20.5 C
Bangalore
December 17, 2018
Untitled

നീർമാതളം പൂത്ത ജീവിതം ഏതു ഫ്രെയിമിൽ…

aami

90 കളുടെ തുടക്കത്തിൽ തിരുവനന്തപുരത്ത് വച്ചാണ് മലയാളത്തിൻറെ മാധവിക്കുട്ടിയെ, ഇംഗ്ലീഷിന്റെ കമലാദാസിനെ കണ്ടത്, അവരുടെ വീട്ടിൽ വച്ച്,  അവിടെ ജേണലിസത്തിനു പഠിക്കുകയായിരുന്ന ഇപ്പോൾ മലയാളമനോരമയിൽ ജോലി ചെയ്യുന്ന അനിൽകുരുടത്ത്, ജയൻശിവപുരം എന്നിവർക്കൊപ്പം. ഞാനന്ന് പിജി പരീക്ഷ എഴുതാൻ തിരുവനന്തപുരത്ത് എത്തിയതായിരുന്നു. ഞങ്ങൾ മൂന്നു പേരും കൂടി ഒരു ദിവസം രാവിലെ മാധവിക്കുട്ടിയെ കാണാൻ പോയി. അനിലിനും ജയനും ഇൻറർവ്യു അസൈൻമെൻറ് ഉണ്ടായിരുന്നു. നീർമാതളം പൂത്തപോലെ, പക്ഷിയുടെ മണവുമായി, കൈനിറയെ കുപ്പി വളകൾ, നെറ്റിയിൽ വലിയ കുങ്കുമപൊട്ട്, കടും നിറത്തിലുള്ള പട്ടുസാരിയിൽ മാധവിക്കുട്ടി ഞങ്ങളെ സ്വീകരിച്ചു. ഒരപ്സരസിനെ കാണുന്ന മായികതയിൽ ഞാൻ അന്ധാളിച്ചു നിന്നു. സംസാരിക്കാൻ തുടങ്ങിയപ്പോൾ പ്രിയ എഴുത്തുകാരി നിഷ്കളങ്കതയുടെ ആൾരൂപമായി. ഒരു കുഞ്ഞിൻറേതു പോലെ തിളങ്ങുന്ന കണ്ണുകളിൽ വികാരങ്ങൾ മിന്നിമറഞ്ഞു, പ്രണയം കടലിരമ്പി. ഓരോ വാക്കിലും സ്നേഹം ചാലിച്ചെഴുതുന്നതിൻറെ രഹസ്യം പിടികിട്ടി. ആ പറച്ചിലിൽ, എഴുത്തിൽ, ഒട്ടും കാപട്യമില്ല. പറയുന്നതെന്തോ അതുതന്നെ എഴുതി. അതാണ് എഴുത്ത്…
അതുകൊണ്ടാണ് മാധവിക്കുട്ടി എഴുതിയത് വായിക്കുമ്പോൾ ഓരോരുത്തർക്കും അത് ‘എന്റെ കഥ’യാവുന്നത്. ആഗ്രഹിച്ച ജീവിതം ജീവിച്ചു, ആഗ്രഹിച്ചതും തോന്നിയതുമൊക്കെ വള്ളിപുള്ളി ഒഴിവാക്കാതെ എഴുതി. തത്സമയമായിരുന്നു ജീവിതം. ഒന്നുമത്ര ആലോചിച്ചു ചെയ്യുന്നതല്ല എന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. ഇന്ത്യ അണുബോംബ് പരീക്ഷണം നടത്തിയപ്പോൾ വീട്ടിൽ പായസം വെച്ചുവിളമ്പി, മാധവിക്കുട്ടി ഹിന്ദുവർഗീയവാദിയായും സങ്കുചിത ദേശീയവാദിയായും മുദ്രയടിക്കപെട്ടു. സക്കറിയ ആ രീതിയിൽ സാംസ്കാരിക കേരളത്തെ വിചാരണ ചെയ്യുന്ന കാലമായിരുന്നു. അധികം താമസിയാതെ മതം മാറി ഇസ്ലാം സ്വീകരിച്ചു കമലാസുരയ്യയായി. അത്രയേയുള്ളു എന്നിൽ ആരോപിക്കപെടുന്നതൊക്കെയും എന്ന് മാധവിക്കുട്ടി ജീവിതംകൊണ്ട് തെളിയിച്ചു. പാട്ടുപാടുന്ന, നൃത്തമാടുന്ന, പ്രണയിക്കുന്ന എടോപോടോ എന്ന് ഇഷ്ടത്തോടെ ഇണങ്ങാനും പിണങ്ങാനും ചിണുങ്ങാനുമൊരു കൂട്ടുകാരനെ പോലൊരു ദൈവം, ആ ദൈവത്തെ കൃഷ്ണൻ എന്ന് പേരിട്ടു വിളിച്ചു. ബൊനീവറുടേതുപോലൊരു ദൈവസങ്കല്പം, സ്പിനോസയുടേതുപോലൊരു ദൈവസങ്കല്പം. എന്നാലും എന്റെ കൃഷ്ണാ എന്ന് ഇഷ്ടത്തോടെ, ചിലപ്പോൾ കള്ളകൃഷ്ണാ എന്ന് കെറുവിച്ചു.ആ കൃഷ്ണൻ മാധവിക്കുട്ടിയുടെ മതിഭ്രമത്തിൽ നിറഞ്ഞാടി, ഉള്ളറിഞ്ഞുപാടി. ആ കൃഷ്ണനെ മാധവിക്കുട്ടി കഥയിലും കവിതയിലും ജീവിതത്തിലും കൂടെ കൊണ്ടു നടന്നു. അതുകൊണ്ടാണ് ആ കൃഷ്ണനെയും കൊണ്ടാണ് ഞാൻ ഇസ്ലാമിലേക്ക് പോന്നത് എന്ന് പറഞ്ഞത്, അപ്പറഞ്ഞതിൻറെ പൊരുൾ അറിയുന്ന ഒരേയൊരാൾ അപ്പുറത്ത് ഉണ്ടായിരുന്നതുകൊണ്ടാണ് അന്ന് അനിഷ്ട സംഭവങ്ങൾ ഒഴിവായത്. ഭാവനക്കൊരു ഇടവും ഇല്ലാത്ത എന്തിനുംപോന്ന മതവിശ്വാസികളുടെ ലോകമായി തീർന്നിരുന്ന കേരളത്തിൽ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ പി പരമേശ്വരൻ കമലാസുരയ്യയായി മാറിയ മാധവിക്കുട്ടിയെ വിലയിരുത്തി സ്റ്റേറ്റ്മെന്റ് പുറപ്പെടുവിച്ചു. അതോടെയാണ് വർഗീയഹിന്ദുമതഭ്രാന്തന്മാർ പിൻവലിഞ്ഞത്.

ഉന്മാദത്തിൻറെ, പ്രണയത്തിൻറെ വഴിയേ അങ്ങനെ മാധവിക്കുട്ടി തോന്നിയ മാതിരി ജീവിച്ചു. ഇസ്ലാമിൽ എത്തിയപ്പോൾ ഇതുവരെ എഴുതിയതുപോലെ എഴുതരുതെന്നുള്ള സാഹിത്യക്ലാസ് സുരയ്യയെ പഠിപ്പിക്കാൻ മതത്തിന് ആളുകളുണ്ടായി. മാധവിക്കുട്ടിയായാലും കമലാസുരയ്യയായാലും താൻ മാറുന്നില്ലെന്നു സ്വയം അടയാളപെടുത്തി. മാധവിക്കുട്ടി മതംമാറിയ കാലത്ത് എന്റെ കഥ വിസിറ്റ് ചെയ്ത മതത്തെ വളരെ മൗലികവാദപരമായി കൊണ്ടു നടക്കുന്ന ഒരാൾ നടത്തിയ കമന്റ് ഓർത്തുപോകുന്നു. അങ്ങനെ ദുർനടത്ത ജീവിതത്തിന് മതംമാറാതെ മോക്ഷമില്ലെന്ന് വളരെ വൈകി എന്റെ കഥയിലെത്തിയ ആ പാവം വായനക്കാരൻ വിലയിരുത്തി, അതുകൊണ്ടുതന്നെ വാക്കിലും നിർവചനത്തിലും ഒതുക്കാനാവാത്ത മാധവിക്കുട്ടി എന്ന ആ വിസ്മയം കമൽ സിനിമയാക്കുന്നു എന്ന് കേട്ടപ്പോൾ പലരുടെയും നെറ്റി ചുളിഞ്ഞു. ഏതുതരം മാധവിക്കുട്ടിയെ, ഏതുതരം കമലാദാസിനെ, കമലാസുരയ്യയെ കമൽ ചിത്രീകരിക്കുന്നു എന്ന ആകാംഷ പൊതുവെ ഉണ്ടായിരുന്നു. ഓരോരുത്തർ ഓരോരോ രീതിയിൽ അവരുടെ ഹിതമനുസരിച്ചാണ് ഈ എഴുത്തുകാരിയെ നോക്കി കണ്ടത്. കമൽ എന്നാൽ​ കമാലുദ്ദീൻ ആണെന്ന് കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ ആക്രോശം നടക്കുന്ന സമയത്തായിരുന്നു ഈ സിനിമ അനൗൺസ് ചെയ്യപ്പെട്ടത്.

മാധവിക്കുട്ടി പ്രിയ എഴുത്തുകാരി ആയതിനാൽ ആമിയിൽ താല്പര്യം ഏറെയായിരുന്നു. മലയാളി വായിച്ചറിഞ്ഞ, കേട്ടറിഞ്ഞ അങ്ങനെ മിത്തായി മാറിയ മാധവിക്കുട്ടിയിലാണ് കമൽ താല്പര്യം കാണിച്ചത്. കമൽ ഏറെ ആരാധനയോടെ, സന്ദേഹത്തോടെ, ഭയപ്പാടോടെ ആണ് ഈ സിനിമയെ സമീപിച്ചത്. ഇലക്കും മുള്ളിനും കേടുപറ്റാതെ മുതൽമുടക്കിയ ആളുടെ ഹിതം കാത്തു. പ്രത്യേകിച്ച് മതംമാറ്റത്തിലേക്കു നയിച്ച മാധവിക്കുട്ടിയെ, മതംമാറിയ കമലാസുറയ്യയെ ചിത്രീകരിക്കുന്നതിൽ തുല്യ അകലം പാലിച്ചു. കമലിൻറെ ഉള്ളിലുള്ള ക്രിട്ടിക്കൽ ഇൻസൈഡറെ ആവോളം തൃപ്തിപെടുത്തുന്നുണ്ട്. മതംമാറ്റത്തെ ക്രിട്ടിക്കലായും അതേസമയം നിരപേക്ഷമായും ചിത്രീകരിക്കാൻ സാധിച്ചത് അതുകൊണ്ട്. ഏതു മതം വേണം, വേണ്ട എന്ന് തീരുമാനിക്കുന്നതിൽ മറ്റുള്ളവർക്ക് എന്ത് കാര്യം എന്നും മതം മാറ്റം ഒരാളുടെ പ്രത്യേകിച്ച് ഒരെഴുത്തുകാരിയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നും വളരെ നിരപേക്ഷ നിലപാടിൽ കമൽ ചിത്രീകരിക്കുന്നു. പത്രത്താളുകളിൽ, ദൃശ്യമാധ്യമങ്ങളിൽ മലയാളികൾക്കു പരിചിതയായ എഴുത്തുകാരിക്കപ്പുറം കമൽ പോവുന്നില്ല. ആദ്യപകുതിയിൽ വല്ലാത്തൊരു ദൗർബല്യം സിനിമയെ പിന്തുടരുന്നു. കൃതികളിൽ മലയാളി പരിചയപെട്ട എഴുത്തുകാരി സിനിമയിൽ നാം കാണുന്ന എഴുത്തുകാരിക്കും എത്രയോ ഉയരത്തിലാണ്. മാധവിക്കുട്ടിയുടെ ജീവിതം പലവിധ മാനങ്ങളിൽ ചിത്രീകരിക്കാവുന്ന പലവിധ സിനിമകളാണ്. ഒന്നും മറ്റൊന്നിന്റെ തുടർച്ചയേ ആവില്ല.

കമൽ കണ്ട, ആരാധിച്ച മാധവിക്കുട്ടിയെ മഞ്ജുവാര്യർ മനസറിഞ്ഞ് അവതരിപ്പിച്ചിട്ടുണ്ട്. വിഭജിതസമൂഹത്തിൽ സംഘർഷങ്ങൾക്ക് വഴിമരുന്നിട്ടേക്കാവുന്ന ബയോഗ്രഫി ആവിഷ്കാരത്തിനു വിധേയമാക്കുമ്പോഴുള്ള ആകുലതകൾ പല ഷോട്ടിലും കാണാം. ഷോക്കേസ് ചെയ്യാവുന്ന ദൃശ്യങ്ങൾ മാത്രമായി സിനിമ മാറുന്നത് വിഷയത്തിൽ ആഴം കാണാനുള്ള സംവിധായകൻറെ പ്രാപ്തികുറവിനെ തന്നെയാണ് കാണിക്കുന്നത്. ആയതിനാൽ സിനിമയിൽ പ്രേക്ഷകർക്ക് നോവുന്നില്ല, പൊള്ളുന്നില്ല, അനുഭവിപ്പിക്കുന്ന തലം കുറയുന്നു. മാധവിക്കുട്ടിയെ പോലൊരു ലോകനിലവാരത്തിൽ ഉള്ള ഒരു എഴുത്തുകാരിയെ നേരിടാനുള്ള പ്രാപ്തി കാലമിത്രയായിട്ടും മലയാളി കൈവരിച്ചിട്ടില്ല എന്നതിന് തെളിവാണ് കമൽ എന്ന സംവിധായകൻ ആമിയിൽ അനുഭവിക്കുന്ന പരിമിതി.

manju warrier aami images
photo courtesy: onlookersmedia.in

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.