25 C
Bangalore
December 17, 2018
Untitled

ആ പ്രണയ മഴ പെയ്തൊഴിഞ്ഞു

umbayee

കാമുകന് കാമുകിയോടുള്ള പ്രണയം പോലെയോ അമ്മക്ക് കുഞ്ഞിനോട് തോന്നുന്ന സ്നേഹവാത്സല്യം പോലെയോ മുതിർന്നവർക്ക് കുട്ടികളോട് തോന്നുന്ന കൌതുകം പോലെയോ ഒക്കെ അനുഭവിച്ചറിയേണ്ട ഒന്നാണ് സംഗീതം. ’മനുഷ്യർക്ക് ചെവി ഉണ്ടായിരുന്നെങ്കിൽ എല്ലാ വസ്തുക്കളിൽ നിന്നും അവർക്ക് ഹൃദയഹരിയായ സംഗീതം ശ്രവിക്കാൻ കഴിഞ്ഞേനെ’ എന്ന് പ്രസസ്ത ആംഗലേയ കവിയായ ബൈറൻ പറയനിടയായത് എല്ലാ മനുഷ്യരിലും നാം കാണുന്ന ചെവി ചെവിയല്ല എന്നും ചെവിയുടെ രൂപം മാത്രമാണ് അതെന്നും തിരിച്ചറിഞ്ഞത് കൊണ്ടാണ്. മലയാളികൾക്ക് പ്രായമോ ജാതി മതഭേദമോ ഇല്ലാതെ എല്ലാവർക്കും ചെവിയുണ്ടെന്ന് തിരിച്ചറിയുന്നതിന് സംഗീതം വഹിച്ച പങ്കു ചെറുതല്ല.

ഓടക്കുഴൽ സുഷിരങ്ങളിൽ നൃത്തംവെക്കുന്ന ഇളംകാറ്റെന്നപോലെയും മിഴാവ് വാദകന് ജന്മസിദ്ധമായി ലഭിച്ച കൈവിരൽ ശുദ്ധിയെന്നപോലെയും ശുദ്ധികരിക്കപ്പട്ടെ ഒരു മനസ്സിന് മാത്രമേ ഒരു സമൂഹത്തിന് മാത്രമേ സംഗീതത്തെ അറിയാനും അതാസ്വദിക്കാനും മനുഷ്യനെ പരസ്പരം തിരിച്ചറിയാനും സാധിക്കുകയുള്ളൂ. ദ്വാരങ്ങൾ ഇട്ട മുളംകുഴലിലൂടെ ഇളംകാറ്റ് കടന്നു പോകുമ്പോൾ ഉണ്ടാകുന്ന ശബ്ദ വീചികളിൽ നാം പ്രണയാർദ്രമായ സംഗീതം ശ്രവിക്കുന്നു. ശുദ്ധ സംഗീതം പാകതയാർന്നൊരു സമൂഹത്തിന് മാത്രമേ ആസ്വദിക്കാനാകുകയുള്ളു. ഗസൽ മലയാളികളെ സംന്ധിച്ചെടത്തോളോം വൈകിയെത്തിയ വിരുന്നുകാരനാണ്. ബാബുരാജ്, ദേവരാജ പ്രതിഭകൾ സിനിമ സംഗീതത്തിൽ ഗസൽമൂടുള്ള ധാരാളം ഗാനങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ഗസിലിനെ ഒരു പ്രത്യേക സംഗീതധാരയായി വളർത്തിയെടുത്തതിൽ ആചാര്യ സ്ഥാനമലങ്കരിച്ചൊരു പേരുണ്ട് സംഗീതാസ്വാദകരുടെ ചുണ്ടുകളിൽ, അതണ് ഉമ്പായി.

മലയാളത്തില്‍ ഗസലോ എന്ന് സംശയിച്ചവരെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് ഉമ്പായി പാടുകയായിരുന്നു. പ്രായഭേദമന്യേ ഏതൊരാളുടെയും മനസ്സിൽ പ്രണയത്തിന്റെയും വിരഹത്തിന്റെയും വേദനയുടെയും പെരുമഴ പെയ്യിച്ചുകൊണ്ട്’നന്ദി പ്രിയസഖീ നന്ദീ, നീ തന്നതിനെല്ലാം നന്ദീ’. അല്ലെങ്കിൽ ‘സുനയനെ സുമുഖി സുമവദനെ സഖി എന്നോ അതുമല്ലെങ്കിൽ ‘ഒരിക്കൽ നീ പറഞ്ഞു പ്രണയം ദിവ്യമെന്ന്’ എന്നോ പാടി സംഗീതത്തെ ഒരു മതമാക്കി വളർത്തിയെടുത്ത ഗസലിന്റെ അത്ഭുതലോകം മലയാളികള്ക്കാ യി തുറന്നുവെച്ച ഉമ്പായി ഇനിയൊർമ്മയാണ്. പി എ ഇബ്രാഹിമിനെ ഉമ്പായി എന്ന് വിളിച്ചത് മലയാളം കണ്ട വിഖ്യാത ചലച്ചിത്രകാരനും സാംസ്‌കാരിക പ്രവത്തകനുമായ ജോൺ എബ്രഹാം ആണെന്നാണ് എന്റെ എളിയ ഓർമ്മ.

സ്ത്രീയോട് സ്നേഹത്തെക്കുറിച്ച് പാടുന്ന രീതിയാണ് ഗസൽ. 10അം നൂറ്റാണ്ടിൽ ഇറാനിൽ ആരംഭം കുറിക്കുകയും അറേബിയൻ ഗാനശാഖയായ ഖാസിദയിൽ നിന്നും തുടക്കം കുറിച്ച ഒരു സംഗീത വിസ്മയം. ദൈവത്തെയോ രാജാവിനെയോ സ്തുതിച്ചു കൊണ്ട് എഴുതപ്പെട്ട ഖാസിദയുടെ ഒരു ഭാഗമായ തഷ്ബിസിയിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന ഇന്നത്തെ ഗസലിന് പ്രണയമാണ് മുഖ്യ വിഷയം. അതിനിന്ന് ദേശമോ ഭാഷയോ സാംസ്കാരിക തനിമകളോ ഇല്ല. പാകിസ്താനിയായ ഗുലാം അലിയും അതിർത്തിക്കിപ്പുറത്തുനിന്നും ജഗത് സിങ്ങും, ചിത്ര സിങ്ങും, മെഹതി ഹസ്സനും, പങ്കജ് ഉദാസും ഇങ്ങു കേരളക്കരയിലെ ഉംബായും ഷബാസ് അമനും, ബാബുരാജും അങ്ങനെ അറിയപ്പെടുന്നവരും അല്ലാത്തവരുമായ ലക്ഷോപലക്ഷം ജനങ്ങൾ ഒരു മൂളിപ്പട്ടായി പാടിരസിക്കുന്നു. ഇളംകാറ്റുപോലെ പാടി ആസ്വാദകരെ പ്രണയ മഴയിൽ കുളിപ്പിച്ച് കൊണ്ടിരിക്കുന്നു. ഭാഷകൾക്കതീതമായ ഒരു വികാരമായി.

ദാരിദ്ര്യവും വേദനയും കഷ്ടതകളും നിറഞ്ഞ ജീവിതവഴികൾ താണ്ടിയതായിരുന്നു ഉമ്പായിയുടെ സംഗീതയാത്ര. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഗസലുകളില്‍ ആ തീവ്രാനുഭവങ്ങളുടെ ചൂടും ചൂരുമുണ്ടായി. ചുമട്ടുജോലി മുതല്‍ കള്ളക്കടത്ത് വരെയുള്ള ജീവിതാനുഭവങ്ങളുണ്ടു ആ ജീവിതത്തിന്. അതിനാൽ അദ്ദേഹത്തിന്റെ സംഗീതത്തിലും അത് അനുഭവിച്ചറിയാനാകുമെന്ന് അദ്ദേഹം തന്നെ തന്റെ ആത്മകഥയായ ‘രാഗം ഭൈരവി’ എന്ന പുസ്തകത്തിലൂടെ സാക്ഷ്യപ്പെടുത്തുനിന്നു. സമ്പന്നരുടെ വീടുകളിലും സൗഹൃദസദസ്സുകളിലും നിശാക്ലബുകളിലും വരേണ്യ സംഗീതമായി ഒതുങ്ങിനിന്ന ഗസലെന്ന മാന്ത്രികതയെ കുടിലുകളിലേക്കും തെരുവോരങ്ങളിലേക്കും സാധാരണക്കാരിലേക്കും, എത്തിക്കുന്നതില്‍ ഉമ്പായിവഹിച്ച പങ്കു ആർക്കും നിഷേധിക്കാനാകില്ല. ഓ എൻ വി സച്ചിദാന്ദൻ എന്നിവരുടെ കാവ്യശകലങ്ങളും ബാബുരാജ്, ദേവരാജ് പ്രതിഭകളുടെ ഹിന്ദുസ്ഥാനി രാഗങ്ങളിലുള്ള പ്രണയഗാനങ്ങളും തന്റേതായ ആലാപന ശൈലി നൽകി പുനരാവിഷ്ക്കാരം നടത്തി ഗസലിനെ കൂടുതൽ ജനകിയമാക്കി മാറ്റുന്നതിൽ അദ്ദേഹം വഹിച്ച പങ്കു ആർക്കാണ് മാർക്കാനാകുക.

ഇമ്പമാർന്ന വരികൾ തെരഞ്ഞെടുത്ത് അതിന് കാല്പനികമായ ഭാവങ്ങൾ മെനഞ്ഞെടുത്ത് ‘പാതിരാവിൽ പായ് നിഴലിൽ പാടുവാനായി ഞാനിരുന്നു സഖി’ എന്ന് പാടി എങ്ങനെയാണ് അദ്ദേഹം മനസ്സുകളെ നൃത്തം ചെയ്യിക്കുന്നന്നോർത്തു അതിശയിച്ചു നിന്നുപോകാറുണ്ട്. ഉമ്പായി പാടുമ്പോൾ ആരുടെ മനസ്സിലാണ് പ്രണയമഴ തിമിർത്ത് പെയ്യാത്തത്‌. ഉമ്പായി അതിമനോഹരമായി സംഗീതം ഉതിർക്കുന്നൊരു ഓടക്കുഴലായിരുന്നു. രാജ്യാതിർത്തികളോ ജാതി മതഭേദമോ കക്ഷി രാഷ്ട്രിയ വിദ്വേഷമോ ഇല്ലാത്ത സംഗീതമാകുന്ന മതത്തിന്റെ സുൽത്താനായിരുന്നു. ഇനി നമുക്കാ ഓർമ്മയിൽ കുളിച്ചിരിക്കാം. നമ്മുടെയുള്ളിലെ വിദ്വേഷങ്ങളും വെറുപ്പുകളും ആ സംഗീത മഴയിൽ ഒലിച്ചിറങ്ങി ശുദ്ധികരിക്കപ്പെടട്ടെ, അങ്ങനെ മാനവികത വിജയിക്കട്ടെ. ആ സംഗീത പ്രതിഭയുടെ ഓർമ്മകൾക്കുമുമ്പിൽ ശിരസ്സ് നമിക്കുന്നു. ഹൃദയംഗമായ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട്.

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.