എണീറ്റ് ഒരു ചായയും കുടിച്ച് ആറു മണിക്ക് ഞാൻ കോയമ്പത്തൂർ നിന്നും എന്റെ ബൈക്കിൽ പുറപ്പെട്ടു. പാലക്കാടും തൃശൂരും പിന്നിട്ട് ഏതാണ്ട് ഒമ്പതേമുക്കാലോടെ വൈറ്റിലയെത്തി. അവിടന്ന് സുഗുവും നിതിനും നിതിനിന്റെ ബൈക്കിൽ കൂടെക്കൂടി. അങ്ങനെ ഇടക്കൊരു ചായയും കുടിച്ച് പതിനൊന്നരയോടെ ഞങ്ങൾ ആലപ്പുഴയെത്തി. നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഫിനിഷിംഗ്‌ പോയിന്റിലെത്തി കുറച്ചു കാത്തിരിക്കുന്ന ശേഷം ഹൗസ്ബോട്ടുകൾ നോക്കിയിരുന്നു. ഒരു ബോട്ട് സംഘടിപ്പിച്ചു തരാമെന്നേറ്റ ആൾ അവസാനം ബോട്ടിനു പകരം ആലപ്പുഴ ബീച്ചിനടുത്തുള്ള ഒരു മുറി ശരിയാക്കിത്തന്നു. ആ മുറിയുടെ തൊട്ടുമുന്നിൽ ബീച്ച് കണ്ടതുകൊണ്ട് ഞങ്ങൾ ബോട്ട് പോയാൽ ബീച്ചെന്നും പറഞ്ഞു മുറിയിൽ കയറി ഫ്രഷായി. അവിടന്ന് ഉച്ചക്ക് രണ്ടരയോടെ ബൈക്കുമെടുത്ത് തിരിച്ച് ഫിനിഷിംഗ് പോയിന്റിലേക്ക് തിരിച്ചു. പോവുന്ന വഴിക്ക് നല്ല മീൻ കറി കൂട്ടി ചോറുണ്ണാനും മറന്നില്ല. ആലപ്പുഴ വന്നിട്ട് മീൻ കഴിക്കാതെ പോവുന്നത് മെസ്സി പെനാൽറ്റി നഷ്ടപ്പെടുത്തുന്ന പോലെ ആലോചിക്കാൻ പോലും പറ്റാത്ത സംഗതിയാണ്.

ഷിക്കാര എന്ന ബോട്ട്

ഭക്ഷണം കഴിഞ്ഞു മൂന്നു മണിയോടെ ഞങ്ങൾ ഫിനിഷിംഗ് പോയിന്റ് എത്തിച്ചേർന്നു. നേരത്തേ പരിചയപ്പെട്ട ഒരു പുള്ളിയോട് ഒരു മൂന്നുമണിക്കൂർ കറങ്ങാൻ ഷിക്കാര എന്ന ചെറു ബോട്ട് ഏർപ്പാടാക്കി തരാൻ പറഞ്ഞിരുന്നു. അങ്ങനെ മൂന്നരയോടെ ഞങ്ങൾ ആ ബോട്ടിൽ വേമ്പനാട്ടു കായലിൽ കറങ്ങാൻ തുടങ്ങി. നേരത്തേ വന്നിട്ടുള്ളതുകൊണ്ട് കണ്ടതാണെങ്കിലും ആ വെള്ളക്കെട്ടുകൾ ഞാൻ വീണ്ടും നോക്കിയിരുന്നു. കായലിനരികെ ചൂണ്ടയിട്ടിരുന്ന കുട്ടികളും, കായലിലേക്ക് എടുത്തുചാടി കുളിക്കുന്ന കുട്ടികളുമെല്ലാം എന്റെ കുട്ടിക്കാലത്ത് വീടിനടുത്തുള്ള ചമ്പക്കുളത്തിൽ കുളിച്ചതും ചൂണ്ടയിട്ടതും ഓർമപ്പെടുത്തി. കായൽത്തീരത്തെ വീടുകൾ കണ്ട് അതിൽ ഇടക്കൊരിക്കൽ വന്നു താമസിക്കണമെന്ന് ആഗ്രഹിച്ചു പോയി. കായൽത്തീരത്തെ വീടുകളിൽ മിക്കതിന്റേയും മുന്നിൽ ചെറുവള്ളങ്ങൾ കെട്ടിയിട്ടിരുന്നു. ഇടക്ക് ഞങ്ങളുടെ ബോട്ടിന്റെ അടുത്തുകൂടി ഒരു ചെറു മോട്ടോർ വള്ളത്തിൽ ഐസ് ക്രീം വിൽക്കുന്നയാൾ പോവുന്നത് കണ്ടു. എന്റെ നാട്ടിലൊക്കെ സൈക്കിളിലാണ് ഇങ്ങനെ വരാറുള്ളത്. എവിടെ നോക്കിയാലും ഫോട്ടോ ഫ്രെയിമുകൾ മാത്രം. ബോട്ട് ഓടിച്ചയാൾ ഓരോ സ്ഥലമെത്തുമ്പോഴും അവിടത്തെ സ്ഥലപ്പേരുകൾ പറഞ്ഞു തന്നിരുന്നു പക്ഷേ ഞാനതൊക്കെ മറന്നു പോയി. ഏതാണ്ട് ആറരയോടെ ബോട്ട് തിരിച്ചെത്തി. ശേഷം ആലപ്പുഴ ടൗണിലൊന്ന് കറങ്ങി എട്ടുമണിയോടെ ഞങ്ങൾ റൂമിലെത്തി. അടുത്തുള്ള ബീച്ചിൽ നിന്നും നല്ല കടൽക്കാറ്റും തിരയുടെ ഇരമ്പവും കേൾക്കുന്നുണ്ടായിരുന്നു.

ആ കടൽക്കാറ്റും കൊണ്ട് ഞങ്ങൾ ടെറസിനു മുകളിരുന്നു കഥ പറച്ചിൽ തുടങ്ങി. മൂന്നു പേരുടെയും കഥകൾ മാറിയും മറിഞ്ഞും വന്നു. പന്ത്രണ്ട് മണിയോടെ ഞങ്ങൾ താഴേക്കിറങ്ങിവന്ന് ബീച്ചിലെ മണൽപ്പരപ്പിൽ പോയിരുന്നു. ആ നിമിഷം ഞങ്ങൾ തിരിച്ചറിഞ്ഞു, ഹൗസ്ബോട്ട് കിട്ടാതിരുന്നത് നന്നായെന്ന്. നിങ്ങളുടെ ഉറ്റ ചങ്ങാതിമാരോടൊത്ത് നട്ടപ്പാതിരക്ക് ബീച്ചിൽ കിടന്ന് സുഖവും ദുഖവും പങ്കുവച്ചു നോക്കൂ. അപ്പോഴറിയാം ഞാൻ പറഞ്ഞതിന്റെ അർത്ഥം. ഏതാണ്ട് ഒരു മണിയോടെ ഞങ്ങൾ ഉറങ്ങി. രാവിലെ വീണ്ടും കടല് കണ്ട് കടൽക്കാറ്റേറ്റ്‌ ദോശയും ഇഡ്ഡലിയും കഴിച്ചു, ശേഷം ബീച്ചിലെ ഫോട്ടോഷൂട്ട്. വെയിലിന്റെ അനുഗ്രഹം കൊണ്ട് പെട്ടന്ന് തന്നെ അവിടെ നിന്നും തിരിച്ചുകയറി. വെയിലെന്നു വച്ചാൽ എജ്ജാതി വെയില്. രാവിലെ ചേർത്തലയിൽ സുഹൃത്തുക്കളെ കാണാനുള്ളതുകൊണ്ട് ഞാൻ അവിടന്ന് നേരേ ചേർത്തലക്ക് പോയി.

നെടുമുടി കൈനകരി റോഡിൽ നിന്നും

അർത്തുങ്കൽ പള്ളിയെക്കുറിച്ച് കേട്ട നാൾ മുതൽ കരുതിയതാണ് അവിടെയൊന്നു പോയി കർത്താവിനെ കാണണമെന്ന്. ചേർത്തലയിലെ എന്റെ സുഹൃത്തുക്കളെക്കണ്ട് ഞാൻ സുഗുവിനേയും നിതിനേയും വിളിച്ചുകൊണ്ട് അർത്തുങ്കൽ പള്ളിയിലെത്തി. തിരക്ക് തീരെയില്ല. പോയി കർത്താവിനെ കണ്ട് കഥയും പറഞ്ഞു തിരിച്ചിറങ്ങി. സുഗുവിന് മൈസൂർ പോവാനുള്ളതുകൊണ്ട് അവൻ ഉച്ചയോടെ ഊണ് കഴിഞ്ഞു തിരിച്ചു പോയി. ഞാനും നിതിനും അടുത്ത സ്ഥലമായ കൈനകരിയിലേക്ക് വച്ചുപിടിച്ചു. ആലപ്പുഴയിൽ നിന്നും ചങ്ങനാശ്ശേരി റോഡിലേക്ക് കയറിയ ശേഷം നെടുമുടി വഴി കായലും വെള്ളക്കെട്ടുകളും കണ്ട് ഞങ്ങൾ ബൈക്കോടിച്ചു. ഒടുവിൽ ആ റോഡിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞു കൈനകരി റോഡിലേക്ക് കയറി. ബൈക്കോടിക്കുമ്പോൾ റോഡിലേക്ക് ശ്രദ്ധിക്കാൻ നന്നേ കഷ്ടപ്പെട്ടെന്നു പറയാം, റോഡിനിരുവശവും അതുപോലുള്ള കാഴ്ച്ചകളായിരുന്നു. ചീനവലകളും, ചെറുവള്ളങ്ങളും കൈത്തോടുകളും ഞങ്ങളുടെ ശ്രദ്ധ തെറ്റിച്ചു. കൈനകരി സുന്ദരിയാണ്, വെള്ളക്കെട്ടുകൾ പച്ച വയലുകൾ, കായൽ തോടുകൾ, അങ്ങനെ എല്ലാമുള്ള ഒരു കൊച്ചു സുന്ദരി. പക്ഷേ ഒരുപാട് സ്ഥലങ്ങളിലേക്ക് പോവാൻ ബോട്ട് വേണ്ടതുകൊണ്ടും സമയം കുറവായതുകൊണ്ടും ഞങ്ങൾ കൈനകരിയോട് പെട്ടന്ന് യാത്ര പറഞ്ഞിറങ്ങി. വരുന്ന വഴിക്ക് ഒന്നുരണ്ടു ഫോട്ടോയെടുക്കാനും മറന്നില്ല.

സെന്റ്. മേരീസ് ചർച്ച്, പുളിങ്കുന്നം

അടുത്ത സ്ഥലവും ഒരു പള്ളിയാണ്. ഒരു ഏഴെട്ടു വർഷം മുന്നേ വിണ്ണൈത്താണ്ടി വരുവായാ എന്ന സിനിമ കണ്ടപ്പോൾ തോന്നിയ ആഗ്രഹമാണത്. അതിലെ കായലിനരികത്തെ പള്ളിയിലൊന്നു പോവണമെന്ന്. തപ്പി പേര് കണ്ടുപിടിച്ചു, സെന്റ്.മേരീസ് ചർച്ച്, പുളിങ്കുന്നം. കൈനകരിയിൽ നിന്നും നേരേ അങ്ങോട്ട് വിട്ടു. കണ്ടു, മനസ്സ് നിറഞ്ഞു. ആ ഫ്രെയിം ഞാൻ ഒപ്പിയെടുക്കാനും മറന്നില്ല. ഈസ്റ്റർ നോമ്പായതുകൊണ്ട് ആളുകൾ തീരെ കുറവായിരുന്നു. തിരിച്ചു വരുന്നവഴിക്ക് നേരമിരുട്ടിയത് കൊണ്ട് അടുത്ത സ്ഥലമായ കുമരകം പോവുന്നത് എങ്ങനെ വേണമെന്ന് ആലോചിച്ചു. കാവാലം വഴി പോവാനായിരുന്നു പ്ലാനെങ്കിലും ചങ്ങനാശ്ശേരി, നാട്ടകം വഴി കുമരകത്തേക്ക് പോവാമെന്ന് തീരുമാനിച്ചു. രാത്രി ബൈക്കോടിക്കാൻ നല്ല റോഡു തന്നെയാണ് എടുക്കേണ്ടത്. ചങ്ങനാശ്ശേരിയിൽ നിന്ന് കുറച്ചു ചങ്ങാതിമാരെയും കണ്ട് ഞാനും നിതിനും കുമരകത്തേക്ക് പോയി. എട്ടരയോടെ കുമരകത്തെത്തി മുറിയെടുത്തു. തൊട്ടടുത്ത ഹോട്ടലിൽ നല്ല കപ്പയും ബീഫും ഉണ്ടായിരുന്നതുകൊണ്ട് ഭക്ഷണത്തെക്കുറിച്ച് ആലോചിക്കേണ്ടി വന്നില്ല. രാത്രികൾ കഥ പറയാനുള്ളതാണ് അതുകൊണ്ടു തന്നെ ഞാനും നിതിനും രണ്ടാളുടെയും കഥകളൊക്കെ പറഞ്ഞു രാത്രിയിലെപ്പോഴോ ഉറങ്ങി വീണു.

തണ്ണീർമുക്കം ബണ്ടിൽ നിന്നും

പിറ്റേന്ന് രാവിലെ ദോശയും കഴിച്ച് ഞങ്ങൾ കുമരകം പക്ഷി സങ്കേതം കാണാൻ പുറപ്പെട്ടു. പതിനൊന്നു മണിയോടെ ഞങ്ങൾ ടിക്കറ്റെടുത്ത് ഉള്ളിൽക്കയറി. കോയമ്പത്തൂർ നിന്നും ബൈക്കോടിച്ച് വന്നതാണെന്ന് കേട്ടപ്പോൾ ആ ടിക്കറ്റ് തന്ന ചേട്ടൻ അതിശയത്തോടെ നോക്കുന്നുണ്ടായിരുന്നു. പക്ഷേ പക്ഷികൾ എല്ലാം തന്നെ ഊരുചുറ്റാൻ പോയതുകൊണ്ട് കുറച്ചു പക്ഷികളെയേ കണ്ടുള്ളു. കൊക്കും, കാക്കയും പിന്നെ പേരറിയാത്ത മൂന്നാലെണ്ണവും. അവിടെയുള്ള ഒരു പ്രായമായ ഒരാൾ ബോട്ട് സവാരി വേണോ ചോദിച്ചപ്പോൾ മനസ്സിൽ വേണമെന്ന് തോന്നിയെങ്കിലും സമയക്കുറവ് മൂലം വേണ്ടാ വച്ചു. അവിടന്നിറങ്ങി വീണ്ടും യാത്രയായി. അവിടന്ന് തണ്ണീർമുക്കം ബണ്ടെത്തിയപ്പോൾ കുറച്ചുനേരം നിർത്തി രണ്ടു ഫോട്ടോയെടുത്തു. അത് കഴിഞ്ഞു ചേർത്തല വഴി അന്ധകാരനഴി ബീച്ച് ലക്ഷ്യമാക്കി നീങ്ങി. അന്ധകാരനഴി ബീച്ച് കാണാൻ നീല നിറമായൊരുന്നു. പക്ഷേ വെയിലിന്റ ചൂട് കാരണം ഇറങ്ങിയില്ല. മാത്രമല്ല രാത്രി കോയമ്പത്തൂർ എത്തേണ്ട കാര്യമുണ്ടായതുകൊണ്ട് നേരേ കൊച്ചി ലക്ഷ്യമാക്കി നീങ്ങി.

ആലപ്പുഴ സുന്ദരിയാണ്, അതുകൊണ്ടു തന്നെയാണ് അവൾ അറബിക്കടലിന്റെ റാണിയായതും. അത് ഒരുപക്ഷേ ഒന്നോ രണ്ടോ ദിവസം കൊണ്ട് മനസ്സിലാവില്ല, മൂന്നു നാല് ദിവസമെങ്കിലും നിന്ന് ബോട്ടിലും തോണിയിലും കയറി കായൽ കണ്ടു ഇങ്ങനെ പോവണം, ആലപ്പുഴ ബീച്ച് കാണണം, മാരാരി ബീച്ചും, ആർ ബ്ലോക്കും കുട്ടനാടും നെൽവയലുമെല്ലാം കാണണം, അപ്പോൾ മനസ്സിലാവും അവളൊരു സുന്ദരിയാണെന്ന്. പാതിരാമണൽ ദ്വീപ് പോവാൻ പ്ലാൻ ചെയ്‌തെങ്കിലും സമയക്കുറവ് മൂലം നടന്നില്ല. അതുകൊണ്ട് തന്നെ ആലപ്പുഴയെ അറിയാൻ മൂന്നു ദിവസത്തെ ട്രിപ്പ് പോരെന്ന് തോന്നിപ്പോയി. കുമരകം കോട്ടയത്തല്ലേ എന്ന് പറയേണ്ട, ആലപ്പുഴ കണ്ട് തണ്ണീർമുക്കം ബണ്ട് കാണാൻ വേണ്ടിയാണ് ആ വഴി പോയത്.

ഉച്ച കഴിഞ്ഞു രണ്ടുമണിയോടെ കൊച്ചിയിലെ ഒരു ഹോട്ടലിൽ നിർത്തി ഭക്ഷണം കഴിച്ചശേഷം ഞാൻ നിതിനോട് യാത്ര പറഞ്ഞു. വീണ്ടും ഞാൻ ഒറ്റക്കായി. ആലുവയും അങ്കമാലിയും മണ്ണുത്തിയും പാലക്കാടും കഴിഞ്ഞു കോയമ്പത്തൂർ എത്തുമ്പോൾ സമയം ആറര കഴിഞ്ഞിരുന്നു. ബൈക്കിന്റെ സ്പീഡോമീറ്റർ നോക്കിയപ്പോൾ എഴുന്നൂറ് കിലോമീറ്ററുകൾ സഞ്ചരിച്ചിരുന്നു. പക്ഷേ എന്റെ മനസ്സ് അപ്പോഴും പറഞ്ഞു ഇനിയും പോവണം ഇതിനേക്കാൾ ദൂരം.

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.