വിവിധ ധാരകളിൽപ്പെട്ട പ്രബല മലയാള സിനിമകളിൽനിന്ന് വിഭിന്നമായ ഒരു ദൃശ്യഭാഷയിലൂടെ കാണികളുമായി സംവദിക്കാൻ ശ്രമിക്കുന്ന സിനിമയാണ് സഞ്ജു സുരേന്ദ്രന്റെ എദൻ. തികച്ചും രേഖീയവും ലളിതവും സാമ്പ്രദായികവുമായ ഒരു ദൃശ്യഭാഷയോട് മുഖം തിരിച്ചുനിൽക്കുവെന്നതാണ് ഈ സിനിമയുടെ പ്രധാന പ്രത്യേകത. ഈ സിനിമയുടെ ഭാഷ അടുപ്പവും നീതിയും പുലർത്താൻ താൽപര്യപ്പെടുന്നത് അസാധാരണമായ കഥാഗതികളോടും കഥാപാത്രങ്ങളുടെ മനോഘടനയോടുമാണ്. ഒരേസമയം ഒറ്റപ്പെട്ടുനിൽക്കുകയും അപൂർവമായി ഇടകലരുകയും ചെയ്യുന്ന മൂന്നുകഥകളുടെ സവിശേഷമിശ്രണമാണ് ഈ സിനിമ.

ബോധ/അബോധങ്ങളിൽ അതിജീവനത്തിന്റെയും മരണത്തിന്റെയും ഇടനിലങ്ങളിൽ ജീവിതാസക്തികളുമായി പലനിലകളിൽ ഇടപെടുന്നവരാണ് ഈ സിനിമയിലെ മിക്കവാറും കഥാപാത്രങ്ങൾ. എങ്കിലും സമാന ജീവിത കാമനകൾ കൊണ്ട് സദൃശ്യപ്പടുന്നതല്ലാതെ അവർ സിനിമയിൽ പരസ്പരം കണ്ടുമുട്ടുകയോ യാതൊന്നും പങ്കിടുകയോ ചെയ്യുന്നില്ല. എന്നാൽ സിനിമയുടെ ഭാഷയ്ക്കൊപ്പം കൂടുന്ന, അഥവാ ഓരോ കഥയിലൂടെയും സഞ്ചരിക്കുന്ന കാണിയുടെ മനോവ്യാപാരത്തിൽ കഥാപാത്രങ്ങൾക്ക് പരസ്‍പരം കണ്ടുമുട്ടാനുള്ള ഒട്ടേറെ തുറസ്സുകൾ സാധ്യമാക്കുന്ന ഒരു ഫിലിമിങ് രീതിയാണ് സംവിധായകൻ ഏദനിൽ അവലംബിച്ചിട്ടുള്ളത്. ഇങ്ങനെയൊരു സാധ്യതയെ പൊലിപ്പിച്ചടുക്കാനാവാം ഒരുകഥയിലും അത്രയൊന്നും പ്രാധാന്യമില്ലാത്ത ഒരു കഥാപാത്രത്തെ മുന്നുകഥയിലും പ്രത്യക്ഷപ്പെടാൻ സംവിധായകൻ അനുവദിക്കുന്നത്. ഒരുപക്ഷെ ഒരുകഥാപാത്രം മുഖ്യകഥാപാത്രങ്ങളറിയാതെ ഒരു സിനിമയിലെ മൂന്ന് ഖണ്ഡങ്ങളിലും(കൃത്യമായി വേർതിരിച്ചെടുക്കാനാവാത്ത) പ്രത്യക്ഷപ്പെടുന്നത് ആദ്യമാവാം.

‘രസവിദ്യയുടെ ചരിത്രം’, ‘ആദം’ എന്നീ കഥാസമാഹാരങ്ങളിലൂടെ മലയാളത്തിൽ ശ്രദ്ധേയനായ എസ് ഹരീഷിന്റെ ‘നിര്യാതരായി’, ‘ചപ്പാത്തിലെ കൊലപാതകം’, ‘മാന്ത്രികവാൽ’ എന്നീ കഥകളെ അനന്യമായ രീതിയിൽ കലർത്തിക്കൊണ്ടാണ് സംവിധായകൻ എദന്റെ തിരക്കഥ തയാറാക്കിയിട്ടുള്ളത്. വളരെ സാധാരണവും പൊതുബോധത്തിലൂന്നിയതുമായ കാഴ്‍ചപ്പാടും ഭാവുകത്വവും പിൻപറ്റുന്നവരായിരിക്കുമ്പോഴും അസാധാരണമായും ചിലപ്പോഴൊക്കെ വിചിത്രമായും സഹജീവികളോട് സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നവരാണ് ഈ കഥകളിലെ പല കഥാപാത്രങ്ങളും. മികച്ച തിരക്കഥയും സംവിധാനമികവുകൊണ്ടും സുചിത കഥാപാത്രങ്ങൾക്ക് തിരശ്ശീലയിൽ കൂടുതൽ മിഴിവും വ്യക്തിത്വവും നൽകാൻ സഞ്ചു സുരേന്ദ്രന് കഴിഞ്ഞിട്ടുണ്ട്. സാഹിത്യം സിനിമയാക്കിയപ്പോൾ ടെക്സ്റ്റിനോട് നീതിപുലർത്തിയോ എന്ന സ്വാഭാവിക ചോദ്യത്തെ അഥവാ കടമ്പയെ അപ്രധാനമാക്കും വിധം മൗലികതയുള്ള ആവിഷ്‍ക്കാരമാണ് എദനിലൂടെ സഞ്ചു നടത്തിയിട്ടുള്ളത്. കഥകൾ എത്രമേൽ കഥാകൃത്തിന്റേത് ആയിരിക്കുന്നതുപോലെ സിനിമ സംവിധായകന്റേത് ആയിരിക്കുന്നുവെന്ന് ചുരുക്കം.

സിനിമയ്‍ക്ക് ആധാരമായ മൂന്നുകഥകളും ശരാശരി വായനയുള്ള മലയാളിക്ക് പരിചിതമാകയാൽ ‘കഥാസാര’ത്തിലേക്ക് കടക്കേണ്ടതില്ലെന്നു തോന്നുന്നു. സാധാരണക്കാരനായ നാട്ടുമ്പുറത്തുകാരനായിരിക്കുമ്പോഴും അസാധാരണമായ കാര്യങ്ങൾ ഒളിഞ്ഞും തെളിഞ്ഞും ചെയ്യുന്നവനാണ് ഹരി(അഭിലാഷ്). പട്ടിക്കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടുകയും, ആമയെ തിളച്ചവെള്ളത്തിലിടുകയും, പകലുമുഴുവൻ തിന്നും കുടിച്ചും കളിച്ചും ഒപ്പംകഴിഞ്ഞ ധനാഢ്യനായ വൃദ്ധന്റെ വീട്ടിലേയ്ക്ക് പാതിരാത്രിയിൽ ‘ചാത്തനേറ്’ നടത്തി സായൂജ്യമടയുന്ന കക്ഷിയാണ് പുള്ളിക്കാരൻ. പത്രത്തിലെ ചരമവാർത്തകൾ വെട്ടിയെടുത്ത് കശക്കി ഇവർ ചേർന്ന് കളിക്കുന്ന വിചിത്രമായ കളിയിലൂടെയാണ് മറ്റുരണ്ട് കഥകളിലേക്കുമുള്ള ലിങ്ക് കാണികൾക്ക് തുറന്നു കിട്ടുന്നത്. രണ്ടാമത്തെ കഥയിൽ ജോൺ എബ്രഹാമിനെ കണ്ട് ഈശോയാണെന്ന് തെറ്റിദ്ധരിച്ച് വീട്ടിൽ കൊണ്ടുപോയി കഞ്ഞികൊടുത്ത് ഒപ്പംനിർത്തി ഫോട്ടോയെടുക്കുന്ന റൗഡിയായ മാടൻ തമ്പിയെകുറിച്ചും, മൂന്നാമത്തെ കഥയിൽ നായികയായ നീതുവിന്റെ(നന്ദിനിശ്രീ) അപ്പന്റെ മരണവാർത്തയെകുറിച്ചുമുള്ള സൂചനകൾ ഇവരുടെ ഈ ചരമക്കോളം വെട്ടിക്കളിയിലുണ്ട്. ഒരുവേള നീതുവും കൂട്ടുകാരൻ ബിനീഷും(പ്രശാന്ത്) ചേർന്ന് ബാംഗ്ലൂരുനിന്ന് ബോഡി കൊണ്ടുവരുന്ന ഓമ്‍നി രണ്ടാമത്തെ കഥയിലൂടെ കടന്നുപോകുന്നുമുണ്ട്.

‘തൃഷ്‍ണയുടെ ഉദ്യാന’മെന്ന(Aedan-Garden of Desire) സിനിമയുടെ വിശേഷണം അന്വർത്ഥമാക്കുംവിധമാണ് ഈ സിനിമയുടെ സംവിധാനവും പകർത്തലും കഥാപാത്ര പരിചരണവും ശബ്ദമിശ്രണവും ചിത്രസന്നിവേശവും നിർവഹിക്കപ്പെട്ടിട്ടുള്ളത്. സിനിമ ഉൽപ്പാദിപ്പിക്കുന്ന അടിസ്ഥാന കാമനകളോട് നീതിപുലർത്തുന്ന അഭിനയശൈലിയാണ് മുഖ്യകഥാപാത്രങ്ങളായ അഭിലാഷ്, പ്രശാന്ത്, നന്ദിനിശ്രീ എന്നിവരുടേത്. ഐഎഫ്എഫ്‍കെയുടെ മത്സരവിഭാഗത്തിലേക്ക് പ്രവേശനം ലഭിച്ച ഏദൻ മേളയിൽ നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിക്കപ്പെട്ടത്. സിനിമയോടൊപ്പം കാണികളും മാറുന്നുവെന്നതിന്റെ സൂചനകൾ കൂടി ഇത്തരം സിനിമകളുടെ പ്രദർശനവിജയം(കുറഞ്ഞപക്ഷം മേളകളിലെങ്കിലും) നൽകുന്നുണ്ട്.

sanju-surendran-aedan-malayalam-movie
സഞ്ജു സുരേന്ദ്രൻ
M R Renukumar
Malayalam writer and poet

Leave a Reply