21 C
Bangalore
September 23, 2018
Untitled
avar-chillaksharangal-thedumbol-book-arun-samudra
Art & Literature Malayalam

അക്ഷരപ്പച്ച

ആകസ്മികത കവിതയിൽ വലിയ അദ്ഭുതമൊന്നുമല്ല.പക്ഷേ, അത് കവിതയ്ക്ക് ചില പുതിയ ഭാവങ്ങൾ നൽകാറുണ്ട് ,

” അവർ പേരുചോദിക്കും
നദിയെന്നു ഞാനുത്തരം പറയും
പിന്നീടവർ പേരിനൊപ്പം ചേർക്കാനുള്ള
ചില്ലക്ഷരം തിരഞ്ഞു തിരക്കിലാവും.”

( ‘അവർ ചില്ലക്ഷരങ്ങൾ തേടുമ്പോൾ’) എന്ന് അരുൺ സമുദ്രയെ വായിച്ചപ്പോഴുണ്ടായ തോന്നലാണ് പ്രാരംഭ വ രികൾ. കവിത ,അത് ,ഏത് രൂപത്തിലായാലും ഇപ്പോഴും എപ്പോഴും സജീവമാണ് ആകും.പുതു കവിതയുടെ ചലനങ്ങൾ രേഖപ്പെടുത്താൻ നിയതമായ ഒരു നിയമമോ രൂപമോ സാധ്യമാകാത്ത കാലമാണിത്. കാരണം; കാലത്തിന്റെ നൈമിഷിക ചലനങ്ങൾക്കൊപ്പം തന്നെ മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് പുതു കവിത.രൂപ, ഭാവ, ഭാഷാ പരമായതടക്കമുള്ള പല ഘടകങ്ങൾക്കും അടിമുടിയുള്ള മാറ്റം.ശ്രീ.കുരീപ്പുഴ ശ്രീകുമാർ എഴുതുന്നു; ”ശബ്ദതാരാവലിയിലെ എല്ലാ വാക്കുകളും കവിതയ്ക്കാവശ്യമില്ല .എന്നാൽ ശബ്ദതാരാവലിയിൽ ഇല്ലാത്ത പല വാക്കുകളും കവിതയ്ക്ക് ആവശ്യമുണ്ടുതാനും” (സ്പന്ദിക്കുന്ന വാക്കുകളുടെ സമുദ്ര കവിത എന്ന ലേഖനം അവർ ചില്ലക്ഷരങ്ങൾ തേടുമ്പോൾ എന്ന പുസ്തകത്തിൽ) ഏറെക്കാമ്പുള്ള വാക്കുകൾ.എന്തെന്നാൽ; പ്രസ്തുത വാക്കുകൾ പുതുകവിതയുടെ സഞ്ചാര പഥത്തിന് നൽകാവുന്ന നിർവചനങ്ങളിലൊന്നാണ്. പുതു കവിത ഒരു കീഴ് വഴക്കങ്ങൾക്കും അടിമപ്പെടുന്നില്ല. ഒരു മാമൂലുകളേയും കൂട്ടു പിടിക്കുന്നില്ല. പരമ്പരാഗത വേലിക്കെട്ടുകളിൽ കുടുങ്ങിക്കിടക്കുന്നുമില്ല. സർവ്വം സ്വതന്ത്രം.!! അതുകൊണ്ടു തന്നെ പരിസരവും പരിസ്ഥിതിയും കാലവും വാർത്തകളും സംഭവങ്ങളുമൊക്കെ ഇതിന്റെ അംഗ പ്രത്യംഗം നിറയുന്നത് കാണാം .ഈ വഴികൾ കൃത്യമായി വരച്ചിടുന്ന ഒരു പിടിക്കവികൾ പുതു കവിതയിലിന്ന് സജീവമാണ്. വ്യാഖ്യാന സ്വഭാവത്തിന്റെ വിശാലത കൊണ്ടല്ല ഇവർ കവിതയിൽ ചുവടുറപ്പിക്കുന്നത്.മറിച്ച് ,ഹ്രസ്വമോ ദീർഘമോ എന്നതിനപ്പുറം നിലപാടുകളുടെ വേരുറപ്പിക്കലിലും അതിൽത്തന്നെയുള്ള ഉറച്ചു നിൽക്കലിലുമാണ് ഇവർ വ്യത്യസ്തരാകുന്നത്.ഇങ്ങനെയുള്ള കവിക്കൂട്ടത്തിൽ ശ്രദ്ധേയനായ യുവ കവിയാണ് ശ്രീ.അരുൺ സമുദ്ര.

”പൊരിവെയിലിനെ വെട്ടിത്തുലച്ച്
ഞാറുനട്ടും,
ചൂട്ടു കത്തിച്ചിരുട്ടിനെപ്പൊള്ളിച്ച്
മട കാത്തും, പാടിയ പാട്ടുകൾ
ആളെക്കൂട്ടിയാഘോഷിച്ച്
തൂക്കിലേറപ്പെടുമ്പോളതു കേട്ട്
നട്ടെല്ലു വളച്ചു നിൽക്കാൻ
നിന്റപ്പനോട് പോയിപ്പറ.
ഞങ്ങളുടേത്
ആകാശം കാക്കകൾക്കു കൂടിയും
മണ്ണ് കറുത്തവനു കൂടിയുമെന്ന്
വിളിച്ചു പറയാൻ
നിവർന്നു നിൽക്കുവാനുള്ളതാണ്”

‘അവർ ചില്ലക്ഷരങ്ങൾ തേടുമ്പോൾ ‘എന്ന കവിതാ സമാഹാരത്തിലെ ‘നട്ടെല്ല് ഒരു പണയ ഉരുപ്പടിയല്ല’ എന്ന കവിതയിലേതാണ് മുകളിൽ സൂചിപ്പിച്ച വരികൾ. കവിയുടെയീ പ്രഖ്യാപനം ഒരുറച്ച നിലപാടായാണ് മുഴങ്ങിക്കേൾക്കുന്നത്.
തിരിച്ചറിവിന്റെ ഉൾവിളികളാണ് ഈ സമാഹാരത്തിലെ മിക്ക കവിതകളും. മതം, രാഷ്ട്രീയം, രാഷ്ട്രീയ അരാജകത്വം,വിരഹം, ഫെമിനിസം, ജയം, തോൽവി, ചോദ്യം, മനുഷ്യൻ, സ്വപ്നം,വർഗ്ഗ ബോധം തുടങ്ങി പല ഘടകങ്ങളെ പല തരത്തിൽ കോർത്തിണക്കിയാണ് കവിതന്റെ തിരിച്ചറിവുകളെ മൂർത്തമാക്കുന്നത്.

കവിതയെഴുത്തിൽ കൃത്യമായൊരു ശീലം ദീക്ഷിക്കുന്ന കവിയൊന്നുമല്ല അരുൺ സമുദ്രയെങ്കിലും അനുഭവങ്ങളേയും കാഴ്ചകളേയും മൂർച്ചയുള്ള പദങ്ങളാക്കി മാറ്റാൻ അവഗാഹമായ കരവിരുത് കൈമുതലായുള്ളയാളാണീച്ചെറുപ്പക്കാരൻ.പ്രതിഷേധം രേഖപ്പെടുത്തേണ്ടിടത്ത് അത്യന്തം പ്രക്ഷുബ്ധനാ വാനും സംയമനം പാലിച്ചുകൊണ്ടുതന്നെ നിശിത വിമർശനാത്മക രചനകൾ സാധ്യമാക്കാനും ഈ കവിക്ക് ഒരു പോലെ കഴിയുന്നു.

” ലക്ഷ്യം നീ മാത്രമാകുമ്പോൾ
കാലുകളെനിക്കെന്തിന്” (നിറവ്) എന്ന് ആർദ്രമായഴുതുന്ന അരുൺ സമുദ്ര തന്നെയാണ്;

” അല്ലയോ ഗോമാതേ
പറ്റിയതു പറ്റി
ഇനിയെങ്കിലുമവിടുന്ന്
പ്രസവം നിർത്തിയീ
രാജ്യത്തേ കാക്കുമാറാകണം” (കാക്കുമാറാകണേ ) എന്നും പറയുന്നത്.’കാക്കുമാറാകണേ’ എന്ന കവിത അരുൺ സമുദ്ര സംവദിപ്പിക്കുന്നത് തീക്ഷ്ണ ഭാഷയിലല്ലയെങ്കിലും ചില സമകാലിക യാഥാർത്ഥ്യങ്ങൾ സമൂഹത്തിലുയർന്ന ചില വെല്ലു വിളികളുടേയോ വെല്ലുവിളിക്കുന്നവരുടേയോ നെഞ്ചും കൂട് തകർക്കാനുള്ള പ്രഹര ശേഷിയുള്ളതാണ്. നഷ്ടബോധം വേദനിപ്പിക്കുന്ന ഭാഷയിൽ;

” കൊന്ന്
തൂക്കി വിൽക്കപ്പെടുന്ന
പുഞ്ചിരികളാണോരോ പൂക്കളങ്ങളും.” എന്ന് ‘തൂക്കം’ എന്ന കവിതയിൽ പറയുന്ന കവി ഒരാത്മ പരിശോധനയ്ക്ക് വിധേയനാകുന്ന കാഴ്ച കാണാം.അതായത്, പൂക്കളങ്ങളുടെ സൗന്ദര്യത്തെ നിരാകരിക്കാതെ തന്നെയാണ് പൂക്കൾക്ക് നേരിട്ട വിപത്തിൽ കവി വ്യാകുലനാകുന്നത്.ആ വ്യാകുലത ”തൂക്കി വിൽക്കപ്പെട്ട പുഞ്ചിരികളാ”യാണ് കവിതയിൽ നിറയുന്നത്.’ പ്രതിജ്ഞ ‘ഒരു പ്രരോദനമാണ്.

” ഇന്ത്യ
എന്നൊരു രാജ്യമുണ്ടായിരുന്നു
അവിടെ എല്ലാ ഇന്ത്യക്കാരും
സഹോദരീ സഹോദരന്മാരെപ്പോലെയായിരുന്നു”

ഇങ്ങനെയാണ് കവിയുടെ പ്രതിജ്ഞ.വിധ്വംസകത്വം വിളയാടുന്ന ഒരു മണ്ണിൽ നിന്നും ഒരിക്കലും മാറി നിൽക്കാനാവാത്ത ഒരുവന്റെ വിദൂര(വർത്തമാനത്തിന്റെയും) ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാട്.’അറിയിപ്പ്’ എന്ന കവിത ‘അവർ ചില്ലക്ഷരങ്ങൾ തേടുമ്പോൾ’ എന്ന കവിതാ സമാഹാരത്തിന്റെ തുറുപ്പു ചീട്ടാണ്. എണ്ണം പറഞ്ഞ നെറികേടുകളെ വെട്ടാനുള്ള തുറുപ്പ് ചീട്ട്.

” അച്ഛൻ കിളച്ചിട്ട പാടത്തെ
കതിരോളങ്ങളെന്നെ പഠിപ്പിച്ചത്
കൊയ്തെടുത്തറയിൽ കൂട്ടാനല്ല
വിതയ്ക്കാൻ പാകത്തിന് വിത്തൊരുക്കാനാണ്. ” (അറിയിപ്പ്) പൂഴ്ത്തി വെയ്പുകളുടെ കഴുത്തറുക്കലാണീ വരികൾ .’പാoങ്ങൾ പഠിക്കുമ്പോൾ’ , ‘കത്ത് ‘ എന്നീക്കവിതകൾ വ്യക്തിയുടെ ദർപ്പണങ്ങളാണ്. ‘പ്രവാസം’ വായനക്കാരന് നൽകുന്നത് വിരഹത്തിന്റെ രുചിയാണ്. ‘മുലകൾക്ക് ചിലത് പറയാനുണ്ട്’ എന്ന കവിത യാഥാർത്ഥ്യത്തിലൂടെയാണ് സഞ്ചരിക്കുന്നതെങ്കിലും അതിഭാവുകത്വം രചനാ ഭംഗമായിത്തെളിയുന്നു.’ ആത്മഹത്യയ്ക്ക് മുൻപേ’ ഒരു നല്ല കവിതയുടെ ലക്ഷണ ഭദ്രത കാണിക്കുന്നു.ചുരുക്കത്തിൽ ഏറ്റക്കുറച്ചിലുകൾ തള്ളിക്കളഞ്ഞാലും ‘അവർ ചില്ലക്ഷരങ്ങൾ തേടുമ്പോൾ’ എന്ന കവിതാ സമാഹാരത്തിലൂടെ അരുൺ സമുദ്രയെന്ന കവി പുതു കവിതയുടെ വഴിയിൽ തന്റെ സ്ഥാനം ഉറപ്പിക്കുന്നു.

Related posts