27.5 C
Bengaluru
January 17, 2020
Untitled

വന്യം

ഭാഗം -1

 

അന്ന്  രാത്രി  കോരിച്ചൊരിയുന്ന  മഴയായിരുന്നു . കൊടും  വളവുകളുള്ള  ആ  പാതയിലൂടെ  ഇഴഞ്ഞിഴഞ്ഞു  ആ  ലോറി  മുന്നോട്ടു  നീങ്ങുകയാണ് . ചെറിയൊരു  അശ്രദ്ധ  മതി  വശങ്ങളിലുള്ള  കൊക്കകളിൽ  ജീവൻ  പൊലിഞ്ഞു  പോകാൻ !

 

ഡ്രൈവർ – മൊട്ടത്തലയനും  കൊമ്പൻ  മീശയുമുള്ള  ഒരാൾ . മുഖത്തെ  ഗൗരവം  കണ്ടാൽ  ആരും  ഭയന്ന്  പോകും !”കിളി ” നല്ല  ഉറക്കത്തിലാണ് . കഷ്ടിച്ച്  കയറ്റം  കഴിഞ്ഞതേയുള്ളൂ , അപ്പോഴാണ്  ലോറിക്ക്  മുമ്പിൽ  ഒരാൾ കൈ  നീട്ടിയത് .

 

ചുക്കിച്ചുളിഞ്ഞ  ഷർട്ടും  മുണ്ടും  ധരിച്ച  ഒരാൾ . തോളിൽ  ഒരു  ചെറിയ  ബാഗുമുണ്ട് . ഡ്രൈവർ  വണ്ടി  നിർത്തി .

 

“എങ്ങോട്ടാ ?”

 

“നഗരത്തിലേക്ക്  “

“ഞാനും കൂടെ  വരട്ടെ ?”

“ബസ്  ചാർജിനേക്കാൾ  പത്തുരൂപ  കൂടുതൽ  തരണം !”

“ശരി !”

അയാൾ  ലോറിയിൽ  കയറി . യാത്ര  തുടർന്നു .

 

മുന്നിൽ  ലോറിയുടെ  വെളിച്ചമുണ്ടെങ്കിലും  വേഗത്തിൽ  പോകാനാകാത്ത  അത്ര  ശക്തമായ  മഴയാണ് . യാത്രക്കാരന്റെ  ഷർട്ടും  മുണ്ടുമെല്ലാം  നനഞ്ഞു  കുതിർന്നു  ഇറ്റുന്നുണ്ട് .

“എനിക്ക്  ഉറക്കം  വരുന്നുണ്ട് . ഞാൻ  വണ്ടി  ഒരു വശത്തു  നിർത്താൻ  പോവ്വാ !”-ഡ്രൈവർ

“ശരി !”

ലോറി  ഒരു  വശത്തേക്ക്  ചേർത്ത്  നിർത്തി .

“ഉള്ളിൽ  കെടക്കാൻ  സ്ഥലം  കൊറവാണ് . നമുക്ക്  ഇരുന്ന്  ഒറങ്ങാം !”-ഡ്രൈവർ

‘ആയിക്കോട്ടെ !”

അങ്ങനെ  അവർ  കണ്ണുകൾ  ചിമ്മി . അല്പസമയം  കഴിഞ്ഞു . യാത്രക്കാരൻ  പതുക്കെ  കണ്ണുതുറന്നു . മഴ  പെയ്തൊഴിഞ്ഞിരിക്കുന്നു . അയാൾ  തപ്പിപ്പിടിച്ചു  ബാഗ്  തുറന്ന്  ടോർച്ചെടുത്തു . പതുക്കെ  ലോറിയിൽ  നിന്ന്  ഇറങ്ങി . ഡ്രൈവറും  കിളിയും  നല്ല  ഉറക്കത്തിലാണ് .

അയാൾ  ടോർച്ചുമെടുത്തു  ലോറിയുടെ  പിറകിലേക്ക്  വന്നു . നമ്പർ  പ്ലൈറ്റിലേക്കു  ടോർച്ചടിച്ചു  കൊണ്ട്  പറഞ്ഞു :

“മറക്കില്ല  ഞാൻ , ഈ  നമ്പർ – M -7070 “

അയാളുടെ  കണ്ണുകൾ  ചുവന്നിരുന്നുവോ ?

ടോർച്ചും  കൊണ്ട്  അയാൾ  ലോറിയുടെ  അടിയിലേക്ക് ഊഴ്ന്നിറങ്ങി.

ഭാഗം -2 – വന്യം

 

 പിറ്റേദിവസം  പുലർന്നത്  ജനങ്ങളുടെ  ഹൃദയഭേദകമായ  കരച്ചിലോടു  കൂടിയാണ് .

ലോറി  കരിഞ്ഞ  നിറത്തിലായി  കഴിഞ്ഞിരിക്കുന്നു .കരിഞ്ഞു  വികൃതമായ  ശരീരങ്ങളുടെ  രൂക്ഷഗന്ധം  നാസികകളെ  കീഴടക്കുന്നു .

പല  സ്ത്രീകളും  തങ്ങളുടെ  ആരുമല്ലാത്ത  ആ  ശരീരത്തെക്കണ്ടു  വാവിട്ടു  കരയുന്നുണ്ട് .

ജനങ്ങളെ  വകഞ്ഞു  മാറ്റിക്കൊണ്ട് പോലീസ്  ജീപ്പും  ആംബുലൻസും

വന്നു  ചേർന്നു . ആ  കരിഞ്ഞ  ശരീരങ്ങളെ  വാരിക്കൂട്ടി  ആംബുലൻസ്  കുതിച്ചു .

മോർച്ചറി .

ബന്ധുക്കൾ  തേടിവരാത്ത  ശവങ്ങളുടെ  കൂടെ  തിരിച്ചറിയുക  പോലും  ചെയ്യാൻ  കഴിയാത്ത  ആ  മൃത ദേഹങ്ങൾ  കിടത്തി .

സമയം  രാത്രി .

ചീവീടുകൾ  മൂളുന്നുണ്ട് .

കുറുക്കന്മാർ  ഓരിയിടുന്നുണ്ട് .

ഇതൊന്നും  പ്രശ്നമാക്കാതെ  കാവൽക്കാരൻ  കിടന്നുറങ്ങുകയാണ് .

പെട്ടെന്നാണൊരു  കൊടുങ്കാറ്റ്‌  വീശിയത് .

ആ  അജ്ഞാത  ശവങ്ങളുടെ  ശരീരഭാഗങ്ങൾ  പല  കഷ്ണങ്ങളായി  വായുവിലേക്കുയർന്നു .

പെട്ടെന്ന്  മോർച്ചറിയുടെ  വാതിലുകൾ  തുറക്കപ്പെട്ടു .

ശരീരഭാഗങ്ങൾ  വായുവിലൂടെ  പറന്നു  പുറത്തു  കടന്നു .

കാറ്റിന്റെ  ശബ്ദം  കേട്ടുണർന്ന  കാവൽക്കാരൻ  അവനനവനെത്തന്നെ  പിച്ചി  നോക്കി .

ഇത്  മായയോ  സത്യമോ ?

അതോ  മദ്യത്തിന്റെ  ലഹരിയിൽ  തോന്നുന്നതോ ?

എത്രയോ  കാലമായി  ശവങ്ങളുടെ  കൂടെ  കഴിയുന്നു . ഒന്നിനും  തന്നെ  ഭയപ്പെടുത്താനാകില്ല !

പെട്ടെന്ന്  ഒരു  പൊട്ടിത്തെറിയുടെ  ശബ്ദത്തോടെ  ഒരു  പ്രകാശം  മുന്നിൽ  വന്നു . ആ  പ്രകാശം  ചലിക്കുവാൻ  തുടങ്ങി . അതിനു  പിന്നാലെ  ആ  ശരീരഭാഗങ്ങൾ  പറന്നു  പിന്തുടർന്നു .

“എന്താണിത്  കണ്ടുപിടിച്ചിട്ട്  തന്നെ  കാര്യം !” അയാൾ  ആ  പ്രകാശത്തിന്റെയും  ശരീരഭാഗങ്ങളുടെയും  പിന്നാലെ  ഓടി .

അവസാനം  ഒരു  ഗുഹയുടെ  സമീപത്തെത്തി . പ്രകാശം  ഗുഹയെ  അടച്ച  വലിയ  പാറക്കഷ്ണത്തിൽ  തട്ടി  പാറ  നാലുവശത്തേക്കും  തെറിച്ചു  പോയി .

പ്രകാശം  വീണ്ടും  മുന്നോട്ടുപോയി , ശരീരഭാഗങ്ങൾ  പിന്തുടർന്നു .

അതാ  അങ്ങകലെ  ഒരു  ചെറിയ  ഹോമകുണ്ഡം  കാണുന്നു .

എന്താണീ  സംഭവിക്കുന്നത് ?

ശരീരഭാഗങ്ങൾ  സ്വയം  അതിലേക്കു  വന്നു  പതിക്കുന്നുവോ ?

ഒരു  പൊട്ടിച്ചിരിയല്ലേ  ആ  കേൾക്കുന്നത് ?

ഗുഹയുടെ  വാതിലുകൾ  തന്നെ  അടയുന്നുവോ ?

കാവൽക്കാരൻ  ജീവിതത്തിൽ  ആദ്യമായി  പേടിച്ചു  ഈളിയിട്ടു  കരഞ്ഞു

 

വന്യം -ഭാഗം -3

(എഴുതിയത് -രാജേഷ്  ആട്ടീരി -താനൂർ )

പെട്ടെന്നാണ്  വീണ്ടുമൊരു  പ്രകാശം  അയാളുടെ  മുന്നിൽ  വന്നു  നിന്നത് .അത്  ഒരു  പന്തമായി  മാറി  ഗുഹയുടെ  ചുമരിൽ  ആരോ  വെക്കുന്നതുപോലെ  വന്നു  നിന്നു .

വീണ്ടും  ആ  പൊട്ടിച്ചിരിയുടെ  ശബ്ദം  കേട്ടു . അയാൾ  ധൈര്യം  സംഭരിച്ചു  കൊണ്ട്  ചോദിച്ചു .

“ആരാ ?”

“ഞാൻ  മന്ത്രവാദി  കപാലി .”

“നിങ്ങളെ  എനിക്ക്  കാണാൻ  കഴിയുന്നില്ലല്ലോ ?”

വീണ്ടും  ഒരു  പൊട്ടിച്ചിരിയാണ്  മറുപടി . അല്പസമയത്തിനു  ശേഷം  ആ  ചിരി  നിന്നു .

“ഞാൻ  അദൃശ്യനാവാനുള്ള  മരുന്ന്  കഴിച്ചിട്ടുണ്ട് .ഈ  ഭൂമിയിൽ  പലതും  ചെയ്യണമെങ്കിൽ  അദൃശ്യനാവണം !”

“എനിക്കൊന്നേ  അറിയാനുള്ളൂ , ആദ്യമേ  കരിഞ്ഞ  ശരീരത്തെ  എന്തിനാണ്  ഹോമകുണ്ഡത്തിൽ  ഹോമിച്ചത് ?”

“എൻ്റെ  പക  അടങ്ങാൻ  വേണ്ടി !”

“മരിച്ചു  കഴിഞ്ഞവരോട്  വീണ്ടും  എന്തിനാണ്   പക ?”

“എൻ്റെ  കുടുംബത്തെ  നശിപ്പിച്ചവരോട്  ഞാൻ  മറ്റെന്തു  ചെയ്യണം ? ഞാൻ  മന്ത്രവാദം  പഠിച്ചതുതന്നെ  തെളിവില്ലാതെ അവരെ  നശിപ്പിക്കാൻ  വേണ്ടിയാണ് !”

“എന്താണവർ  ചെയ്തത് ?”

ഒരു  തേങ്ങലായിരുന്നു  മറുപടി .

അത്‌ഭുതമെന്നോണം  രണ്ടു  പാറയുടെ  ഇരിപ്പിടങ്ങൾ  അവിടെ  രൂപപ്പെട്ടു . ഒരു  പുക  വന്ന്  ഒരു  ഇരിപ്പിടത്തിന്മേൽ  വന്നു  നിന്നു . അത്  ഒരു  മനുഷ്യനായി  മാറി . ജട  പിടിച്ച  മുടി , കുഴിഞ്ഞ  കണ്ണുകൾ , നീണ്ടതാടി . നെറ്റിയിലും  നെഞ്ചത്തും  കയ്യിന്മേലെല്ലാം  ഭസ്മം  പുരട്ടിയിട്ടുണ്ട് . കഴുത്തിൽ  തലയോട്ടി  കൊണ്ടുള്ള  മാല .പുലിത്തോലാണ്  വേഷം .ഗൗരവം  നിറഞ്ഞ  മുഖം .

“ഇരിക്കൂ !”

അയാൾ  കപാലി  പറഞ്ഞത്  യാന്ത്രികമായി  അനുസരിച്ചു

“എന്താണവർ  ചെയ്തത് ?”

“നിങ്ങൾ  വലത്തേക്കയ്യിന്റെ  തള്ള  വിരൽ  നെഞ്ചോടു  ചേർത്ത്  മറ്റു  വിരലുകൾ  മടക്കി   കണ്ണടച്ച്  ചമ്രം  പടഞ്ഞിരിക്കൂ . എൻ്റെ  മനസ്സിലെ  കാര്യങ്ങൾ  നിന്റെ  മനസ്സിലേക്ക്  ഒഴുകിയെത്തും !”

കപാലി  ചമ്രം  പടഞ്ഞു  ഇരുന്നു  അയാളോട്  പറഞ്ഞപോലെ  തൻ്റെ   വലത്തേക്കൈ  നെഞ്ചോടു  ചേർത്ത്  വെച്ചു . കാവൽക്കാരനും  അതുപോലെത്തന്നെ  ചെയ്തു .

കപാലിയുടെ  ഹൃദയത്തിൽ  നിന്ന്  ഒരു  ചെറിയ  ജ്വാല  തലയിലൂടെ  പുറത്തുവന്നു . അത്  വായുവിലൂടെ  സഞ്ചരിച്ചു  കാവൽക്കാരന്റെ  വലത്തേക്കയ്യിലൂടെ  നെഞ്ചിൽ  പ്രവേശിച്ചു .

കാവൽക്കാരൻ  ആകെ  ഒന്നിളകി  എന്നിട്ടു  അതേ  ഇരിക്കുന്ന  അവസ്ഥയിൽ   പാറയിൽ  നിന്നുയർന്നു  വായുവിലിരുന്നു .

കാവൽക്കാരന്റെ  നെഞ്ചിൽ  നിന്നും  ആ  ശബ്ദമുയർന്നു .

“ഞാൻ  കപാലി . പണ്ട്  എൻ്റെ  പേര്  രാമകൃഷ്ണൻ  എന്നായിരുന്നു .

അച്ഛൻ  ഒരു  കർഷകനായിരുന്നു . കൃഷിപ്പണി  ചെയ്തു   ജന്മി  കൊടുക്കുന്ന  നെല്ലിന്റെയും  പച്ചക്കറികളുടെയും  അളവിനനുസരിച്ചു  വിശപ്പിനെ  നിയന്ത്രിച്ച  കുട്ടിക്കാലം .  വാഴയില  കൊണ്ടുള്ള  ഒരു  കോണകമായിരുന്നു  അന്നത്തെ  വേഷം . കുഴി  കുത്തി  അതിനു  മുകളിൽ  ഇല  വെച്ചായായിരുന്നു  ഞങ്ങൾ  ഭക്ഷണം  കഴിച്ചിരുന്നത് . അച്ഛൻ  ഒരു  തോർത്തുമുണ്ടായിരുന്നു  ധരിച്ചിരുന്നത് . അടിയാളർ  ആണെങ്കിലും   അമ്മക്ക്  മാറുമറയ്ക്കാൻ  അനുവാദമുണ്ടായിരുന്നു .  കൊയ്ത്തു  പാട്ടിന്റെയും  കാളപൂട്ടിന്റെയും  ശബ്ദം  മനസ്സിനെ  ഹരം  കൊള്ളിച്ചിരുന്ന  കാലം .ജന്മിമാരായിരുന്നെങ്കിലും  ആരും  ഞങ്ങളെ  ഭരിച്ചിരുന്നില്ല . ജന്മിയുടെ  മകൾ  എൻ്റെ  കളിക്കൂട്ടുകാരിയായിരുന്നു . ചിരട്ട  കൊണ്ട്  ഞങ്ങൾ  എത്ര  മണ്ണപ്പം  ചുട്ടിരുന്നെന്നോ ! മനുഷ്യർ , മനുഷ്യർ  ആയിരുന്ന  കാലം !

എന്ത്  ചെയ്യാം സന്തോഷങ്ങൾ  ജീവിതത്തിലെ  നീർകുമിളകളല്ലേ ?

ആ  വർഷം  കൊടും  വരൾച്ചയായിരുന്നു . നിങ്ങൾ  വിശ്വസിക്കുമോ  എന്നറിയില്ല  സ്വന്തം  കുടുംബത്തെപ്പോലെ  തൻ്റെ  പണിക്കാരേയും  കരുതിയ  ഒരു  ജന്മി  ജീവിച്ചിരുന്നുവെന്ന് ! ഞങ്ങൾ  പോലും  അറിഞ്ഞിരുന്നില്ല  ഞങ്ങളെ  തീറ്റിപ്പോറ്റാനായി  അദ്ദേഹം  തറവാട്  പണയം  വെച്ച  കാര്യം !

അങ്ങനെയിരിക്കെ  ഒരു  ദിവസം  കുറേ  പോലീസുകാരും  കുറച്ചു  ഓഫീസർമാരും  കൂടി  ജന്മിയുടെ  വീട്ടിലെത്തി .

ആദ്യമായിട്ടാണ്  ജന്മി  ഒരാളുടെ  കാൽ  പിടിക്കുന്നത്  ഞാൻ  കണ്ടത് . അൽപ്പ  സമയത്തിന്  ശേഷം  അവർ  ജന്മിയേയും  തമ്പുരാട്ടിയെയും  എൻ്റെ  കളിക്കൂട്ടുകാരിയായ  ലക്ഷ്മിയെയും  അവർ  ആ  തറവാട്ടിൽ  നിന്ന്  ഉന്തിത്തള്ളിയിട്ടു . എന്തിനെന്ന്  അന്ന്  എനിക്ക്  മനസ്സിലായില്ല . എല്ലാവരെയും  സ്നേഹിച്ച  സുഖ  സൗകര്യങ്ങളിൽ  ജീവിച്ച  അവർക്കു  ഈ  ഗതിയോ ? ഇനി  ഞാൻ  സംസാരിക്കുന്നില്ല . എല്ലാം  ഒരു  ചിത്രം  പോലെ  നിന്റെ  മനസ്സിൽത്തന്നെ  വരും !”

കാവൽക്കാരൻ ഇപ്പോഴും  വായുവിൽത്തന്നെ  ഇരിക്കുകയാണ് .

അയാളുടെ  മനസ്സിൽ  കപാലിയുടെ  ബാല്യകാലത്തെ  ആ സംഭവം  കൺമുന്നിൽ  എന്ന  പോലെ  തെളിഞ്ഞു  വന്നു .

ജന്മി  വടിയും  കുത്തി  അതാ  തമ്പുരാട്ടിയോടും  മകളോടും  കൂടി  പടിപ്പുര  ഇറങ്ങിവരുന്നു .

രാമകൃഷ്ണന്റെ (കപാലി ) അച്ഛൻ  തൊഴുതു  കരഞ്ഞുകൊണ്ട്  ഓടിച്ചെന്നു . കൂടെ  എന്തെന്നറിയാതെ  രാമകൃഷ്‌ണനും !

“തമ്പ്രാ , തമ്പ്രാൻ  വെട  കൊള്ളുവാണോ ?”

“ചിണ്ട , ഇനി  പാപ്പരായ  നമ്മുടെ  കൂടെ  കൂടേണ്ട ! നിന്റെ  കുടിലും  അവര്  പൊളിക്കും ! എടുക്കാനുള്ളതെല്ലാം  എടുത്തു  എറങ്ങിക്കോ “

“അടിയനെന്താ  എടുക്കാനുള്ളത്  രണ്ടു  ചെമ്പിന്റെ  പിഞ്ഞാണോം  പിന്നെ  കുടുംബോം ! അടിയനും  കൂടെ  വരാ !”

ലക്ഷ്മി  ഓടി  വന്ന്  രാമകൃഷ്ണന്  ഒരു  ചെറുപഴം  കൊടുത്തു .

“ഇതേ  എന്നെക്കൊണ്ട്  നിനക്കു  തരാൻ  കഴിയൂ !”

“തമ്പ്രാ !” തേങ്ങിക്കൊണ്ടു  കരഞ്ഞ  ചിണ്ടനെ  ജന്മി  ആലിംഗനം  ചെയ്യാനായി  വന്നു . .

” അടിയൻ  കുളിച്ചിട്ടില്ല  തമ്പ്രാ !” – ചിണ്ടൻ  ഒഴിഞ്ഞു  മാറി .

“നിന്റെ  ശരീരത്തിൽ  മാത്രമല്ലേ  ചളിയുള്ളൂ . മനസ്സിൽ  നന്മയുള്ള  നീ    വൃത്തിയുള്ളതാണ് !”- അവർ  കരഞ്ഞുകൊണ്ട്  ആലിംഗനം  ചെയ്തു .

“ദൈവം  നിന്നെ  കൈവിടില്ല  ചിണ്ട !ഞങ്ങള്  പോണു ! ഇനി  കാണാൻ  പറ്റുവോ  എന്നറിയില്ല ! രാമകൃഷ്ണൻ  ഒരിക്കലും  നിന്നെപ്പോലെ  ഒരു  പണിക്കാരൻ  മാത്രമാകാതിരിക്കട്ടെ !”

ചിണ്ടന്റെ  ഭാര്യയുടെ  അടുത്തേക്ക്  തമ്പുരാട്ടി  നടന്നു  ചെന്നു . അവൾ  തെങ്ങു  ചാരി  നിൽക്കുകയായിരുന്നു .

“അടിയൻ !” അവൾ  തൊഴുതു  നിന്നു .

തമ്പുരാട്ടി  തൻ്റെ  താലിമാല  ഒഴികെയുള്ള  ആഭരണങ്ങളെല്ലാം  ഊരി  അവളുടെ  കയ്യിൽ  വെച്ച്  കൊടുത്തു . അവൾ  ഞെട്ടി  പിറകോട്ടുമാറി  അവ  ആ  കാൽക്കൽത്തന്നെ  വെച്ച്  നമസ്ക്കരിച്ചു  കൊണ്ട്  പറഞ്ഞു ;

“സ്നേഹത്തിനേക്കാൾ  വലുതല്ല  തമ്പ്രാട്ടീ  ഇതെല്ലാം ! അടിയന്  ഇതൊന്നും  വേണ്ട !”

അങ്ങനെ  അവർ  തറവാട്ടിൽനിന്നും  പടിയിറങ്ങി .

ലക്ഷ്‌മി  കൈ  വീശി  വിടവാങ്ങി . അവളുടെ  കണ്ണുകൾ  നിറഞ്ഞുവോ ?

രാമകൃഷ്ണനും  കൈ  വീശി . യാത്ര  ശരീരത്തിനല്ലേ ? സ്നേഹിക്കുന്ന  മനസ്സുകൾക്ക്  യാത്രയുണ്ടോ ?

അപ്പോഴേക്കും  അവരുടെ  കുടിൽ  പണിക്കാർ  തകർത്തു  കഴിഞ്ഞിരുന്നു .

“ദൈവേ ..!” നെഞ്ചത്ത്  കൈ വെച്ച്  ചിണ്ടൻ  തകർന്നു  വീണ    മെടഞ്ഞ  ഓലകളൊന്നു   മറുകൈ  കൊണ്ട്  ഉയർത്തിക്കരഞ്ഞു . ഒരു  ഭ്രാന്തനെപ്പോലെ  അവക്കിടയിൽ  പിഞ്ഞാണത്തെ  തിരഞ്ഞു . പൊടി  പുരണ്ട  പിഞ്ഞാണങ്ങൾ  കിട്ടിയപ്പോൾ  അയാളുടെ  കരച്ചിൽ  കൂടി .

“ബാ ! നമുക്ക്  പോകാ !”- രാമകൃഷ്‌ണന്റെ  അമ്മയായിരുന്നു  അത് !

ചിണ്ടൻ  രാമകൃഷ്ണനെ  ഇടതു  തോളിൽ  വെച്ച്  മറു  കൈകൊണ്ടു  പിഞ്ഞാണവും  പിടിച്ചു  ഭാര്യയോടൊപ്പം  എങ്ങോട്ടെന്നില്ലാതെ  യാത്രയാരംഭിച്ചു

ഭാഗം -4 -വന്യം

(എഴുതിയത് – രാജേഷ്  ആട്ടീരി-താനൂർ  )

കോരിച്ചൊരിയുന്ന  മഴ . ഒരു  പീടികത്തിണ്ണയിൽ  ചുരുണ്ടു  കൂടി  ഇരിക്കുന്ന  ചിണ്ടനെയും  കുടുംബത്തെയും  തെരുവു  വിളക്കിന്റെ  പ്രകാശത്തിൽ  മങ്ങിയ  രീതിയിൽ  കാണാം .

“അമ്മേ ! വിശക്കുന്നമ്മേ !” രാമകൃഷ്‌ണൻ  വയറിൽ  തടവിക്കൊണ്ട്  പറഞ്ഞു .

“എന്താ  ഓന്  ഞാൻ  കൊടുക്കണ്ടേ ?” അവൻ്റെ  അമ്മ  ആരോടെന്നില്ലാതെ  ചോദിച്ചു .

“മയ ബെള്ളം  തെര !” ചിണ്ടൻ  കൈക്കുമ്പിളിൽ  മഴവെള്ളം  എടുത്തു  മകന്റെ  വായിൽവെച്ചു  കൊടുത്തു .

“ഇനീം  ബേണം !”

ചിണ്ടൻ   പിഞ്ഞാണമെടുത്തു  മഴയത്തു  കാണിച്ചു . പിഞ്ഞാണം  നിറഞ്ഞപ്പോൾ  കുറേശ്ശേയായി  മകന്റെ  വായിൽ  ഒഴിച്ചു  കൊടുത്തു .

പതുക്കെ  പതുക്കെ  രാമകൃഷ്ണൻ  ഉറക്കത്തിലേക്കു  വഴുതി  വീണു .

“മോന്  ഉറങ്ങെങ്കിലും  ചെയ്യാം ! ഓനെ  ഞമ്മള്  എങ്ങന്യാ   തീറ്റി  വളർത്തുക ?”

“ഇങ്ങള്  ബേജാറാവണ്ട ! ദൈവം  എന്തേലും  കണ്ടിട്ടുണ്ടാവും !”

“പൊറത്തും  ഇരുട്ട് ! ചങ്കിലും  ഇരുട്ട് !”

“ഈ  മയ  ഒന്ന്  നിന്നിരുന്നെങ്കില്  നന്നായിരുന്നു ! മോൻ  തണുത്തു  ബെറക്കുന്നുണ്ട്   !”

“എന്താ  ചെയ്യാ ?”

വിറച്ചു  വിറച്ചുകൊണ്ട്  രാമകൃഷ്‌ണൻ  അന്നത്തെ  രാത്രി  കഴിച്ചുകൂട്ടി .

അവൻ്റെ  അച്ഛനും  അമ്മയും   ഉറങ്ങിയതേയില്ല .

മഴ  നിന്നു .

സമയം  ഒച്ചിനെക്കാൾ  പതുക്കെ  ഇഴഞ്ഞുപോയി .

നേരം  വെളുത്തു . ഒരു  നായ  അവരുടെ  അടുത്തേക്ക്  ഓടി  വന്നു  ഒന്ന്  മണത്തു  നോക്കി  തിരിച്ചോടിപ്പോയി .

“മോൻ  ഒറങ്ങുന്നൊണ്ട്  പേടിച്ചില്ല ! ഭാഗ്യം !”

“മോനെ  വിളിക്ക് ,എങ്ങേടെങ്കിലും  പോണ്ടേ ?”

“എണീക്കു  മോനെ “- അമ്മ  അവനെ കുലുക്കി  വിളിച്ചു .

അവൻ  എഴുന്നേറ്റു . അവർ  എങ്ങോട്ടെന്നില്ലാതെ  നടത്തം  ആരംഭിച്ചു .

അതാ  അങ്ങകലെ  വഴിയോരത്തു  ഒരു  മാവ്  കാണുന്നു !

ക്ഷീണം  കാരണം  പതുക്കെയേ  നടക്കാൻ  ആകുന്നുള്ളൂ .

അവസാനം  ആ  മാവിനെ  കെട്ടിപ്പിടിച്ചു  കൊണ്ട്  ചിണ്ടൻ  നിന്നു .

മകന്റെയും  ഭാര്യയുടെയും  മുഖത്ത്   മാങ്ങയെങ്കിലും  തിന്നാമല്ലോ  എന്ന  ആശ്വാസ  ഭാവം !

ചിണ്ടൻ  മുകളിലേക്ക്  നോക്കി .

ദൈവം  ഇത്ര  ക്രൂരനോ ?

ആകെ  രണ്ടു  മാങ്ങ  മാത്രം ! അതും  വളരേ  ഉയരത്തിൽ

ആ  അമ്മയും  മകനും  മുകളിലേക്ക്  നോക്കി .

“വേണ്ട ! നമുക്ക്  പോകാം !”- അമ്മ  പറഞ്ഞു

“എൻ്റെ  മോന്  തിന്നാൻ  കൊടുക്കാൻ  കഴിവില്ലെങ്കില്  ഞാനെന്തു  അച്ഛനാണ് ?”

ചിണ്ടൻ  മാവിന്മേൽ  പൊത്തിപ്പിടിച്ചു  കയറി .

അതാ  അയാൾ   ഏറ്റവും  മുകളിലെത്തി .

മാങ്ങ  പൊട്ടിക്കാനായി  കൈകൾ  നീട്ടി .

പക്ഷേ …..

ദൈവം  വിധിച്ചത്  മറ്റൊന്നായിരുന്നു .

തളർന്ന  കൈകൾക്കും  വിശന്ന  വയറിനും  കൊമ്പുകളിൽ  മുറുകെ  പിടിക്കാനുള്ള  ത്രാണി   നൽകുവാൻ  കഴിഞ്ഞില്ല .

ചിണ്ടൻ  അതാ  താഴേക്ക്  വീഴുന്നു . എന്ത്  ചെയ്യണമെന്നറിയാതെ  നിസ്സഹായരായി  അവൻ്റെ  ഭാര്യയും  മകനും . കരയുവാൻ  മാത്രം  വിധിക്കപ്പെട്ട  ജന്മങ്ങൾ !

രക്തത്തിന്റെ  അരുവിയിൽ  അതാ  കിടക്കുന്നു  ചിണ്ടന്റെ  ശരീരം . രണ്ടു  മൂന്നു  പിടച്ചിൽ . കടമ  നിർവഹിക്കാൻ  കഴിയാതെ  ആ  അച്ഛൻ  അല്ലലില്ലാത്ത   ലോകത്തേക്ക്  യാത്രയായി .

അവരുടെ  പൊട്ടിക്കരച്ചിൽ  കേട്ട്  ആരൊക്കെയോ  ഓടി  വന്നു .

ആരും  ഒന്നും  ചോദിച്ചില്ല .വെറുതെ  കാഴ്ചക്കാരായി  നിന്നു

പത്രക്കാരും  വന്നു  ചേർന്നു .

“ഇതാ  ഒരു  വിധവ . എങ്ങനെയാണു  നിങ്ങളുടെ  ഭർത്താവു  മരിച്ചതെന്ന്  നമുക്ക്  ചോദിക്കാം . ഭർത്താവു  മരിച്ചപ്പോൾ  നിങ്ങളുടെ  ഇപ്പോഴത്തെ  മനോവികാരമെന്താണ് ?”

രാമകൃഷ്ണന്റെ  അമ്മ  മകനെയുമെടുത്തു  കരഞ്ഞുകൊണ്ട്  അവിടെനിന്നു  ഓടി . മാധ്യമപ്പട  പിന്നാലെയും !

ഓട്ടത്തിനിടയിൽ  ഒരു  കുറ്റിക്കാട്  അവരുടെ  ശ്രദ്ധയിൽപ്പെട്ടു .

ഭാഗം -5 – വന്യം

(എഴുതിയത് – രാജേഷ്  ആട്ടീരി-താനൂർ  )

“ആവൂ ! അവരെല്ലാം  പോയി !”

കുറ്റിക്കാട്ടിൽ  നിന്നും  അമ്മയും  രാമകൃഷ്ണനും  പുറത്തിറങ്ങി .

പൊള്ളിക്കുന്ന  വെയിൽ . അവർ  രണ്ടുപേരും  വിയർത്തു  കുളിച്ചു . കുടിക്കാനാണെങ്കിൽ  ഒരു  തുള്ളി  വെള്ളമില്ല .  വല്ലതും  കഴിക്കാൻ  കയ്യിൽ  പണവുമില്ല .

നാഴികക്കല്ലിൽ  അവർ  ഇരുന്നു .

ദൂരെ  നിന്ന്  ആരോ  വരുന്ന  പോലെ !

ദൈവമോ  ചെകുത്താനോ ?

അത്  ഒരു  വൃദ്ധൻ  വടിയും  കുത്തി  വരുന്ന  രൂപമല്ലേ ?

അതെ !

അയാൾ  അടുത്തെത്താനായി .

“ആരാ ? എന്താ  എവിടെ  ഇരിക്കണേ ?”

രാമകൃഷ്ണനും  അമ്മയ്ക്കും  എന്തൊക്കെയോ  പറയണമെന്നുണ്ടായിരുന്നു . പക്ഷേ , വിശപ്പിന്റെ  കാഠിന്യത്താൽ  ശബ്ദം  ഒന്നും  പുറത്തു  വന്നില്ല .

“എന്തെങ്കിലും  കഴിക്കാൻ  വേണെങ്കില്  എൻ്റെ  കൂടെ  പോന്നോളൂ !”

അവർ  യാന്ത്രികമായി  അയാളെ  പിന്തുടർന്നു .

പനയോല  കൊണ്ട്  മേഞ്ഞ  ഒരു  കുടിൽ .മുറ്റത്തു  ചാണകം  മെഴുകി  പൂവിട്ടിട്ടുണ്ട് .

“വരൂ !”

അവർ  അകത്തു  കയറി . ചാണകം  മെഴുകിയ  നിലമാണ് . അയാൾ  ഒരു  പുൽപ്പായ  അവർക്കു  വിരിച്ചു  കൊടുത്തു . അവർ  അതിൽ  ഇരുന്നു .

“എടിയേ …” അയാൾ  നീട്ടി  വിളിച്ചു .

അടുക്കളയിൽ  നിന്ന്  ഒരു  വൃദ്ധ  ഇറങ്ങി  വന്നു .

“ആരാ  ഇവര് ?”

“അറീല്യ ! വഴീന്നു  കണ്ടോരാ ! വിശന്ന്  വലയാണെന്നു  തോന്നി  വിളിച്ചോണ്ട്  വന്നതാ . ഇച്ചിരി  കഞ്ഞി  പിഞ്ഞാണത്തില്  എടുത്തു  കൊടുക്ക് . കോരിക്കുടിക്കാൻ  പ്ലാവിലയും  കൊടുക്ക് !”

“ശരി !” വൃദ്ധ  അടുക്കളയിലേക്കു  തിരിച്ചു  പോയി .

അല്പസമയത്തിനു  ശേഷം  പിഞ്ഞാണത്തിൽ  കഞ്ഞിയും  കോരിക്കുടിക്കാൻ  പ്ലാവിലയുമായി  അവർ  വന്നു  ആ  അമ്മയുടെയും  മകന്റെയും  മുന്നിൽ  വെച്ച്  കൊടുത്തു .

അവർ  ആർത്തിയോടെ  അത്  കുടിച്ചു .

“ഞങ്ങള്  പോട്ടെ !” കഞ്ഞികുടിച്ചു  ആ  അമ്മയും  മകനും  എഴുന്നേറ്റു .

“എങ്ങോട്ടാ  പോണ്ടേ ?” വൃദ്ധൻ  ചോദിച്ചു .

“അറീല്യ !”

“മോന്റെ  പേരെന്താ ?”

“രാമകൃഷ്‌ണൻ “

“ഞങ്ങള്  കൊശവന്മാരാണ് . കൊടം  കൊറേ  ഇണ്ടാക്കീട്ടുണ്ട് . കൊണ്ടോയി  വിൽക്കാൻ  ആരോഗ്യം  ഇല്യാത്തോണ്ടു   കുറേയായി  വെഷമിക്കിനു ! മോന്  കൊണ്ട്  കൊടുക്കാൻ  കഴിയെങ്കില്  നിങ്ങള്  രണ്ടുപേരും  ഇവിടെ  ഉള്ള  സൗകര്യത്തില്  നിൽക്കാം !”

“ദൈവേ ! ഞങ്ങളെ  കാത്തൂലോ !” അവൻ്റെ  അമ്മ  നെഞ്ചത്ത്  കൈ  വെച്ച്  പറഞ്ഞു .

“ഞാനും  മോനും  കൂടി  പോയി   കടയില്  കൊണ്ടേ  കൊട്ക്ക !ഞങ്ങക്ക്  രണ്ടു  നേരത്തെ  കഞ്ഞി  മാത്രം  മതി !”

“ഇന്നിപ്പോ  സന്ധ്യയാവാനായില്യേ  ? നാളെ  മുതല്  പോകാലോ ?”

“ശരി ! “

“നിങ്ങള്  പ്രാർത്ഥിക്കാറുണ്ടോ ?”

“ഉവ്വ് ! ദൈവല്ലേ  ഞങ്ങളെ  ഇങ്ങട്  കൊണ്ടോന്നത് !”

“എങ്കില്  അടുത്തുള്ള  പൊഴേ  പോയിട്ട്  കുളിച്ചു  വന്നിട്ട്  വിളക്ക്  കൊളുത്താ !”

“വാ  മോനെ !  നമുക്ക്  കുളിച്ചിട്ടു  വരാം !”

വൃദ്ധ  അവൾക്കു  തൻ്റെ  കുറച്ചു  വസ്ത്രങ്ങളും  തോർത്തുമുണ്ടും  നൽകി .

അമ്മയെക്കൂട്ടി  രാമകൃഷ്ണൻ  ആ  കുടിലിൽ  നിന്ന്  പുറത്തിറങ്ങി .

പുഴ  കണ്ടതും  അവൻ  അതിലേക്കു  എടുത്തു  ചാടി . ഒഴുക്കുള്ളതൊന്നും  അവൻ  ശ്രദ്ധിച്ചില്ല!

അല്ലെങ്കിലും  ഒഴുക്കിനെതിരെയല്ലേ  അവൻ്റെ  എന്നത്തേയും  ജീവിതം ?

അമ്മ  വാവിട്ടു  കരഞ്ഞു . ആരൊക്കെയോ  പുഴയിലേക്ക്  എടുത്തു  ചാടി .

പക്ഷേ ……

ഭാഗം -6 – വന്യം

(എഴുതിയത് – രാജേഷ്  ആട്ടീരി-താനൂർ  )

അഴിമുഖം .

ചൂണ്ടയിട്ട്  തീരത്തു  നിൽക്കുന്ന  രണ്ടു  കുട്ടികൾ  ആണ്  വെള്ളത്തിലെന്തോ  ഒഴുകിവരുന്നതായി   കണ്ടത് .

“ഓടി  വരണേ ! ഓടി  വരണേ !”

നിലവിളി  കേട്ട്  കുറേ  ആൾക്കാർ  ഓടിവന്നു .കുട്ടികൾ  ഒഴുകി  വരുന്ന  വസ്തുവിലേക്കു  ചൂണ്ടിക്കാണിച്ചു . ആൾക്കാർ  വെള്ളത്തിലേക്ക്  എടുത്തുചാടി .

അല്പസമയം  കടന്നുപോയി . അവർ  ഒരു  കുട്ടിയുടെ  ശരീരവുമായി  തീരത്തു  വന്നു .

അതേ ! രാമകൃഷ്‌ണനായിരുന്നു  അത് !

അവർ  അവൻ്റെ  വയറ്റിലുള്ള  വെള്ളമെല്ലാം  പുറത്തു  കളഞ്ഞു  ഡോക്ടറുടെ  അടുത്തേക്ക്  അവനേയും  കൊണ്ടോടി .

ആശുപത്രി .

അല്പസമയം  കടന്നു പോയി . അവൻ  കണ്ണ്  തുറന്നു .

“മോൻ  ഏതാ ? എങ്ങനെയാ  വെള്ളത്തിൽ  വീണേ ?”

“എൻ്റെ  പേര്  രാമകൃഷ്‌ണൻ . അമ്മയുടെ  കൂടെ  പുഴയിൽ  കുളിക്കാൻ  വന്നപ്പോൾ  പുഴയിൽ  ഒലിച്ചു  പോന്നതാ “

“എവിടെയാ  നാട് ?”

“നാട്ടില്  ഞങ്ങളുടെ  എല്ലാം  നഷ്ടപ്പെട്ടു ! നാട്  ഉപേക്ഷിച്ചു  പോന്നു !”

“അമ്മയിപ്പോൾ  എവിടെയാ ?”

“സ്ഥലപ്പേര്  അറിയില്യ !”

“ഒരു  കാര്യം  ചെയ്യാം . മോനെ  ഞങ്ങൾ   പോലീസിനെ  ഏൽപ്പിക്കാം . അവർ  മോന്റെ   അമ്മയുടെ അടുത്ത്  എത്തിച്ചോളും .”

“വേണ്ട ! പോലീസിനെ  എനിക്ക്  പേടിയാ ! ഞാൻ  തന്നെ  അന്വേഷിച്ചു  പൊയ്ക്കൊള്ളാം !”

അവൻ  പതുക്കെ  എഴുന്നേറ്റു  നടക്കാൻ  തുടങ്ങി .

ലക്ഷ്യമില്ലാത്ത  യാത്ര !

അതാ  അങ്ങകലെനിന്നു  ഒരു  ഭ്രാന്തിയെ  കുട്ടികൾ  ഓടിച്ചു  കൊണ്ട്  വരുന്നു .

അമ്മയുടെ  സാരിയല്ലേ  അവർ  ഉടുത്തിരിക്കുന്നത് ?

അവൻ  അവരുടെ  അടുത്തേക്ക്  ഓടി  ചെന്നു .

അതേ ! അമ്മ  തന്നെ !

“നിങ്ങളെന്താ  മനുഷ്യരല്ലേ ? അവരെ  എന്തിനാ  ഉപദ്രവിക്കുന്നത് ?”

“അവര്  കാണുന്ന  കുട്ടികളെയെല്ലാം  മോനേ  എന്ന്  വിളിച്ചു  കെട്ടിപ്പിടിക്കും . പിന്നെ  പെട്ടെന്ന്  ഉന്തിത്തള്ളിമാറ്റി  എന്നെ  പറ്റിച്ചുവല്ലേ  എന്ന്  പറഞ്ഞു  കല്ല്  കൊണ്ട്  എറിയുകയോ  മടല്  കൊണ്ട്  അടിക്കാൻ  വരികയും  ചെയ്യും !”

“അവരെ  ഒന്നും  ചെയ്യേണ്ട .  നിങ്ങൾ  പൊയ്ക്കൊള്ളൂ !”

കുട്ടികൾ  ഓടിപ്പോയി .

“അമ്മേ ! ഇത്  ഞാനാണമ്മേ  രാമകൃഷ്ണൻ !”

ആ  അമ്മ  അവനെ  കെട്ടിപ്പിടിച്ചു  കരഞ്ഞു .പെട്ടെന്നവരുടെ  ഭാവം  മാറി .

“പോ  അവിടുന്ന് ! എൻ്റെ  മോൻ പൊഴേല്  വീണു  ചത്ത്  പോയി . എന്നെ  പറ്റിക്കാൻ  നോക്കേണ്ട !”

അമ്മ  അവനെ  ഉന്തിമാറ്റി . അടുത്തുള്ള  ഒരു  കല്ലെടുത്തു  അവൻ്റെ  മുഖത്ത്  ആഞ്ഞടിച്ചു . അവൻ  വേദന  കൊണ്ട്  പുളഞ്ഞു .

വീണ്ടും  അവർ  കല്ലുകൊണ്ട്  കുത്താനൊരുങ്ങി . അപ്പോൾ  ഒഴിഞ്ഞു  മാറി  അവൻ  അവരുടെ  കവിളിൽ  ഉമ്മ  വെച്ചു . അവരുടെ  കയ്യിൽ  നിന്നും  അറിയാതെ  കല്ല്  നിലത്തു  വീണു .

“അമ്മേ ! കുഞ്ഞാവുമ്പോൾ  ഞാൻ  അമ്മയെ  കുറേ  ചവിട്ടിയുണ്ടാവില്ലേ ? അതൊക്കെ  അമ്മ  എൻ്റെ  അറിവില്ലായ്മയായി  കണ്ടു  ക്ഷമിച്ചില്ലേ ? അമ്മ  അറിയാതെ  ചെയ്യുന്നതല്ലേ ? ഈ  മോന്  നോവില്ലമ്മേ! “

അവൻ  അമ്മയെ  കെട്ടിപ്പിടിച്ചു . ആ  അമ്മ  എങ്ങോട്ടെന്നില്ലാതെ  നോക്കി  നിർവ്വികാരയായി നിന്നു .

“വരൂ , അമ്മേ !” അവൻ  അമ്മയുടെ  കൈ  പിടിച്ചു .

ഒരു  അനുസരണയുള്ള  കുട്ടിയെപ്പോലെ  അവൻ്റെ  കൈ  പിടിച്ചു  ആ  അമ്മ  നടക്കാൻ  തുടങ്ങി .

അവൻ്റെ  മനസ്സിൽ  അപ്പോൾ  അമ്മ  തന്നെ  ഊട്ടുന്നതും അമ്മയോടൊപ്പം കഥകൾ  കേട്ട്  കിടന്നുറങ്ങിയതുമായ  ഓർമ്മകളായിരുന്നു .

“എൻ്റെ  മോൻ  പോയി ! എൻ്റെ  മോൻ  പോയി !” ആരോടെന്നില്ലാതെ  ആ  അമ്മ  പറയുന്നുണ്ട് . ആരെങ്കിലും  മകനെ  കൊണ്ട്  വന്നു  തരും  എന്നവർ  കരുതുന്നുണ്ടാകും ! മകൻ  ജീവിച്ചിരിക്കുന്നുണ്ട്  എന്ന്  സ്വബോധത്തോടെ  തിരിച്ചറിയാൻ  അവർക്കു  കഴിയില്ലല്ലോ ?

അവർ  നടത്തം  തുടർന്നു .ഒരു  ഹോട്ടലിന്റെ  അടുത്തെത്തി .

“വല്ലതും  തിന്നാൻ  തര്വോ ?”

“തുട്ടുണ്ടോ  കയ്യില് ?”

“ഇല്ല !”

“ഇല്ലെങ്കില്  പൊറകിൽ  പൊയ്ക്കോ ! വലിച്ചെറിഞ്ഞ  ഭക്ഷണം  ഉണ്ടാകും . ചെന്ന്  കഴിച്ചോ  തെരുവ്  തെണ്ടികളേ !”

അവൻ  ഹോട്ടലിന്റെ  പിറകിലേക്ക്  നടന്നു .

അതാ  ചവറ്റുകൊട്ട ! കാക്കകളും  നായ്ക്കളും  ബാക്കി  വന്ന  ഭക്ഷണം  സദ്യ  പോലെ  കഴിക്കുകയാണ് . അവൻ  ഒരു  വടിയെടുത്തു  അവയെ  ഓടിച്ചു . ഒരു  ഇല  എടുത്തു  അമ്മയുടെ  കയ്യിൽ  കൊടുത്തു . അവർ  അത്  ആർത്തിയോടെ  തിന്നു . ആ  ഇലയിൽ  നിന്ന്  അവനും  ഭക്ഷിക്കാൻ  തുടങ്ങി .

കൈ  കഴുകാൻ  ചെന്നാൽ  ഹോട്ടലുകാരൻ  ചീത്ത  പറഞ്ഞാലോ ? അവൻ  തൻ്റെ  കൈകൾ  നക്കിത്തുടച്ചു . അമ്മയുടെ  കൈകൾ  അവൻ്റെ  ട്രൗസറിൽ  തുടപ്പിച്ചു . അല്ലാതെന്തു  ചെയ്യും ?

വീണ്ടും  അവരുടെ  യാത്ര  തുടർന്നു . ലക്ഷ്യമില്ലാത്ത  യാത്ര !

ഭാഗം -7  വന്യം

(എഴുതിയത് – രാജേഷ്  ആട്ടീരി-താനൂർ  )

സമയം  രാത്രി . പക്ഷികൾ  കൂടണഞ്ഞു .മനസ്സിലും പുറമേയും  ഇരുട്ടിൽ  ജീവിക്കുന്ന  ഈ  ആത്മാക്കൾക്ക്  പ്രതീക്ഷയുടെ  പ്രകാശം  വന്നു  ചേരുമോ ?

അതാ  അങ്ങകലെ  ഒരു  പ്രകാശം  കാണുന്നു .

മനസ്സ്  പ്രതീക്ഷയുടെ  സമീപത്തെത്തുവാൻ  തുടിക്കുന്നു . പക്ഷേ , തളർന്ന  ശരീരങ്ങൾക്കു കുതിക്കാൻ  കഴിയില്ലല്ലോ ?

അവർ  വെളിച്ചത്തിന്റെ  അടുത്തെത്തി . എന്തോ  ഒരു  ബോർഡ്  കാണുന്നുണ്ടല്ലോ ?

“അ … ഗ … തി .. മ .. ന്ദി ..രം ..” ബുദ്ധിമുട്ടി  അവൻ  അത്  വായിച്ചു .പള്ളിക്കൂടത്തിൽ  പോയിട്ടില്ലെങ്കിലും  ജന്മിയുടെ  മകൾ  മണ്ണിൽ  എഴുതിപ്പിച്ചു  പഠിപ്പിച്ച    അക്ഷരങ്ങൾ  അവൻ്റെ  ഹൃദയത്തിൽ  നിന്ന്  പോയിട്ടുണ്ടായിരുന്നില്ല .

അവർ  ഗേറ്റ്  തുറന്ന്  അകത്തു  കടന്നു . ഗേറ്റ്  തുറക്കുന്ന  ശബ്ദം  കേട്ടു  വാതിൽ  തുറന്നു  ഒരു  കന്യാസ്ത്രീ  പുറത്തു  വന്നു .

“ആരാ ?”

“കെടക്കാൻ  സ്ഥലം  തരുവോ ?”

“വരൂ !”

അവർ  കന്യാസ്ത്രീയെ  പിന്തുടർന്നു  ആ  കെട്ടിടത്തിനുള്ളിൽ  കയറി .

“ഇരിക്കൂ ! എന്താ  മോനെ  നിന്റെ  നെറ്റിയിൽനിന്നു  ചോര  വരുന്നുണ്ടല്ലോ ?”

“അമ്മ  കല്ലുകൊണ്ട്  അടിച്ചതാ ! ഞാൻ  അമ്മയുടെ  മകനാണെന്ന്  പറഞ്ഞു  പറ്റിക്കുകയാണെന്നാണ്  അമ്മ  പറയുന്നത് . ഞാൻ  മരിച്ചു  പോയില്ല  എന്ന്  വിശ്വസിപ്പിക്കാൻ  കഴിയുന്നില്ല ! ഇരിക്കുന്നില്ല , ആകെ  വയ്യ !”

“കത്രീനേ ..” കന്യാസ്ത്രീ  നീട്ടി  വിളിച്ചു .

ചട്ടയും  മുണ്ടും  ധരിച്ച  ഒരു  മധ്യവയസ്‌ക  അവിടെ  വന്നു .

“ഈ  കുട്ടിയെ  നമ്മുടെ  ഡോക്ടറുടെ  അടുത്തേക്ക്  കൊണ്ടുപോകൂ !”

“വേണ്ട ! ഞാൻ  കൈവിട്ടാൽ  അമ്മ  ഓടിപ്പോകും !”

“പേടിക്കേണ്ട ! അമ്മയെ  ഞാൻ  നോക്കിക്കോളാം !”

കന്യാസ്ത്രീ  അമ്മയുടെ  കൈ  പിടിച്ചു കസേരയിൽ  ഇരുത്തി . രാമകൃഷ്ണൻ  കത്രീനയുടെ  കൂടെ  ഡോക്ടറുടെ  അടുത്തേക്ക്  പോയി .

കന്യാസ്ത്രീ  ആ  അമ്മയുടെ  കൈകൾ  തൻ്റെ  നെഞ്ചോടു  ചേർത്ത്  പിടിച്ചു  കൊണ്ട്  ചോദിച്ചു .

“അമ്മേ ! എന്താ  വിഷമം ?”

“എൻ്റെ  മോൻ  പൊഴേല്  ഒലിച്ചു  പോയി !” അവർ  തേങ്ങിക്കരയാൻ  തുടങ്ങി .

“ഇല്ലമ്മേ ! അവന്  ഒന്നും  പറ്റിയിട്ടില്ല !”

ആ  വാക്കുകൾക്ക്  അവരെ  ആശ്വസിപ്പിക്കാനായില്ല . അവർ  കരച്ചിൽ  തുടർന്നു .

കന്യാസ്ത്രീ  അവരെ  തൻ്റെ  മാറോടു  ചേർത്ത്  പുറത്തു  തട്ടി  ആശ്വസിപ്പിക്കാൻ  ശ്രമിച്ചു . കരഞ്ഞു  കരഞ്ഞു  ആ  മാറിൽ  കിടന്നു  അവർ  മയങ്ങിപ്പോയി .

സമയം  കടന്നു  പോയി . കത്രീന  രാമകൃഷ്ണനുമായി  തിരിച്ചു  വന്നു . അവൻ്റെ  നെറ്റിയിൽ  ഒരു  കെട്ടുണ്ട് .

“അമ്മ  ഉറങ്ങിപ്പോയി , മോനെ ! കത്രീനേ , കുട്ടിയെ  കുട്ടികളുടെ  മുറിയിലേക്ക്  കൊണ്ടാക്കിയിട്ടു   മറിയത്തോടും റീനയോടും  വരാൻ  പറയൂ !”

“ശരി !” അവനെക്കൂട്ടി  കത്രീന  നടന്നു .

കുട്ടികളുടെ  മുറികൾ . അവിടെ  എല്ലാവരും  ഉറങ്ങാനായി  ഒരുങ്ങുകയാണ് . ഒരു  പെൺകുട്ടി  ആകാശത്തിലെ  നക്ഷത്രങ്ങളെ  നോക്കി  വരാന്തയിൽ  നിൽക്കുന്നുണ്ട് . അവൻ്റെ  ചുണ്ടുകൾ  അറിയാതെ  മന്ത്രിച്ചു .

“ലക്ഷ്മിക്കുട്ടി  …”

തിരിച്ചു  മുറിയിലേക്ക്  പോകാനായി  തിരിയുമ്പോഴാണ്  അവൾ  അവനെ  കണ്ടത് . അവളും  അത്ഭുതപ്പെട്ട്  നിന്നുപോയി .

“കുട്ടിയെന്താ  ഇവിടെ ? തമ്പ്രാനും  തമ്പ്രാട്ടിയും  എവിടെ ?”

ലക്ഷ്മി  കരഞ്ഞു  കൊണ്ട്  മുറിയിലേക്കോടി .

“മോന്  ആ  കുട്ടിയെ  അറിയോ ?” കത്രീന  ചോദിച്ചു .

“അറിയും !ഞങ്ങളുടെ  തമ്പ്രാന്റെ  മോളാ !”

അന്ന്  ഉറങ്ങാൻ  കിടക്കുമ്പോൾ  അവൻ്റെ  മനസ്സ്  അസ്വസ്ഥമായിരുന്നു – അമ്മയെ  അവർ  ശരിക്കു  നോക്കുമോ ? ലക്ഷ്മി  എങ്ങനെ  ഇവിടെയെത്തി ?

ഭാഗം -8  വന്യം

(എഴുതിയത് – രാജേഷ്  ആട്ടീരി -താനൂർ )

നേരം  പുലർന്നു . രാമകൃഷ്ണൻ  ഉണർന്നു . പെട്ടെന്ന്  അവനെവിടെയാണെന്നു  അവനു  തിരിച്ചറിയാൻ  കഴിഞ്ഞില്ല .

“അമ്മേ !” അവൻ  ചുറ്റും  നോക്കി . അമ്മയെ  എവിടേയും  കണ്ടില്ല . അവൻ  എഴുന്നേറ്റു  നടക്കാൻ  തുടങ്ങി .

“അമ്മേ ! അമ്മ  എവിടെയാ ?”

അവൻ്റെ  വിളികേട്ടു  കന്യാസ്ത്രീ  അവിടേക്കു  വന്നു .

“മോൻ  പേടിക്കേണ്ട ! അമ്മ  സ്ത്രീകളുടെ  താമസസ്ഥലത്തു  ഉണ്ട് !”

“അതെവിടെയാ ?”

“അപ്പുറത്തെ  കെട്ടിടത്തിൽ “

അവൻ  ആ  കെട്ടിടത്തിൽ  നിന്നും  പുറത്തിറങ്ങി .കെട്ടിടത്തിന്റെ  ചുറ്റും  പൂന്തോട്ടമുണ്ട് . അതിനു  നനച്ചു  കൊണ്ട്  അതാ  നിൽക്കുന്നു  ലക്ഷ്മി !

കളിക്കൂട്ടുകാരിയല്ലേ  അവനെങ്ങനെ  അവഗണിക്കാൻ  കഴിയും ?

അവൻ  പതുക്കെ  അവളുടെ  അടുത്തേക്ക്  ചെന്നു .

“ലക്ഷ്മിക്കുട്ടീ …” അവൻ  സ്നേഹത്തോടെ  വിളിച്ചു . പക്ഷേ , ഈളിയിട്ടു  കരഞ്ഞുകൊണ്ട്  അവൾ  അവിടെനിന്നും  ഓടിപ്പോയി .

കരച്ചിലിന്റെ  ശബ്ദം  കേട്ട്  കന്യാസ്ത്രീയും  കത്രീനയും  ഓടിവന്നു .

“എന്താ  കുട്ടീ  ഉണ്ടായത് ? എന്തിനാ  ലക്ഷ്മി  കരഞ്ഞോടിയത് ?”

“ഞാൻ  ഒന്നും  ചെയ്തില്ല ! ഞാൻ  പേര്  വിളിച്ചതേയുള്ളൂ !”

“മോനെ , അവൾക്കു  ആണുങ്ങളെ  പേടിയാണ് !”

“എന്തിന് ?”

“അത്  കുട്ടിയായ  നിന്നോട്  പറയാൻ   കഴിയാത്ത  കാര്യമാണെന്ന്  മാത്രം  നീ  മനസ്സിലാക്കിയാൽ  മതി ! അവളെ  വീണ്ടും  ചെന്ന്  കാണാൻ  ശ്രമിക്കരുത് . അക്രമാസക്തയായി  മുറിയിലുള്ളതെല്ലാം  വലിച്ചെറിയാൻ  നോക്കും ! വാ , അമ്മയുടെ  അടുത്തേക്ക്  ഞാൻ  കൊണ്ട്  പോകാം !”

“വേണ്ട ! എനിക്കാദ്യം  അവളെ  കാണണം . അവളെന്നെ  ഉപദ്രവിക്കുകയാണെങ്കിൽ  ഉപദ്രവിക്കട്ടെ ! എൻ്റെ  അനിയത്തിയെപ്പോലെ  കണക്കാക്കുന്ന  കുട്ടിയല്ലേ ?”

“അത്  വേണ്ട  മോനേ !”  പറഞ്ഞു  തീരുന്നതിനു  മുമ്പ്  അവൻ  ഓടിക്കളഞ്ഞു

കന്യാസ്ത്രീയും  കത്രീനയും  പിന്നാലെ  പാഞ്ഞു .

ലക്ഷ്മിയുടെ  മുറി . അവിടെ  ഒരു  മൂലയിൽ  പേടിച്ചരണ്ട്  അവൾ  ചുരുണ്ടു  കൂടിയിരിക്കുന്നു . അവൻ  മുറിയിലേക്ക്  കയറി .

“എന്നെ  ഒന്നും  ചെയ്യല്ലേ ! എന്നെ  ഒന്നും  ചെയ്യല്ലേ !”

“ഞാൻ  ഒന്നും  ചെയ്യില്ല ! നിന്റെ  കുഞ്ഞേട്ടനല്ലേ  ഞാൻ . നീ  എൻ്റെ  പുറത്തു  ആന  കളിച്ചു  നടന്ന  കുട്ടിയല്ലേ ? നമ്മള്  ആപ്പൂപ്പൻതാടി  ഊതിക്കളിച്ചതു  ഓർമ്മയില്ലേ ?നമ്മള്  മണ്ണു കാലിൽ  വെച്ച്  ഗുഹ  ഉണ്ടാക്കിയത്  ഓർമ്മയില്ലേ  ? നാല്  വടികൾ  വെച്ച്  നമ്മൾ  കുട്ടിപ്പുര  ഉണ്ടാക്കിയത്  ഓർമ്മയില്ലേ ? ചിരട്ടയിൽ  മണ്ണപ്പമുണ്ടാക്കി   കളിച്ചതു ഓർമ്മയില്ലേ  ? അങ്ങനെ  കൂടെക്കളിച്ച  ഞാൻ  മോളെ  ഉപദവിക്കുവോ ?”

അവൾ  കുറച്ചു  നേരം  അവൻ്റെ  നേരെ  നോക്കി  നിന്നു . പതുക്കെ  ആ  മുഖത്ത്  ഒരു  പുഞ്ചിരി  വന്നു .

അവൾ  പേടിമാറി  പതുക്കെ  എഴുന്നേറ്റു  വന്നു . കന്യാസ്ത്രീയും  കത്രീനയും  ഒരു  ദീർഘ  നിശ്വാസത്തോടെ  അവിടെനിന്നും  പിൻവാങ്ങി .

“വാ ! മുറിയുടെ  പുറത്തേക്ക്  വാ !” അവൻ  അവളുടെ  കൈ  പിടിച്ചു  മുറിയുടെ  പുറത്തേക്കു  കടന്നു .

പണ്ടത്തെപ്പോലെ  അവർ  ചിരട്ട  കൊണ്ട്  മണ്ണപ്പം  ചുട്ടു .

“ലക്ഷ്മിക്കുട്ടീ , ഇനി  പറ , തമ്പ്രാനും  തമ്പ്രാട്ടിയും  എവിടെ ?”

“ഞാൻ  പറയാം . അന്ന്  ഞങ്ങൾ  വീട്  നഷ്ടപ്പെട്ടു  തെരുവിലേക്കിറങ്ങിയപ്പോൾ  ഒറ്റ  വാഹനവും  ലഭിച്ചില്ല . അമ്മയുടെ  വീട്ടിൽ  പോകാമെന്നായിരുന്നു  വിചാരിച്ചിരുന്നത് . അപ്പോഴാണ്  ഒരു  ലോറി  അത്  വഴി  വന്നത് . ആ  ലോറി  ഞങ്ങളുടെ  മുന്നിൽ  നിന്നു ലോറിക്കാരൻ  ഒരു  കൊമ്പൻ  മീശക്കാരനായ  ഒരു  മൊട്ടയായിരുന്നു . കൂടെ  നീണ്ടു  മെലിഞ്ഞ  ഒരു “കിളിയും ” ഉണ്ടായിരുന്നു . അയാളുടെ  മുഖം  കണ്ടപ്പോഴേ  എനിക്ക്  പേടിയായി . ഞങ്ങൾ  ലോറിയിൽ  കയറി . വണ്ടിയോടിക്കുമ്പോൾ  അയാളുടെ  നോട്ടം  അമ്മയുടെയും  എന്റെയും  നേരെയായിരുന്നു . കുറേ  ദൂരം  കഴിഞ്ഞപ്പോൾ  അയാൾ  വണ്ടി  നിർത്തി  അച്ഛനോട്  ഒന്ന്  പുറത്തിറങ്ങാൻ  പറഞ്ഞു . അച്ഛന്  ഇറങ്ങാൻ  വേണ്ടി  ഞങ്ങളും  വണ്ടിയിൽ  നിന്നിറങ്ങി . അയാൾ  കിളിയെ   ഒരു വശത്തേക്ക്  കൊണ്ടുപോയി  എന്തൊക്കെയോ  സ്വകാര്യം  പറഞ്ഞു . പിന്നീട്  അവർ  അച്ഛനെ  വിളിച്ചു  ഒരു  പൊന്തക്കാട്ടിലേക്കു  കൂട്ടിക്കൊണ്ടുപോയി . പെട്ടെന്ന്  അച്ഛന്റെ  നിലവിളിയാണ്  ഞാനും  അമ്മയും  കേട്ടത് . ഞങ്ങൾ  അങ്ങോട്ടോടി . അപ്പോൾ  മൊട്ട  ഞങ്ങളുടെ  മുന്നിൽ  വന്നു .

“ആറായിരുന്നാലും  അറുപതായിരുന്നാലും  പെണ്ണ്  പെണ്ണ്  തന്നെയാ ! എനിക്ക്  ഇഷ്ടപ്പെട്ടവരാരും  എൻ്റെ  കയ്യിൽ  വരാതെ  പോയിട്ടില്ല ! ” ഡ്രൈവർ  പൊട്ടിച്ചിരിക്കാൻ  തുടങ്ങി .

എന്ത്  ചെയ്യണമെന്നറിയാതെ  ഞങ്ങൾ  പരക്കം  പാഞ്ഞു . അവസാനം  അവർ  ഞങ്ങളേയും  വലിച്ചിഴച്ചു  ശ്വാസത്തിനായി  പിടയുന്ന  അച്ഛന്റെ  മുന്നിലേക്ക്‌  കൊണ്ട്  വന്നു . പിന്നെ …..   ഉണർന്നപ്പോൾ …. ഉണർന്നപ്പോൾ …. എല്ലുകൾ  നുറുങ്ങുന്നു … അമ്മ .. അമ്മ .. ഉണർന്നതേയില്ല !” അവൾ  തളർന്നുവീണു .

എന്ത്  ചെയ്യണമെന്നറിയാതെ  അവൻ  പൊട്ടിക്കരഞ്ഞു

ഭാഗം -9 – വന്യം

( എഴുതിയത് – രാജേഷ്  ആട്ടീരി -താനൂർ )

സ്ത്രീകളുടെ  വിഭാഗം . വരാന്തയിൽ  വെള്ള  വസ്ത്രം  ധരിച്ചു  ഒരു  തൂണിന്മേൽ  ചാരി  ഇരിക്കുകയാണ്  അവന്റെ  അമ്മ .

കണ്ണീർ  തുടച്ചു  രാമകൃഷ്ണൻ  അമ്മയുടെ  അടുത്തേക്ക്  നടന്നടുത്തു .

അമ്മയോട്  ലക്ഷ്മിയെക്കുറിച്ചു  പറയണോ ?

എന്നെത്തന്നെ  തിരിച്ചറിയാൻ  കഴിയാതിരിക്കുമ്പോൾ  പറഞ്ഞിട്ടെന്തു  കാര്യം ?

“അമ്മേ !” അവൻ  പതുക്കെ  വിളിച്ചു .

ഏതോ  അപരിചിതരെ  നോക്കുംപോലെ  അമ്മ  അവനെ  നോക്കി .

“അമ്മ  വല്ലതും  തിന്നോ ?”

മൗനമായിരുന്നു  മറുപടി .അപ്പോഴും  ഒരു  അപരിചിതഭാവത്തിലുള്ള  നോട്ടം  തുടർന്നു .

രണ്ടു  കന്യാസ്ത്രീകൾ  അപ്പോൾ  അവിടേക്കു  വന്നു .

“മോൻ  പേടിക്കേണ്ട ! അമ്മക്കൊന്നും  വരില്ല ! ഞങ്ങൾ  അവരെ  മനോരോഗ  വിദഗ്ധനെ  കാണിക്കാൻ  കൊണ്ടുപോകാൻ  വാഹനം  ഏർപ്പാടാക്കിയിട്ടുണ്ട് . അമ്മ  തിരിച്ചു  വരും !”

ഒരു  ജീപ്പ്  അവിടെ  വന്നു  നിന്നു .

അമ്മയെക്കൂടി  രണ്ടു  കന്യാസ്ത്രീകൾ  ജീപ്പിൽ  കയറി .

മക്കൾക്ക്  മാനസിക  പിന്തുണ  നൽകേണ്ടവർ  തളർന്നു  പോയാൽ  എന്ത്  ചെയ്യും ?

നിസ്സഹായനായി  ആ  വാഹനം  പോകുന്നതും  നോക്കി  അവൻ  നിന്നു .

ആരൊക്കെയുണ്ടായാലും  ഏകാന്തത  ക്ഷണിക്കാതെ  വരുന്ന  ഒരു  വിരുന്നുകാരൻ !

എന്ത്  കൊണ്ടാണ്  ചിലർക്ക്  കഷ്ടപ്പാടുകൾ  മാത്രം  വന്നു  ചേരുന്നത് ?

ചതഞ്ഞരഞ്ഞ  ജീവിതങ്ങൾക്ക്  വേണ്ടി  പോരാടാൻ  താൻ  ഒരു  വലിയ ആളായിരുന്നെങ്കിൽ എത്ര  നന്നായിരുന്നു !

അമ്മയെ  തിരികെ  കൊണ്ടുവരാൻ  കഴിയുന്ന  ഡോക്റ്ററായിരുന്നെങ്കിൽ  ഞാൻ  ദൈവാനുഗ്രഹമുള്ളവനായിരുന്നേനെ !

കൂടപ്പിറപ്പല്ലെങ്കിലും  കൂടെപ്പിറപ്പിനെപ്പോലെയുള്ളവളുടെ  സ്വപ്നങ്ങളുടെ  ചിറകൊടിച്ച  രാവണന്മാരെ  സംരക്ഷിക്കുന്ന  കാലമല്ലേ  ഇത് ?

ആശുപത്രിയിൽ  ഗ്ളൂക്കോസിട്ടു  കിടക്കുന്ന  ലക്ഷ്മിക്കുട്ടിയെ  രക്ഷിക്കണേ  ദൈവമേ !

നാലു  നേരം  വയറു  നിറയെ  കഞ്ഞി  കഴിക്കാനുള്ള  യോഗം  എന്നുണ്ടാകും ?

അവൻ  ചിന്തയിലാണ്ടു  തിരിച്ചു  നടക്കാൻ  തുടങ്ങി .

ഈ  അഗതിമന്ദിരത്തിൽ  ഉള്ളവർ  എത്ര  ദയയുള്ളവരാണ് !

ആരുമല്ലാതെ  ഞങ്ങളെ  സ്നേഹിക്കുകയും  സഹായിക്കുകയും  ചെയ്യുന്നു !

കളിക്കാനൊന്നും  തോന്നുന്നില്ല .

ഈ  കുട്ടിക്കാലത്തു  തന്നെ  തന്റെ  മനസ്സ്  മുതിർന്നവരെപ്പോലെ  അസ്വസ്ഥമായോ ?

മുറിയിൽ  പോയിരിക്കാം . മറ്റു  കുട്ടികളുമായി  സംസാരിച്ചാൽ  എല്ലാം  കുറയുമായിരിക്കും !

ഒരു  കുട്ടിയതാ  കടലാസിന്റെ  വിമാനം  പറപ്പിച്ചു  അതിന്റെ  പിന്നാലെ  ഓടുന്നു !

ആ  വിമാനം  അവന്റെ  കാൽക്കൽ  വന്നു  വീണു .എന്ത്  ചെയ്യണമെന്നറിയാതെ  ആ  കുട്ടി  അവിടെ  നിന്നു .

അവൻ  ആ  വിമാനമെടുത്തു  ആ  കുട്ടിക്ക്  കൊടുത്തു  ആ  കുട്ടിയുടെ  തലമുടിയിൽ  പുഞ്ചിരിച്ചുകൊണ്ട്  തലോടി .

കുട്ടി  വീണ്ടും  വിമാനം  പറത്തൽ  തുടർന്നു . ഒരിക്കൽ  വീണിട്ടും  വീണ്ടും  പറക്കുന്നു  വിമാനം !

താൻ  ഈ  വിമാനം  പോലെ  സ്വപ്നങ്ങളുടെ  മേലെ  പറക്കണം .

ആത്മവിശ്വാസം  നിറഞ്ഞ  മനസ്സോടെ  അവൻ  മുറിയിൽ  കയറി

ഭാഗം -10 – വന്യം

(എഴുതിയത് -രാജേഷ്  ആട്ടീരി-താനൂർ  )

ഉച്ച  നേരം  കഴിഞ്ഞു . അമ്മയെ  കൊണ്ട്  പോയ  ജീപ്പ്  തിരിച്ചു  വരുന്ന  ശബ്ദം  കേട്ട്  രാമകൃഷ്ണൻ  മുറിയിൽ  നിന്ന്  പുറത്തേക്കു  ഓടിവന്നു .

അമ്മയെ  കന്യാസ്ത്രീകൾ  കൂട്ടിക്കൊണ്ടു  അകത്തേക്ക്  പോകുന്നത്  അവൻ  കണ്ടു .

ഇടക്കിടക്ക്  അങ്ങോട്ട്  പോകാൻ  പറ്റില്ലല്ലോ ? താൻ  ഒരു  പെൺകുട്ടിയായിരുന്നെങ്കിൽ  അമ്മയുടെ  കൂടെ  നിൽക്കാമായിരുന്നു !

അപ്പോഴാണ്  ഒരു  ഓട്ടോറിക്ഷ  അവിടെ  വന്നത് . അതിൽ  നിന്നും  ലക്ഷ്മിയും  കത്രീനയും  പുറത്തിറങ്ങി .

അവൻ  ലക്ഷ്മിയുടെ  അടുത്തേക്കോടി . ഇപ്പോൾ  അവൾക്കു  അവനെ  പേടിയില്ല ! ചിരിച്ചു  കൊണ്ട്  അവൾ  പറഞ്ഞു :

“കുഞ്ഞേട്ടാ , എനിക്ക്  ഭേദായി !”

“മോളെ , എനിക്ക്  ഒരു  സഹായം  ചെയ്യാമോ ?”

“എന്താ  വേണ്ടേ ?”

“അപ്പുറത്തെ  കെട്ടിടത്തിൽപോയി  എൻ്റെ  അമ്മയെ  ഒന്ന്  കാണുവോ ? ഒരു  പക്ഷേ , അമ്മക്ക്  നിന്നെ  തിരിച്ചറിയാൻ  കഴിഞ്ഞേക്കും !”

“അതിനെന്താ  ഞാൻ  പൊവ്വാലോ !” അവൾ  അവിടെനിന്നും  ഓടി .

സ്ത്രീകളുടെ  വിഭാഗം . രാമകൃഷ്ണന്റെ  അമ്മ  ഇപ്പോഴും  വരാന്തയിൽ  തൂണും  ചാരി  ഇരിക്കുകയാണ് . ലക്ഷ്മി  ഓടി  വന്നു  അവളുടെ  മടിയിൽ  കയറിയിരുന്നു . ആ  അമ്മ  പെട്ടെന്ന്  ഞെട്ടിപ്പോയി .

” അവരുടെ  മടീല്  ഇരിക്കല്ലേ ! അവര്  നിന്നെ  ഉപദ്രവിക്കും !”- ഒരു  കന്യാസ്ത്രീ  അവളോട്  പറഞ്ഞു .

“എന്നെ  അവരൊന്നും  ചെയ്യില്ല ! ഞാൻ  അവരുടെ  മടിയില്  കൊറേ  ഇരുന്നിട്ട്  കളിച്ചിട്ടുണ്ട് !” അവൾ  അമ്മയുടെ  കവിളിൽ  ഒരു  മുത്തം  കൊടുത്തു .

അമ്മ  അത്ഭുതത്തോടെ  അവളെ  നോക്കി . അപ്പോഴാണ്   അവളുടെ  നെറ്റിയിലെ   അരിമ്പാറ  ആ  അമ്മ  ശ്രദ്ധിച്ചത് .

“മോളെ  ഞാൻ  എവിടെയോ  കണ്ടിട്ടുണ്ടല്ലോ ?”

“ഞാൻ  തമ്പ്രാന്റെ  മോള്  ലക്ഷ്മിക്കുട്ടി . രാമന്റെ  കളിക്കൂട്ടുകാരി !”

“രാമനോ ? ഏതു  രാമൻ ?”

” അമ്മേടെ  മോൻ  രാമകൃഷ്ണൻ !”

“എൻ്റെ  മോൻ  മരിച്ചു  പോയി , കുട്ടിയേ !”

“ഇല്ല്യ , കുഞ്ഞേട്ടന്റെ  അമ്മേ !”

” നൊണ  പറയേണ്ട ! ഞാൻ  കണ്ടതാ !” അവർ    കരച്ചിലിന്റെ  വക്കത്തു  വരെയെത്തി .

” അമ്മേടെ  മോന്   താടിയെല്ലിനു  തൊട്ടു  താഴെ  ഒരു  വലിയ  കാക്കപ്പുള്ളിയില്ലേ ?”

“ഉവ്വ് !”

“മോനെ  ഞാൻ  കാണിച്ചു  തരാം . കുഞ്ഞേട്ടാ , ഇങ്ങോട്ടു  വരൂ !” അവൾ  ഉറക്കെ  വിളിച്ചു  പറഞ്ഞു .

രാമകൃഷ്ണൻ  ഓടി  വന്നു .

“ഈ  കുട്ടിയെ  ഞാൻ  കണ്ടിട്ടുണ്ടല്ലോ ? ങ്ഹാ ! എന്നെ  കൊറേ  കുട്ടിയോള്  ഉപദ്രവിച്ചപ്പോ  എന്നെ  രക്ഷിച്ചതാ !”

” അത്  അമ്മേടെ  മോൻ  തന്ന്യാ !”

“എന്നെ  പറ്റിക്കാൻ  നോക്കാതെ  ഇവിടെ  നിന്ന്  പോകുന്നുണ്ടോ ?” അവരുടെ  കണ്ണുകൾ  ചുവന്നു  തുടുത്തു .

ലക്ഷ്മി  പേടിച്ചു  മടിയിൽ  നിന്നും  വേഗം  എഴുന്നേറ്റു .

“അവളെ  ഒന്നും  ചെയ്യല്ലേ !” മുട്ടുകുത്തി  നിന്ന്  രാമകൃഷ്ണൻ  അവരുടെ  കാൽക്കൽ  നിന്ന്  തലയുയർത്തി  കൈകൂപ്പി  യാചിച്ചു . അപ്പോൾ  ആ  കാക്കാപ്പുള്ളി  അവർ  കണ്ടു .

“എൻ്റെ  മോനെപ്പോലെ  ഒരു  കുട്ടി ! മോനാരാ ?”

” അമ്മേടെ  മോൻ  തന്ന്യാ  ഞാൻ !”

ആ  മറുപടി  ആ  മനസ്സിൽ  കയറുമോ ? ഉലഞ്ഞ  മനസ്സിൽ  സത്യങ്ങൾ  തെളിയുമോ ?

ഭാഗം 11 – വന്യം

(എഴുതിയത് – രാജേഷ് ആട്ടീരി-താനൂർ  )

വൈകുന്നേരം .ലക്ഷ്മിയും  രാമകൃഷ്ണനും  ഒളിച്ചു  കളിക്കുകയാണ് . രാമകൃഷ്ണൻ  കണ്ണു കൈകൾ  കൊണ്ട്  അടച്ചു  എണ്ണുകയാണ് . ലക്ഷ്മി  ഓടി  ഒരു  മരത്തിന്റെ  പിന്നിൽ  ഒളിച്ചു .

പെട്ടെന്നാണ്  ഒരു  ലോറി  അവിടേക്കു  കയറി  വന്നത് .  രാമകൃഷ്‌ണൻ  പേടിച്ചു  ഒരു  വശത്തേക്ക്  മാറിനിന്നു . ഭാഗ്യം  കൊണ്ട്  മാത്രമാണ്  ലോറി  മുട്ടാതെ  രക്ഷപ്പെട്ടത് .

കന്യാസ്ത്രീ  പുറത്തേക്കു  വന്നു .

“അമ്പതു  ചാക്ക്  അരിയും  ലോനപ്പൻ  ഏൽപ്പിച്ച  എല്ലാ  പച്ചക്കറികളും  കൊണ്ടുവന്നിട്ടില്ലേ ?” കന്യാസ്ത്രീ  ചോദിച്ചു .

“ഉവ്വ് !” ഡ്രൈവർ  മറുപടി  പറഞ്ഞുകൊണ്ട്  ലോറിയിൽ  നിന്നിറങ്ങി .

മറുവശത്തു  നിന്ന്  കിളിയും  ഇറങ്ങി .

” സാധാരണ  വരാറുള്ളത്  ഗോപനാണല്ലോ ? ഇന്നെന്താ  ആളുമാറിയത് ?”

“ഗോപൻ  പനി  പിടിച്ചു  കിടപ്പാണ് . ഇത്  വാങ്ങി  ഇവിടെ  കൊണ്ടേ  തരാൻ  എന്നെ  ഏൽപ്പിച്ചു ! ലോനപ്പൻ  ഗോപന്റെ  കയ്യിൽ  രൂപ  കൊടുത്തു  ഏൽപ്പിച്ചിരുന്നു . ട്രിപ്പിന്റെ  കാശ്  അടക്കം  അവൻ  തന്നിട്ടുണ്ട് .”-ഡ്രൈവർ

“ശരി !  കലവറയിലേക്കു  കൊണ്ട്  വന്നോളൂ !”

ഡ്രൈവറുടെ കഴുകൻ  കണ്ണുകൾ  കന്യാസ്ത്രീയിൽ  തന്നെയായിരുന്നു .

“ഛീ ! തനിക്കൊന്നും  അമ്മയും  പെങ്ങളുമൊന്നുമില്ലേ ?”

“അമ്മയും  പെങ്ങളുമെല്ലാം  ഈ  മാറിന്റെ  ചൂടറിഞ്ഞവരാണ് !’

“വേഗം  ലോഡിറക്കി  പോകുന്നതാണ്  തനിക്കു  നല്ലത് ! ഇല്ലെങ്കിൽ  ഞാൻ  പോലീസിനെ  വിളിക്കും !”

കന്യാസ്ത്രീ  കെട്ടിടത്തിന്റെയുള്ളിൽ  കയറി  കതകടച്ചു .

ഡ്രൈവറും  കിളിയും  തലേക്കെട്ട്  കെട്ടി  ലോറിയുടെ  പിൻവശത്തേക്കു  നടന്നു .

പെട്ടെന്നാണ്  ലക്ഷ്മി  ഡ്രൈവറുടെ  മുഖം  ശ്രദ്ധിച്ചത് . അവൾ  ഞെട്ടിത്തരിച്ചു  നിന്നുപോയി .

അതേ  ഡ്രൈവർ  തന്നെയല്ലേ  ഇത് ?

ഇവിടെ  നിന്നാൽ  അയാള്  വീണ്ടും  പിടിച്ചുകൊണ്ടു  പോയി  ഉപദ്രവിച്ചാലോ ?

അവൾ  പതുങ്ങി  പതുങ്ങി  ഗേറ്റിന്റെ  അടുത്തേക്ക്  നീങ്ങി .

“ലക്ഷ്മിക്കുട്ടി  എങ്ങടാ  പോണേ ?”- പെട്ടെന്നാണ്  രാമകൃഷ്‌ണൻ  അവൾ  ഗേറ്റിന്റെ  അടുത്ത്  നിൽക്കുന്നത്  കണ്ട്  ആ  ചോദ്യം  ചോദിച്ചത് .

ഡ്രൈവറും  കിളിയും   അപ്പോൾ  ഗേറ്റിന്റെ  അവിടേക്കു  നോക്കി .

“എടാ ! രണ്ടു  മൂന്നു  ദിവസം  മുമ്പത്തെ  ഇരയല്ലേടാ  അത് !നിൽക്കെടി  അവിടെ !”

ഞെട്ടിത്തരിച്ചു  പോയ  ലക്ഷ്മി  പെട്ടെന്ന്  സാഹചര്യത്തെക്കുറിച്ചു  മനസ്സിലാക്കി  റോട്ടിലേക്കിറങ്ങി  ഓടി .

“നിൽക്ക് !”- രാമകൃഷ്ണൻ  ഉറക്കെ  വിളിച്ചു  പറഞ്ഞു .

ജീവൻ  അപകടത്തിലാണെന്ന്  തോന്നുമ്പോൾ  ആര്  പിൻവിളികൾ  കേൾക്കും ?

രാമകൃഷ്‌ണൻ  പിന്നാലെ  ഓടി.

“നീ  ലോഡ്  ഇറക്കി  വണ്ടിയും  കൊണ്ട്  ലോഡ്ജിൽ  വന്നോ   ! ഞാൻ  ഇരയുടെ  പിന്നാലെ  പോയിട്ട്  വരാം !”

ഡ്രൈവറും  അവരുടെ  പിന്നാലെ  ഓടി .

ലക്ഷ്മി  ഓടിത്തളർന്നു . പക്ഷേ , ഓട്ടം  നിർത്തിയാൽ  ജീവൻ  തന്നെ  അപകടത്തിലാണ് .

പെട്ടെന്നാണ്  അവൾ  ഒരു  വലിയൊരു  മരപ്പൊത്തു  കണ്ടത് . ഒരാൾക്ക്  ഒളിക്കാൻ  മാത്രം  വലിപ്പമുണ്ടതിന് !

അവൾ  അതിൽ  കയറി  ഒരു  വശത്തുകൂടി  പുറത്തേക്കു  ഏന്തി  നോക്കി .

അതാ  രാമകൃഷ്‌ണൻ  ഓടിവരുന്നു . പിന്നാലെത്തന്നെ  ആ ഡ്രൈവറും  ഉണ്ട് . വിളിച്ചാൽ  പിടിക്കപ്പെടും !

രാമകൃഷ്ണൻ  തളർന്നു  റോഡരികിൽ  ഇരുന്നു .

ഡ്രൈവർ  അവനെ  കടന്നുപോയി .

അവൻ  ഒരു  ഇര  അല്ലല്ലോ ?

പെട്ടെന്നാണ്  ഒരു  പോലീസ്   ജീപ്പ്  ആ വഴി  വന്നത് .

ഡ്രൈവർ  വേഗം  ഒരു  കുറ്റിക്കാട്ടിൽ  ഒളിച്ചു  .

പോലീസ്  ജീപ്പ്  പോയിക്കഴിഞ്ഞപ്പോൾ  എഴുന്നേറ്റു  വരാമെന്നു  അവൻ  കരുതി .

അപ്പോഴതാ  മന്ത്രിയുടെ  കാറും  പോലീസുകാരുടെ  കുറെ  അകമ്പടി  വാഹനങ്ങളും !

ലക്ഷ്മി  പൊത്തിൽ  നിന്നും  പുറത്തിറങ്ങി  വീണ്ടും  ഓട്ടം  തുടങ്ങി .

രാമകൃഷ്‌ണനും  റോഡിന്റെ  ഒരു  വശത്തു  കൂടെ  ലക്ഷ്മിയെ  തിരഞ്ഞുള്ള  ഓട്ടം  തുടർന്നു .

വാഹനങ്ങൾ  കടന്നു  പോയി . ഡ്രൈവർ  മൊട്ടത്തല  തലോടിക്കൊണ്ട്  കുറ്റിക്കാട്ടിൽ  നിന്നും  പുറത്തു  വന്നു .

“ഛെ ! കൈ  വിട്ടു  പോയല്ലോ ! നാശം !വോട്ട്  ചെയ്തിട്ട്  നാടിനോ  ഗുണമില്ല ! എന്നാൽ  അവനവനു  മനസ്സിൽ  തോന്നിയത്  ചെയ്യാൻ  നോക്കുമ്പോൾ  അതിനും  തടസ്സമായി   വരും ! ശല്യങ്ങൾ !”

അയാൾ  തിരിച്ചു  നടക്കാൻ  തുടങ്ങി .

അപ്പോഴാണ്  കിളി  ലോറി  ഓടിച്ചു  അവിടെയെത്തിയത് .

“ആശാനേ ! കിട്ടിയോ ?”

“ഇല്ലെടാ !”

“ആശാൻ  കേറൂ !”

ഡ്രൈവർ  വണ്ടിയിൽ  കയറി . കിളി  ഒരു   വശത്തേക്ക്  മാറിയിരുന്നു . ഡ്രൈവർ  വളയം  പിടിച്ചു .

“കൊളുത്തെടാ  ഒരു  ബീഡി !”

കിളി  ഒരു  ബീഡി  ഡ്രൈവറുടെ  വായിൽ  വെച്ച്  ലൈറ്റർ  എടുത്തു  കത്തിച്ചു  കൊടുത്തു .

ബീഡി  വലിച്ചു  കൊണ്ട്  ഡ്രൈവർ  ലോറിയുടെ  വേഗത  കൂട്ടി ഓടിക്കാൻ  തുടങ്ങി .

അൽപ്പ സമയം  കടന്നു  പോയി .

പെട്ടെന്ന്  ഡ്രൈവർ  വണ്ടി  നിർത്തി .

അതാ  റോഡരികിൽ  നിന്ന്  ലക്ഷ്മി  കിതക്കുന്നു !

അയാൾ  ഓടിവന്നു  അവളെ  പിടികൂടി .

പക്ഷേ , അവൾ  അയാളുടെ  കയ്യിൽ  കടിച്ചു  അവിടെനിന്നും  ഓടിപ്പോയി .

“വിടില്ല  ഞാൻ !” ഡ്രൈവർ  ലോറിയിൽ  തിരിച്ചു  കയറി  അവളെ  പിന്തുടർന്നു .

ഒരു  പാലത്തിന്റെ  അടുത്തെത്തിയപ്പോൾ  ലോറി  അവളെ  മുട്ടാറായ  നിലയിലായി .

അവൾ  വെള്ളത്തിലേക്ക്  എടുത്തു  ചാടി .

വണ്ടി  നിർത്തി  ഡ്രൈവർ  പുറത്തിറങ്ങി .

“ഇന്നിനി  പണം  കൊടുത്താലേ  കാര്യം  സാധിക്കൂ  അല്ലേടാ ?”  കിളിയോടായി  ഡ്രൈവർ  ചോദിച്ചു .

അപ്പോഴും  ബീഡി  അയാളുടെ  ചുണ്ടിലുണ്ടായിരുന്നു . അയാൾ  തിരിച്ചു  വണ്ടിയിൽ  കയറി .

രാത്രിസമയം . നല്ല  നിലാവുണ്ട് .ആ  കുട്ടികൾ  എവിടെയായിരിക്കും ?

ഡ്രൈവറുടെ  കൺമുന്നിൽ  വീണ്ടും  ചെന്ന്  പെടുമോ ?

ഭാഗം -12 – വന്യം

(എഴുതിയത് – രാജേഷ്  ആട്ടീരി-താനൂർ  )

അത്താണി .

ഭാരങ്ങൾ  ഇറക്കി  വെക്കാനുള്ള  സ്ഥലം .

ശരീരത്തിന്റെ  ക്ഷീണമാകുന്ന  ഭാരവും  ഇറക്കി  വെച്ചു  കൂടെ  അവിടെ ?

അത്താണിയിൽ  ഇരുന്നു  കിതക്കുകയാണ്  ലക്ഷ്മി .

വസ്ത്രങ്ങൾ  ഇനിയും  ഉണങ്ങിയിട്ടില്ല .

അവൾ  അത്താണിയിൽ  ചുരുണ്ടു  കൂടി  കിടന്നു .

എന്താ  ഒരു  കാൽപ്പെരുമാറ്റം ?

ഡ്രൈവർ  ആയിരിക്കുമോ ?

ആരോ  ഓടിവരുന്നുണ്ട് !

രാമകൃഷ്ണനല്ലേ  അത് ?

അതെ ! അതവൻ  തന്നെയായിരുന്നു !

അവൾ  എഴുന്നേറ്റിരുന്നു .

അവൻ  ഓടി  വന്നു  അവളുടെ  അടുത്തിരുന്നു  കിതക്കാൻ  തുടങ്ങി .

കിതപ്പിനിടയിൽ  അവൻ  ചോദിച്ചു :

“ലക്ഷ്മിക്കുട്ടീ … എന്തിനാ … ഓടിയത് ?”

“ആ  ഡ്രൈവർ  …ആണ്  ….എന്നെ … ഉപദ്രവിച്ചത് !  അവിടെ … നിന്നാൽ .. വീണ്ടും … ഉപദ്രവിക്കും !”

“രാത്രിയായി .. ഇനി .. എങ്ങിനെയാ  .. തിരിച്ചുപോവ്വാ ?”

“വന്ന…  വഴി  …ഓർമ്മയില്ലല്ലോ … ഏട്ടാ ?”

“വിശക്കുന്നില്ലേ … മോൾക്ക് ?”

“ഉണ്ട് ! എന്താ .. ചെയ്യാ ?”

അങ്ങകലെ  നിന്ന്  വെള്ളം  ഒഴുകുന്ന  ശബ്ദം  അവർ  കേട്ടു .

“തിന്നാൻ … കിട്ടീല്യെങ്കിലും .. വേണ്ടില്ല . കൊറച്ചു   … വെള്ളം .. കുടിക്കാം  ല്ലേ ?”

അവർ  അത്താണിയിൽ  നിന്നിറങ്ങി  ശബ്ദം  കേട്ട  സ്ഥലം  ലക്ഷ്യമാക്കി  നടന്നു .

നടന്നിട്ടും  നടന്നിട്ടും  എത്തുന്നില്ലല്ലോ ?

കല്ലും  മുള്ളും  നിറഞ്ഞ  വഴികൾ . ചീവീടുകളുടെ  ശബ്ദം  കേൾക്കാം

എന്താ  ഇത് ? കാട്ടിലേക്കാണോ  അവർ  പോകുന്നത് ?

വിശപ്പും  ദാഹവും  ഉള്ളപ്പോൾ ആര്  പരിസരം  നോക്കും ?

ജീവനല്ലേ  പ്രധാനം ?

നിലാവിന്റെ  വെളിച്ചം  ഒരു  പക്ഷേ  ദൈവം  അവരുടെ  മേലെ  ചൊരിയുന്ന  അനുഗ്രഹമായിരിക്കും !

ചില  മരങ്ങളുടെ  നിഴലുകൾ  അവരെ  ഭയപ്പെടുത്തി .

ശ്രദ്ധിച്ചു  നടക്കണം . വഴിയിൽ  പാമ്പുണ്ടെങ്കിലോ ?

കാലുകൾ  കുഴയുന്നു . തൊണ്ട  വരളുന്നു .

മുന്നോട്ടു  പോയേ  തീരു !

ഏതൊക്കെയോ  കായ്‌കൾ  കാണുന്നുണ്ട് .

ഒരു  പക്ഷേ , വിഷക്കായകളാണെങ്കിലോ ?

വേണ്ട ! ഒന്നും  കഴിക്കാതിരിക്കുകയാണ്  നല്ലത് !

അവർ  ഒന്നിരുന്നു .

എന്തോ  ഒന്നു  കൊഴിഞ്ഞ  ഇലകൾക്കിടയിൽ  ഇളകുന്നുണ്ടോ ?

അവർ  ചാടി  എഴുന്നേറ്റു .

അത്  ഒരു  അരണയായിരുന്നു !

ഇനി  എത്ര  ദൂരം  പോകണമാവോ ?

പെട്ടെന്ന്  ഒരു  വവ്വാൽ  അവരുടെ  തൊട്ടടുത്തുകൂടെ  പറന്നുപോയി .

അവർ  പേടിച്ചു  മണ്ണിൽവീണു .

വീണ്ടും  ചാടിപ്പിടഞ്ഞെഴുന്നേറ്റു .

രാത്രിയിൽ  മാത്രം  കേൾക്കുന്ന  പേടിപ്പെടുത്തുന്ന  ചില  ശബ്ദങ്ങൾ .

അവൾ  അവൻ്റെ  കൈകൾ  മുറുകെപ്പിടിച്ചു .

പതുക്കെപ്പതുക്കെ  പേടിച്ചു  വിറച്ചു  അവർ  നടത്തം  തുടർന്നു .

അതാ  വെള്ളം  ഒഴുകുന്ന  ശബ്ദം  കൂടുതൽ  അടുത്ത്  വരുന്നു !

മനം  കുളിർപ്പിക്കുന്ന  തെളിഞ്ഞ വെള്ളമതാ  ആ  കാട്ടുചോലയിൽ  ഒഴുകുന്നു !

അതിന്റെ  അടുത്ത്  പാറക്കെട്ടുകൾ  ഉണ്ട് .

അവർ  പാറക്കെട്ടിൽ  ഇരുന്നു  പതുക്കെപ്പതുക്കെ  നിരങ്ങി ചോലയിലേക്കിറങ്ങാൻ  തുടങ്ങി .

അവരുടെ  കാലുകൾ  ചോലയിൽ  മുട്ടി .

എന്തൊരു  തണുപ്പ് !

അവർ  കുനിഞ്ഞു കൈകളിൽ  വെള്ളം  കോരിയെടുത്തു  കുടിച്ചു . പിന്നെ  മുഖം  കഴുകി .

പൂർണ്ണചന്ദ്രന്റെ  പ്രതിബിംബം  ചോലയിൽ  തെളിഞ്ഞു  കാണാം .

“എന്തൊരു  ഭംഗ്യാ ല്ലേ  ചന്ദ്രനെക്കാണാൻ ?”

“ന്നാലും  ഇതൊരു  കാടാണല്ലോ  മോളെ ?”

“എങ്ങന്യാ  പൊറത്തു  പോവ്വാ ?”

“അറീല്യ !”

അവർ  പൊത്തിപ്പിടിച്ചു  കയറി  പാറയിന്മേൽ  വന്നിരുന്നു .

ദേഹം  പാറയിൽ  ഉരഞ്ഞതിന്റെ  വേദനയുണ്ട് .

അവൻ  ചുറ്റും  നോക്കി . അതാ  അൽപ്പം  ദൂരെയായി  ഒരു  ഗുഹ  കാണുന്നു .

ദുഷ്ടമൃഗങ്ങൾ  വല്ലതും  ഉണ്ടാകുമോ ?

“നമുക്കാ  ഗുഹയിൽ  പോയി  നോക്കിയാലോ ?”- അവൻ  ചോദിച്ചു . അവർ  എഴുന്നേറ്റു  ഗുഹയുടെ  അടുത്തേക്ക്  നടക്കാൻ  തുടങ്ങി .

അവർ  ഗുഹയുടെ  അടുത്തെത്തി .

ചുറ്റും  കുറേ  എല്ലിൻകഷ്ണങ്ങളും  തലയോട്ടികളും  ചിതറിക്കിടക്കുന്നു .

ഭാഗം -13 – വന്യം

(എഴുതിയത് – രാജേഷ്  ആട്ടീരി-താനൂർ  )

അവർ  ഗുഹയിൽ  കയറി .

കൂരാക്കൂരിരുട്ട് .

മുന്നോട്ടു  പോണോ ?

ഒരു  കത്തുന്ന  മെഴുകുതിരി  അവരുടെ  മുന്നിൽ  പ്രത്യക്ഷപ്പെട്ടു .

“വരൂ !”

ആ  ശബ്ദം  കേട്ട  സ്ഥലത്തു  അവർ  തപ്പി  നോക്കി .

ആരെയും  കാണുന്നില്ല !

വീണ്ടും  ആ  ശബ്ദം -“വരൂ !”

മെഴുകുതിരി  മുന്നോട്ടു  നീങ്ങാൻ  തുടങ്ങി .

അവർ  മെഴുകുതിരിയെ  പിന്തുടർന്നു .

അതാ  ഒരു  വശത്തു  ആരോ കരിങ്കുട്ടിയുടെ   കളം  വരച്ചു  അതിൽ  കുറേ നില  വിളക്കുകൾ  കത്തിച്ചു വെച്ചിരിക്കുന്നു !

ഒരു  പൂജക്ക്‌  വേണ്ട  എല്ലാ  കാര്യങ്ങളും  കളത്തിനു  മുന്നിലുണ്ട് .

പൂജാസാമഗ്രികളുടെ  മുന്നിൽ  ഒരു  പാത്രത്തിൽ  കറുത്ത  ഒരു  ദ്രാവകമുണ്ട് .

പെട്ടെന്ന്  ആ  ദ്രാവകം  തെളിഞ്ഞു  ആ  കുട്ടികൾ   അവരുടെ  പ്രതിബിംബം  അതിൽ  കണ്ടു .

മെഴുകുതിരി  അല്പം  കൂടി  മുകളിലേക്കുയർന്നു  പതുക്കെ  താഴേക്ക്  വന്നു  പലകമേൽ  നിന്നു .

മെഴുകുതിരിയെ  ഇപ്പോൾ  കാണാനില്ല !

അതാ  വായുവിൽനിന്നും  ജഡാധാരിയായ  ഒരാൾ  വന്നു  പലകമേൽ  ഇരിക്കുന്നു .

നീണ്ട  നെറ്റിത്തടം . കുഴിഞ്ഞ  കണ്ണുകൾ നീണ്ട   താടിയും മീശയും  ഉള്ള  ഒരാൾ . ദേഹം  അസ്ഥികൂടം  പോലെ  തോന്നിച്ചു . ദേഹം  മുഴുവൻ  ഭസ്മം  പൂശിയിട്ടുണ്ട് . കറുത്ത  മുണ്ടു  ധരിച്ചു  കൊണ്ടുള്ള  ഒരു  രൂപം .

അവർ  പേടിച്ചു  തിരിച്ചോടാൻ  തുടങ്ങി .

“നിൽക്കൂ ! പേടിക്കേണ്ട ! നിങ്ങളുടെ  എല്ലാ  കാര്യവും  എനിക്കറിയാം !”

“എങ്ങനെ ? നിങ്ങളെ  ഞങ്ങൾ  ആദ്യമായിട്ട്  കാണുകയാണല്ലോ ?”- രാമകൃഷ്‌ണൻ  ചോദിച്ചു

“എൻ്റെ  നെഞ്ചിന്റെ  നേരെ  നിങ്ങൾ  നോക്കൂ !”

അവർ  അയാളുടെ  നെഞ്ചിന്റെ  നേരെ  നോക്കി .

അതാ  ഒരു  പ്രകാശം  ആ  സ്ഥാനത്തു  കാണുന്നു .

അയാൾ  കിടന്നു .

അയാളുടെ  ശരീരത്തിൽ  നിന്ന് മനുഷ്യ  ശരീരം  പോലെയുള്ള  ചില  രൂപങ്ങൾ  പുറത്തു  വന്നു .

അവയുടെ  മുഖത്ത്  കണ്ണോ  മൂക്കോ  വായയോ  ഒന്നുമില്ല . ശരീരം  മുഴുവൻ  അഗ്നി  കാണാം !

ആ  കുട്ടികൾ  ഈളിയിട്ടു  കരഞ്ഞു  ഗുഹയുടെ  ഒരു  വശത്തു  ചേർന്ന്  നിന്നു .

ആ  രൂപങ്ങൾ  അവരുടെ  അടുത്തേക്ക്  നടന്നു  ചെന്നു  അവരെ  തൊടാനായി  കൈകൾ  നീട്ടി .

ആ  കുട്ടികൾ  കൂടുതൽ  ഉച്ചത്തിൽ  കരയാൻ  തുടങ്ങി .

പെട്ടെന്ന്  ആ  രൂപങ്ങൾ  ഒന്നു  പുളഞ്ഞു  രൂപം  മാറി .

അതാ  നിൽക്കുന്നു  ലക്ഷ്മിയുടെ  മാതാപിതാക്കളും  ചിണ്ടനും  കൺമുന്നിൽ !

അവർ  പരസ്പരം  തൊടാനായി  കൈ  നീട്ടി . രണ്ടു  കൂട്ടർക്കും  കഴിഞ്ഞില്ല !

“ഇവർ  സ്വപ്നത്തിലൂടെ  എൻ്റെ  ശരീരത്തിൽ  പ്രവേശിച്ച  ആത്മാക്കൾ ! ഇവർ  എൻ്റെ  മാന്ത്രിക  ജലത്തിലൂടെ  അവരുടെയും  നിങ്ങളുടെയും  ജീവിതം  കാണിച്ചു  തന്നു !”- ആ  ശബ്ദം  വന്നത് കിടക്കുന്ന  ആളിന്റെ  വായിൽ  നിന്നല്ല  മറിച്ചു  നെഞ്ചിൽ  നിന്നായിരുന്നു ! ആ  ചുണ്ടുകൾ  ചലിച്ചതേയില്ല !

പെട്ടെന്ന്  ആ  മൂന്ന്  രൂപങ്ങൾ  കൂടിച്ചേർന്നു  ഒരു  പുകയായി  ചലിച്ചു  അയാളുടെ  നെഞ്ചിൽ  വന്നു  ലയിച്ചു !

“എൻ്റെ  അമ്മെ  കാണിച്ചു  തരുവോ ?”-രാമകൃഷ്‌ണൻ  ചോദിച്ചു .

അയാൾ  എഴുന്നേറ്റിരുന്നു .

“അമ്മയെ  മനസ്സിൽ  വിചാരിച്ചു  ആ  മാന്ത്രിക  ജലത്തിലേക്കു  നോക്കൂ !”

അതാ  അവൻ്റെ  അമ്മ  ഭക്ഷണം  കയ്യിൽ  പിടിച്ചിരിക്കുന്നു .ഭക്ഷണം  തൊട്ടു  നോക്കുന്നുണ്ടെങ്കിലും  അതിലേക്കു  നോക്കുന്നു  പോലുമില്ല ! എന്തിനെന്നറിയാതെ  അവരുടെ  കണ്ണുകളിൽ  നിന്ന്  കണ്ണീർ  ഒഴുകി ആ  വരണ്ട  ചർമ്മത്തെ  നനക്കുന്നുവോ ?

അമ്മയുടെ  കണ്ണീർ  തുടക്കാൻ  രാമകൃഷ്‌ണന്റെ  കൈകൾ  ആ  വെള്ളത്തിൽ  തൊട്ടു .

പെട്ടെന്ന്  ആ  വെള്ളം  വീണ്ടും  കറുത്ത  നിറത്തിലായി .

അവൻ  ദുഃഖത്തോടെ  അയാളെ  നോക്കി .

ഭാഗം -14  വന്യം

(എഴുതിയത് – രാജേഷ്  ആട്ടീരി )

മാന്ത്രികൻ  പലകയിൽ  ഇരിക്കുന്നു . അതിനടുത്തു  വെറും   നിലത്തു  ഇരിക്കുകയാണ്  ആ  കുട്ടികൾ .

“മക്കള്  ഇതൊക്കെക്കണ്ട്  പേടിച്ചു  പോയി . അല്ലേ ?”

“ശരിക്കും  പേടിച്ചു !” ലക്ഷ്മി  പറഞ്ഞു .

“എന്തിനു  പേടിക്കുന്നു ? ഇതെല്ലാം  വെറും  മായക്കാഴ്ചകൾ  അല്ലേ ?”

“ഈ  കാട്ടില്  പുലീം  സിംഹോംക്കെ ണ്ടോ ?”

“ഉണ്ടല്ലോ !”

“അതിനൊന്നിനീം  പേടില്യേ ? അത്  ഇങ്ങട്  വരില്ല്യേ ?”

“ഇല്ല ! മാന്ത്രിക  ശക്തിക്കു  മുമ്പിൽ  അവയൊന്നും  ഒന്നുമല്ല ! അല്ലെങ്കിലും  അവ  വെറുതെ  ഒന്നിനേയും  ഉപദ്രവിക്കില്ല . അതിനു  വിശക്കുമ്പോഴോ  അതിനെ  ഉപദ്രവിച്ചാലോ  മാത്രമേ  അവ  നമ്മളെ  ഉപദ്രവിക്കൂ !”

“പിന്നെ  എന്തിനാ  അവയെ  വന്യമൃഗങ്ങൾ  എന്ന്  വിളിക്കുന്നത് ?അവ  പലരേയും  ഉപദ്രവിച്ച  കഥ  ഞാൻ  കേട്ടിട്ടുണ്ടല്ലോ ?”

“ശരിക്കു  വന്യമൃഗങ്ങൾ  എന്ന്   വിളിക്കേണ്ടത്  മനുഷ്യരെയാണ് . മോളുടെ  അച്ഛനുമമ്മയോ  മോളോ  ഉപദ്രവിച്ചിട്ടാണോ  ആ  ഡ്രൈവർ  മോളെ  ഉപദ്രവിച്ചത് ? അല്ലല്ലോ ? അപ്പോൾ  മൃഗങ്ങളല്ലേ  ഭേദം ? അതിൻ്റെ  താമസസ്ഥലങ്ങള്  മനുഷ്യര്  നശിപ്പിച്ചിട്ടല്ലേ  അത്  പലപ്പോഴും  നാട്ടിലേക്കു  വരുന്നത് ? അതിനും  വല്ലതും  തിന്നണ്ടേ ?”

ലക്ഷ്മി  വയറു  തടവിക്കൊണ്ട്  പറഞ്ഞു :”എനിക്ക് .. വിശക്കുന്നു !”

“എനിക്കും ! ഇവിടെന്താ  തിന്നാൻ ളേ ?”

“എന്താ  വേണ്ടേ  കുട്ട്യോളെ ?”

“വല്യേ  മോഹോന്നൂല്യ ! കൊറച്ചു  പൊടിയരി  കഞ്ഞീം  ചുട്ട  പപ്പടെങ്കിലും  കിട്ടിയാ  മതിയാർന്നു !”- രാമകൃഷ്ണനാണ്  അത്  പറഞ്ഞത് .

“മോൾക്കെന്താ  വേണ്ടേ ?”

“വിശന്നിട്ടു  വയ്യ ! എന്തെങ്കിലും  കിട്ടിയാ  മതി !”

മാന്ത്രികൻ  കണ്ണടച്ച്  എന്തൊക്കെയോ  മന്ത്രിച്ചു .

അതാ  രണ്ടു  പിഞ്ഞാണങ്ങളിൽ  പൊടിയരിക്കഞ്ഞിയും  പപ്പടം  ചുട്ടതും  കോരിക്കുടിക്കാൻ  പ്ലാവിലയും !

ആർത്തിയോടെ  അവരതു  കുടിച്ചു .

“കൈ  കഴുകാൻ  പുറത്തേക്കു  പോകാൻ  പേടിയാണ് ! എന്താ  ചെയ്യാ ?”- ലക്ഷ്‌മി  ചോദിച്ചു .

പെട്ടെന്ന്  ആ  കുട്ടികളുടെ  കൈകളും  മുഖങ്ങളും  കൈ  കഴുകി  തുടച്ച  പോലെയായി .

” ഇതൊക്കെ  എനിക്കും  പഠിപ്പിച്ചു  തരുവോ ?നല്ല  രസാണ്  ഇതൊക്കെ  കാണാനും  ചെയ്യാനും !”- രാമകൃഷ്ണൻ  പറഞ്ഞു .

“അത്  വേണോ ? ജീവിച്ചിരിക്കുമ്പോൾ  പലതും  ചെയ്യാൻ  പറ്റുമെങ്കിലും  മരിക്കുമ്പോൾ  ദുർമന്ത്രവാദികൾ  നിത്യ നരകത്തിലേക്കാണ്  പോകുക !  എന്താ  അങ്ങനെ  വേണോ ?”

എന്ത്  ചെയ്യണമെന്ന്  അറിയാതെ  ആ  കുട്ടികൾ  പരസ്പരം  നോക്കി .

“ആൾക്കാർക്ക്  നല്ല  കാര്യം  ചെയ്യാനാണെങ്കിലോ ?”- രാമകൃഷ്ണൻ  ചോദിച്ചു

“എങ്കിൽ  ഒരു  ദോഷവും  വരില്ല !”

“എനിക്ക്  പഠിക്കണം . എല്ലാവർക്കും  നന്മകൾ  ചെയ്യണം !”

“എങ്കിൽ  നാളെ  രാവിലെ  ചോലയിൽ  കുളിച്ചു  ഈറനോടെ  വാ !നിനക്കുള്ള  മെത്ത  ഇതാ !”

മാന്ത്രികൻ  പതുപതുത്ത  മെത്ത  അവരുടെ  മുന്നിൽ  പ്രത്യക്ഷപ്പെടുത്തി .

“ഇതിലൊന്നും  ഞാൻ  കെടക്കാറില്ല ! ഞാൻ  തറയിൽ  കെടന്നോളാം ! മോള്  അതില്  കെടന്നോട്ടെ !”

അവൾ  മെത്തയിൽ  കിടന്നു . അവൻ  നിലത്തു  ചുരുണ്ടുകൂടി  കിടന്നു .

പെട്ടെന്ന്  മാന്ത്രികനും  പൂജാസാമഗ്രികളും  വിളക്കും  വെളിച്ചവുമെല്ലാം  അപ്രത്യക്ഷമായി .

ഭാഗം -15 – വന്യം

(എഴുതിയത് – രാജേഷ്  ആട്ടീരി-താനൂർ  )

നേരം  പുലർന്നു . രാമകൃഷ്ണനും  ലക്ഷ്മിയും  എഴുന്നേറ്റു .

മന്ത്രവാദിയും  കളം  വരച്ചതും  ഒന്നും  കാണുന്നില്ലല്ലോ ?

ഇതൊക്കെ  ഒരു  സ്വപ്നമായിരുന്നോ ?

ഏതായാലും  ഒന്ന്  കുളിച്ചേക്കാം !

അല്ല ! കുളിച്ചാൽ  മാറാൻ  വേറെ  വേഷമൊന്നുമില്ലല്ലോ ?

പെട്ടെന്നാണ്  ഒരു  ചെറിയ  പെട്ടി  അവരുടെ  മുന്നിൽ  പ്രത്യക്ഷപ്പെട്ടത് !

രാമകൃഷ്ണൻ  അതിൽ  ഒന്ന്  തൊട്ടു .

അത്ഭുതമെന്നു  പറയട്ടെ  അത്  ഇടത്തരം  വലിപ്പമുള്ള  ഒരു  പെട്ടിയായി  മാറി !

ലക്ഷ്മി  അത്  തുറന്നു . തോർത്തുമുണ്ടുകളും  അവൾക്കു  മാറാനുള്ള  വസ്ത്രങ്ങളും   രണ്ടു  ഓടങ്ങളിൽ  രണ്ടുപേർക്കുള്ള  വാകയുമുണ്ട് .

“അപ്പൊ  എനിക്കോ ?” ആരോടെന്നില്ലാതെ  രാമകൃഷ്ണൻ  ചോദിച്ചു .

പെട്ടെന്ന്  ഒരു  ചുവന്ന  പട്ടു  മുകളിൽ  നിന്ന്  അവൻ്റെ  കൈകളിൽ  വന്നു  വീണു .

അവർ  എല്ലാമെടുത്തു  ചോലയുടെ  അടുത്തേക്ക്  പതുക്കെ  നടന്നു .

കുളി  കഴിഞ്ഞു  പട്ടുടുത്തു  രാമകൃഷ്ണൻ  നിൽക്കുകയാണ് . ലക്ഷ്മി  ഒരു  കറുപ്പ്  നിറമുള്ള     മേൽവസ്ത്രവും  ചുവപ്പു  നിറമുള്ള  പാവാടയുമാണ്  ധരിച്ചിരിക്കുന്നത് .

പട്ടുടുത്തു വീണ്ടും  രാമകൃഷ്ണൻ  ചോലയിൽ  മുങ്ങി  തലമാത്രം  തോർത്തി  ലക്ഷ്മിയോടൊപ്പം  ഗുഹയിൽ  കയറി .

“നിങ്ങൾ  തെയ്യാറായോ ?”- മാന്ത്രികൻ  അവരുടെ  മുന്നിൽ  പ്രത്യക്ഷപ്പെട്ടു .

“ഹോമങ്ങളൊന്നും  ഗുഹക്കുള്ളിൽ  ചെയ്യാൻ  കഴിയില്ല . പൂജകൾ  മാത്രമേ  പറ്റൂ !”

പെട്ടെന്ന്  ഗുഹക്കു  മുമ്പിൽ  ഒരു  ഹോമകുണ്ഡം  രൂപപ്പെട്ടു . മുറ്റത്തുണ്ടായിരുന്ന  എല്ലിൻ  കഷ്ണങ്ങളും  തലയോട്ടികളുമെല്ലാം  ഹോമകുണ്ഡത്തിന്റെ  അടുത്തേക്ക്  പതുക്കെ  നീങ്ങി  വന്നു .

ഹോമം  ചെയ്യുവാനുള്ള  വസ്തുക്കൾ  അവിടെ  ഒരുക്കിയിട്ടുണ്ട് .

മാന്ത്രികൻ  ഹോമം  തുടങ്ങി .

ഹോമകുണ്ഡത്തിൽ  നിന്ന്  ഒരു  കുട്ടിച്ചാത്തൻ  പുറത്തു  വന്നു .

“ഞാൻ  നിങ്ങളുടെ  അടിമ ! എന്താണ്  ചെയ്യേണ്ടത് ?”

“ഞാൻ  എൻ്റെ  കഴിവുകളെല്ലാം  ഈ  ബാലന്  പകർന്നു  നല്കാൻ  പോകുകയാണ് . എനിക്കുള്ള  എല്ലാ  സിദ്ധികളും  അവനുണ്ടാകണം . എന്നെ  അനുസരിച്ച  പോലെ  അവനേയും  നീ  അനുസരിക്കണം ! എൻ്റെ  സ്പർശനത്തിലൂടെ  എന്നിലുള്ള  വിദ്യകൾ  അവനിൽ  എത്തിച്ചേരണം . എനിക്ക്  വിടവാങ്ങാൻ  സമയമായി . എന്നെ  കൊണ്ടുപോകാൻ  അതാ  യമകിങ്കരന്മാർ  കാത്തുനിൽക്കുന്നു !”

“വരൂ  മോനെ ,  എൻ്റെ  അടുത്ത്  വന്നു  നിന്ന്  ഈ  കത്തി  കൊണ്ട്  നിന്റെ  പെരുവിരലിലെ  അല്പം  രക്തം  ഹോമകുണ്ഡത്തിലേക്കു  ഇറ്റിക്കുക . പിന്നെ  എന്നെ  തൊട്ടു  കൊണ്ട്  കണ്ണടച്ചിരിക്കുക .  ദേഹം  നീറുന്നതുപോലെ  കുറച്ചുനേരം  തോന്നിയേക്കാം . നീറൽ  മാറുമ്പോൾ  നിനക്ക്  എല്ലാ  മാന്ത്രികവിദ്യയും  സ്വായത്തമാകും ! എൻ്റെ  പേരും  ശരീരവും  നിനക്ക്  ലഭിക്കും ! നിന്റെ  പ്രതികാരം  ചെയ്തുകഴിഞ്ഞാൽ  തിരികെ  കുട്ടിയായി  രൂപം  പ്രാപിക്കാൻ ഉള്ള  മന്ത്രങ്ങളും  സ്വാഭാവികമായി  നിമിഷങ്ങൾക്കുള്ളിൽ  നിന്നിൽ  വന്നു  ചേരും ! അത്  വരെ  നീ  എൻ്റെ  ശരീരവും  കഴിവും  ഒപ്പം  നിന്റെ  ചിന്തകളുമായി  ജീവിക്കും !”

അവൻ  മാന്ത്രികനെ  അനുസരിച്ചു . അവൻ്റെ  ശരീരം  ചുട്ടു  നീറി . കണ്ണീർ  ധാരധാരയായി  ഒഴുകി . അപ്പോഴും    അവൻ  അയാളെ  തൊട്ടുകൊണ്ടേയിരുന്നു . എല്ലിൻ  കൂട്ടങ്ങളും  തലയോട്ടികളും  ഹോമിക്കപ്പെട്ടു .

“ഇനി  കൈ  എടുത്തോളൂ ! കണ്ണ്  തുറക്കരുത് !” അപ്പോഴും  അവൻ്റെ  ശരീരം  നീറി  പുളയുകയായിരുന്നു !

മാന്ത്രികൻ  ഹോമകുണ്ഡത്തിലേക്കു  ചമ്രം  പടഞ്ഞിരുന്നു . കൈകൾ  ആകാശത്തിലേക്കുയർത്തി . അഗ്നി  ആ  ശരീരത്തെ  വിഴുങ്ങി .

പിന്നീട്  ശരീരത്തിന്  അതി ശൈത്യമാണ്  അവനു  അനുഭവപ്പെട്ടത് .

അതും  മാറി  പെട്ടെന്ന്  അവൻ  ഇരിക്കുന്നിടത്തു  നിന്ന്  കുഴഞ്ഞുവീണു .

ഭാഗം -16 – വന്യം

(എഴുതിയത് – രാജേഷ്  ആട്ടീരി-താനൂർ  )

മണിക്കൂറുകൾ  കടന്നു  പോയി .

ഹോമകുണ്ഡത്തിനു  സമീപത്തിൽ  ഒരു  മരത്തിൽ  ചാരി  കരഞ്ഞുകൊണ്ട്  ഇരിക്കുകയാണ്  ലക്ഷ്മി .

രാമകൃഷ്ണൻ  ഇനിയും  കണ്ണ്  തുറന്നിട്ടില്ല .

പെട്ടെന്നാണ്  ഒരു  കടുവയുടെ  കണ്ണുകൾ  അടുത്തുള്ള  കുറ്റിക്കാടുകൾക്കിടയിൽ  അവൾ  കണ്ടത് .

അവളുടെ  കരച്ചിൽ  ഉച്ചത്തിലായി .

കടുവ  അവളുടെ  നേരെ  ചാടി .

പെട്ടെന്ന്  രാമകൃഷ്ണൻ  കപാലിയുടെ  രൂപത്തിലേക്ക്  മാറി .

പെട്ടെന്ന്  രാമകൃഷ്ണന്റെ  ചൂണ്ടുവിരൽ  കടുവയുടെ  നേരെ  ഉയർന്നു . അവൻ്റെ കണ്ണുകൾ  അപ്പോഴും  തുറന്നിട്ടുണ്ടായിരുന്നില്ല .

അതാ    ചാടിയ   കടുവ അതേപോലെ  വായുവിൽ  പ്രതിമ  പോലെ  നിൽക്കുന്നു .

പെട്ടെന്ന്  കടുവയുടെ  വയറു  പിളർന്നു  രക്തം ഹോമകുണ്ഡത്തിലേക്കു  ഒഴുകി . അതിനു  ശേഷം  ആ  ശരീരം  അതിൽ  പതിച്ചു .

ഹോമകുണ്ഡത്തിൽ  ഇപ്പോൾ  ഭസ്മം  മാത്രം  കാണാം !

രാമകൃഷ്ണൻ  പതുക്കെ  കണ്ണുതുറന്നു  എഴുന്നേറ്റു . അവൻ  ലക്ഷ്മിയുടെ  കൈ  പിടിച്ചു  ഗുഹയിലേക്ക്  നടന്നു .

അവൻ്റെ  മുഖത്ത്  ഭീതിയുടെ  ഭാവം  അല്പം  പോലും  ഉണ്ടായിരുന്നില്ല !

ഗുഹയുടെ  ഉള്ളിൽ  ദീപാവലിയുടെ  എന്ന  പോലെ  ഇരു  വശത്തും  മൺചിരാതുകൾ !ഗുഹയുടെ  മുക്കും  മൂലയുമെല്ലാം  വളരേ  വ്യക്തമായിക്കാണാം !

അവർ  ഗുഹയിൽ  ഇരുന്നു .

“ഇനി  അപകടങ്ങൾ  നമ്മെ  ബാധിക്കില്ല ! എൻ്റെ  ശരീരം  നിശ്ചലമായാലും മനസ്സിനെ  അണയാതെ  നിർത്താനുള്ള  വിദ്യ  സ്വയമേവ  എന്നിൽ  വന്നു  ചേരാൻ  വൈകിയതുകൊണ്ടാണ്  സന്ധ്യ  വരെ  ഞാൻ  മയങ്ങിക്കിടന്നത് !”

“എനിക്ക്  അച്ഛനുമമ്മയേയും  കാണാൻ  തോന്നുന്നു !”- ലക്ഷ്മി

രാമകൃഷ്ണൻ  എന്തോ  മന്ത്രം  ചൊല്ലി  നീണ്ടു  നിവർന്നു  കിടന്നു .

അതാ  അവൻ്റെ  ശരീരത്തിൽ  നിന്നും  ലക്ഷ്മിയുടെ  അമ്മയും  അച്ഛനും  പുറത്തുവരുന്നു .

“മോളെ !” ആ  അമ്മയുടെ  കണ്ണിൽ  നിന്നും  വരുന്നത്  സന്തോഷക്കണ്ണീരാണോ ?

“അമ്മേ !” അവരെ  ആലിംഗനം  ചെയ്യാനായി  അവൾ  ഓടി .

“പറ്റില്ല  മോളെ ! നമ്മൾക്ക്  പരസ്പരം  തൊടാൻ  കഴിയില്ലല്ലോ ?”- അവളുടെ  അച്ഛന്റെ  ചുണ്ടുകൾ  മന്ത്രിച്ചു .

ലക്ഷ്മി  തളർന്നു  വഴിയിൽ  ഇരുന്നു .

” നമുക്ക്  പരസ്പരം  കാണാനും  സംസാരിക്കാനും  മാത്രമേ  കഴിയൂ !” അമ്മ  തുടർന്നു ,”രാമകൃഷ്ണനോട്  മാന്ത്രികവിദ്യ  നല്ലകാര്യങ്ങൾക്കു  മാത്രം  ഉപയോഗിക്കാൻ  പറയുക ! എങ്കിലും  ഒരു  ചീത്തകാര്യം  നിങ്ങൾ  ചെയ്യണം ! ആ  ഡ്രൈവറെ  നശിപ്പിക്കണം !കൂടുതൽ  നേരം  ഞങ്ങൾക്ക്  ഇങ്ങനെ  നിൽക്കാനാവില്ല !”

അവർ  ഒരു  പുകയായി  രാമകൃഷ്ണന്റെ  ശരീരത്തിൽ  തിരികെ  പ്രവേശിച്ചു .

രാമകൃഷ്ണൻ  എഴുന്നേറ്റു .

പക്ഷേ  രാമകൃഷ്ണൻ  എഴുന്നേറ്റത്  താടിയും  മീശയും  ഉള്ള  ജഡാധാരിയായ  ഒരാളുടെ  രൂപത്തിലായിരുന്നു . കഴുത്തിൽ  തലയോട്ടികളുടെ  ഒരു  മാല !

” ഞാൻ   കപാലി !  തിന്മകളുടെ  അവതാരങ്ങളെ  കുറേയൊക്കെ  അവസാനിപ്പിക്കുന്നത്   വരേ  ഞാൻ    ഈ  രൂപത്തിലായിരിക്കും ! അതെല്ലാം  കഴിഞ്ഞാൽ  ഞാൻ  വീണ്ടും  കുട്ടിയായ  രാമകൃഷ്ണനായി  മാറും !ഇതൊക്കെ  മാന്ത്രികൻ  പറഞ്ഞത്  നീ  കേട്ടതല്ലേ ? നിന്നെ  ആരും  ഉപദ്രവിക്കാതിരിക്കാൻ  നിന്നെ  ഞാൻ  അദൃശ്യയാക്കുകയാണ് . എനിക്കും  നിന്റെ  മാതാപിതാക്കൾക്കും  മാത്രമേ  നിന്നെ  കാണാനാകൂ !”

ഭാഗം -17  വന്യം

(എഴുതിയത് – രാജേഷ്  ആട്ടീരി-താനൂർ  )

“ഏതു  കാര്യത്തിന്  പോകുമ്പോഴും  അച്ഛനമ്മമാരുടെ  അനുഗഹം  വാങ്ങിക്കേണ്ടേ  ലക്ഷ്മിക്കുട്ടീ ?”

” അതിനു  കപാലി  ആയി  അമ്മയുടെ  അടുത്തേക്ക്   ഏട്ടൻ  എങ്ങനെ  പോകും ?”

“ഞാൻ  അദൃശ്യനായി  പോകും ! അമ്മയുടെ  കാൽ  തൊട്ടു  വന്ദിച്ചു  തിരിച്ചു  വരും ! നീ  പേടിക്കേണ്ട ! ആരും  ഇവിടെയില്ലെങ്കിലും  നിന്നെ  ആരും  കാണില്ലല്ലോ ?”

കപാലി  ഒരു  പുകയായി  അവിടെ  നിന്ന്  മറഞ്ഞു .

അഗതിമന്ദിരം . പതിവ്  പോലെ  ഉമ്മറത്ത്  തൂണിൽ  ചാരി  വെള്ളവസ്ത്രം  ധരിച്ചു  നിൽക്കുകയാണ്  രാമകൃഷ്ണന്റെ  അമ്മ .

“അമ്മേ !”

“എൻ്റെ  മോന്റെ  ശബ്ദാണല്ലോ ? എവിട്യണാവോ  അവൻ ?”

അവൻ  അമ്മയുടെ  കാൽ  തൊട്ടു  വന്ദിച്ചു .

” എൻ്റെ  മോൻ  എൻ്റെ  കാലിൽ  തൊട്ടു ! പക്ഷേ  അവനെ  കാണാനില്യല്ലോ ?”

“അമ്മയേക്കാൾ  പ്രായമുള്ള  ഒരാളുടെ  രൂപത്തിലാണ്  ഞാൻ ! അമ്മയുടെ  മുന്നിൽ  വന്നാൽ  അമ്മക്ക്  കൂടുതൽ  വെഷമാവും ! ഞാൻ  ഒരു  മന്ത്രവാദി  ആയമ്മേ ! എനിക്ക്  പലതും  ചെയ്യാനുണ്ട് ! അനുഗ്രഹിക്കമ്മേ !”

“നിന്നെക്കാണാതെ  ഞാന്എങ്ങന്യാ  അനുഗ്രഹിക്ക്യാ ?”

” അമ്മ  കൈകൾ  അനുഗ്രഹിക്കാൻ  പാകത്തിൽ  വെച്ചാൽ  മതി ! ഞാൻ  എൻ്റെ  ശിരസ്സു  അവിടേക്കു  വെക്കാം !”

അമ്മ  അനുഗ്രഹിക്കുന്നതു  പോലെ  കൈകൾ  വായുവിൽ  വെച്ചു .  കപാലി  തൻ്റെ  ശിരസ്സ്  ആ  കൈകളിൽ  മുട്ടിച്ചു .

” ആ  അമ്മക്ക്  ഇപ്പോൾ  തന്നെ  സംസാരിക്കൽ  കൂടുതലാണ് ! പുറത്തിരുത്തേണ്ട !” അത്  വഴി  വന്ന  ഒരു  കന്യാസ്ത്രീ  പറഞ്ഞു .

രണ്ടു  സ്ത്രീകൾ  വന്നു  അമ്മയെ  കൂട്ടിക്കൊണ്ടു  പോയി .

ഗുഹ . കപാലി  എന്ന  രാമകൃഷ്ണനെ  കാത്തിരിക്കുകയാണ്  ലക്ഷ്മി .

“മോള്  പേടിച്ചോ ? ഞാൻ  തിരിച്ചെത്തി !”- രാമകൃഷ്ണന്റെ  ശബ്ദത്തിൽ  കപാലി  തുടർന്നു :” നിനക്കും  എൻ്റെ   അമ്മക്കും  മാത്രം  ഞാൻ  രാമകൃഷ്ണന്റെ  ശബ്ദത്തിൽ  സംസാരിക്കുന്നതാണ്  കേൾക്കുക . മറ്റുള്ളവർക്ക്  മുതിർന്നവരുടെ  ശബ്ദത്തിലും ! ഇനി  അച്ഛന്റെ  അനുഗ്രഹം  മേടിക്കാൻ  എനിക്ക്  നിന്റെ  സഹായം  വേണം ! ഞാൻ  എൻ്റെ  മന്ത്രശക്തി  നിനക്കും  തരാൻ  പോവുകയാണ് .  പേടിക്കേണ്ട ! എനിക്ക്  ചുട്ടുപൊള്ളിയ  പോലെ  നിനക്ക്  തോന്നില്ല . കാരണം  കുറച്ചു  നേരത്തേക്ക്  മാത്രമാണ്  നിനക്ക്  ആ  കഴിവുകൾ  കിട്ടാൻ  പോകുന്നത് !”

അവൻ  അവളെ  തൊട്ടു . പെട്ടെന്ന്  അവൾ  ചില  മന്ത്രങ്ങൾ  ജപിച്ചു  നിലത്തു  കിടന്നു .

അവളുടെ  ശരീരത്തിൽ  നിന്നും  ചിണ്ടൻ  പുറത്തു  വന്നു .

“മോനെ ! നിന്നെക്കണ്ടാൽ  ഇപ്പോൾ  എന്നേക്കാൾ  പ്രായമുണ്ടല്ലോ ?”

” അച്ഛാ ! കഷ്ടപ്പെടുന്നവരെ  സഹായിക്കാനും  ലക്ഷ്മിക്കുട്ടിയെ  ദ്രോഹിച്ചവരെ  നശിപ്പിക്കാനും  വേണ്ടിയുള്ള  എൻ്റെ  ശ്രമങ്ങൾക്ക്  അച്ഛന്റെ  അനുഗ്രഹം  വേണം !”

“തൊട്ടു  അനുഗ്രഹിക്കാൻ  എനിക്ക്  കഴിയില്ലല്ലോ ?”

” ആ  ചിന്തകളിൽ  എനിക്കുള്ള   അനുഗ്രഹം  മതി ! അത്  എനിക്ക്  കൂടുതൽ ശക്തി  തരും !”

“എന്നും  എൻ്റെ  മനസ്സ്  നിന്റെ  കൂടെയുണ്ടാകും ! കഴിവ്  ദുരുപയോഗം  ചെയ്യാതിരിക്കാനും  അഹങ്കാരം  നിന്റെ  മനസ്സിനെ  ബാധിക്കാതെയും  കരിങ്കുട്ടി  ദൈവം  നിന്നെ  രക്ഷിക്കട്ടെ !”

ചിണ്ടന്റെ  ആത്മാവ്  ലക്ഷ്മിയുടെ  ശരീരത്തിലേക്ക്  തിരിച്ചുപോയി .

ഭാഗം -18  വന്യം

(എഴുതിയത് – രാജേഷ്  ആട്ടീരി-താനൂർ  )

കരിങ്കുട്ടിയുടെ  കളം  വരച്ചു  പൂജക്കുള്ള  എല്ലാ  കാര്യങ്ങളും  ഒരുക്കി  ഇരിക്കുകയാണ്  ലക്ഷ്മിയും  കപാലിയും .

അവർ  രണ്ടുപേരും  ചേർന്ന്  ആ  കറുത്ത  ദ്രാവകത്തിലേക്കു  നോക്കുകയാണ് .

അവരുടെ  മുന്നിൽ ആദ്യം  തെളിഞ്ഞു  വന്നത്  ഒരു  ആശുപത്രിയാണ് .

ഒരു  രോഗിയതാ  വേദന  കൊണ്ട്  പുളഞ്ഞു  ഉറക്കെ  നിലവിളിക്കുന്നു .

“ശബ്ദമുണ്ടാക്കാതെ  കിടക്കെടാ !” ഒരു  ആൺ  നേഴ്സ്  അലറി .

“വേദനിക്കുമ്പോൾ  കരയാതിരിക്കാൻ  കഴിയുമോ ?”

“നിന്നോടല്ലേ  അടങ്ങിക്കിടക്കാൻ  പറഞ്ഞത് ?” അയാൾ  രോഗിയുടെ  കൈ  പിടിച്ചു  തിരിക്കാൻ  തുടങ്ങി .

പെട്ടെന്നാണ്  അത്  സംഭവിച്ചത് ! അയാളുടെ  കൈ  നീണ്ടു  വന്നു  അവനവനെത്തന്നെ  ചുറ്റി  വീണ്ടും  കൈ  നീണ്ടു  അയാളുടെ  കഴുത്തിലും  ചുറ്റാൻ  തുടങ്ങി . അയാൾ  വായുവിലേക്കുയർന്നു  ഫാൻ  പോലെ  കറങ്ങാൻ  തുടങ്ങി .

അവ്യക്തമായി  വേദനയുടെ ശബ്ദം  അയാളുടെ  വായിൽ  നിന്നും  പുറത്തുവന്നു .

“മിണ്ടാതിരിക്കെടാ !” ഒരു  അശരീരി  അവിടെ  മുഴങ്ങി .

ഫാൻ  പോലെ  കറങ്ങിക്കൊണ്ടുതന്നെ  അയാൾ  ആശുപത്രിക്കു  പുറത്തുള്ള  ചവറ്റുകൂമ്പാരത്തിൽ  ചെന്നുവീണു .

ആശുപത്രിയിലെ  മറ്റൊരു  മുറി .

ഡോക്ടറും  കുറച്ചു  തടിമാടന്മാരും  അവിടെ  ഇരിക്കുന്നുണ്ട് .

” ഒരു  വൃക്കക്ക്  അമ്പതു  ലക്ഷം  വീതം  എനിക്ക്  കിട്ടണം ! പണമില്ലാത്ത  കുറേ  രോഗികളുണ്ടിവിടെ ! അവരുടെ  നഷ്ടം  ഇങ്ങനെയേ  നികത്താനാകൂ !”

പെട്ടെന്ന്  ഡോക്ടറുടെ  വശത്തേക്ക്  മാത്രം  ഒരു  കൊടുങ്കാറ്റടിച്ചു .

ഡോക്ടർ  കസേരയിൽ  നിന്ന്  വായുവിലേക്കുയർന്നു . പെട്ടെന്ന്  അയാൾ  വിവസ്ത്രനായി . അയാളുടെ  ശരീരം  കീറിമുറിഞ്ഞു  വൃക്ക   തനിയേ  ഒരു  പാക്കെറ്റിലായി  തടിമാടന്മാരുടെ  മുന്നിൽ  വന്നു  വീണു . തടിമാടന്മാരുടേതായിരുന്നു  അടുത്ത  ഊഴം !

ഇപ്പോൾ  മേശപ്പുറത്തു  കുറേ  വൃക്കകളുടെ  പാക്കെറ്റുകൾ  മാത്രം  കാണാം !

നിലത്തു  കുറെ  മനുഷ്യരുടെ (അങ്ങനെ  വിളിക്കാമോ  ആവോ ?) വൃക്ക  ഒഴികെയുള്ള  ശരീരഭാഗങ്ങൾ  ചിതറിക്കിടക്കുന്നു .

അടുത്തത്  ഒരു  മനശ്ശാസ്ത്രഞ്ജന്റെ  മുറിയായിരുന്നു .

“ഡോക്ടർ ! എന്നെ  കാമുകി  ഉപേക്ഷിച്ചു . അവൾ  എൻ്റെ  മനസ്സിൽ  നിന്ന്  പോകുന്നില്ല ! “

“സ്‌കാൻ  ചെയ്യണം ! മനസ്സിന്റെ  ഏതു  വശത്താണ്  അവൾ  ഒളിഞ്ഞിരിക്കുന്നതെന്നു  കണ്ടെത്തി  ഓപ്പറേറ്റ്  ചെയ്തു  കളയണം . ഇ .സി . ജി . എടുക്കണം . എക്സ് -റേ  എടുക്കണം . എക്കോ  ടെസ്റ്റ്  ചെയ്യണം .ആധാരം  എവിടെ  പണയം  വെക്കണമെന്ന്  ഞാൻ  പറഞ്ഞു  തരാം ! നിന്നെ  കാമുകി  ഉപേക്ഷിച്ചതാണെങ്കിലും  നീ  അവർക്കു നഷ്ടപരിഹാരം  നൽകണം . കുറച്ചു  കാലം  നിന്റെ  മനസ്സിൽ  താമസിച്ചതിനു  പ്രതിഫലം  കൊടുക്കേണ്ടേ ?കാരണം  നിയമം  ഇപ്പോൾ  അവരുടെ  കൂടെയാ !”

രോഗി  ബോധം  കേട്ടു  വീണു . ഡോക്റ്റർ  പുറത്തിറങ്ങി . അതാ  സ്കാനിങ്ങിന്റെയും  ഇ . സി . ജി  യുടെയും  ഓപ്പറേഷന്റെയും  ഉപകരണങ്ങളെല്ലാം  അയാളുടെ  മുന്നിൽ ! ആ  ഉപകരണങ്ങൾ  അയാളെ  ചുമരിനോട്  ചേർത്ത്  അടിച്ചമർത്തി .നാക്ക്  പുറത്തേക്കു  നീട്ടിയ  നായയുടെ  പോലെ  നാക്ക്  പുറത്തേക്കു  നീട്ടി  ചലനമറ്റു  അയാൾ  നിന്നു .

പിന്നീട്  ലക്ഷ്മിയും  കപാലിയും  കണ്ടത്  ഒരു  ആദിവാസി  സ്ത്രീയുടെ  പിന്നാലെ  വടിയുമായി  ഓടിവരുന്നതാണ് . ഒരാൾ  അവളുടെ  വസ്ത്രങ്ങൾ  പിടിച്ചു   വലിക്കാനുള്ള  ശ്രമം  നടത്തുന്നുണ്ട് . നടു  റോട്ടിലാണ്  സംഭവം . ഇരു  വശത്തും  അത്  നോക്കി  രസിച്ചുകൊണ്ടു  കുറേപേർ  നിൽക്കുന്നു .

പെട്ടന്നാണത്  സംഭവിച്ചത് ! ഗുണ്ടകളും  കാണികളുമെല്ലാം  വിവസ്ത്രരായിരിക്കുന്നു ! അവരെല്ലാം  വേഗം  അവിടെ  നിന്നോടി .

അടുത്തൊന്നും  വീടുകളില്ല . ലക്ഷ്യമില്ലാതെ  അവർ  ഓടി . കുറേ  കഴിഞ്ഞപ്പോൾ  അവർ  ഒരു  കുറ്റിക്കാട്  കണ്ടു . അവർ  അതിൽ  ചെന്നൊളിച്ചു . അതിൻ്റെ  തൊട്ടടുത്ത  മരത്തിൽ  കുറേ  തേനീച്ചക്കൂടുകൾ  ഉണ്ടായിരുന്നു . പെട്ടെന്ന്  അവ  അവരുടെ  മേലെ  വീണു .

അടുത്തതായി  അവർ  കണ്ടത്  ഒരു  മൈതാനമാണ് .

അതാ  ഒരു  സ്റ്റേജിൻമേൽ  കുറേപേർ  ഇരിക്കുന്നു . മുന്നിൽ  കുറേ  കാണികളുണ്ട് .

ഒരു  രാഷ്ട്രീയ  നേതാവ്  പ്രസംഗിക്കാനായി  മൈക്കിന്റെ  അടുത്തുവന്നു .

” ബഹുമാന …… പെട്ട  ജനങ്ങളേ ,ഈ  രാജ്യ  പുരോഗതിയിൽ  ഞാൻ  “വലിയ  പങ്കു  വഹിച്ചിട്ടുണ്ട് “!” തൻ്റെ  പോക്കറ്റിൽ  തട്ടിക്കൊണ്ടു  അയാൾ  തുടർന്നു .

“കോരന്  കുമ്പിളിൽത്തന്നെ  കഞ്ഞി  എന്ന  പഴയ  വാക്യം  ഞങ്ങൾ  നിലനിർത്തുന്നില്ലേ ? വേറൊന്നും  തന്നില്ലെങ്കിലും  ഇഷ്ടം  പോലെ  വാഗ്‌ദാനങ്ങൾ  ഞങ്ങൾ  തരാറില്ലേ ? ഇതിൽ  കൂടുതൽ  നിങ്ങൾക്ക്  എന്ത് വേണം ?”

പെട്ടെന്നാണ്  വിവസ്ത്രരായ  ആ  ആൾക്കാർ  തേനീച്ചകളുടെ  കുത്തു  സഹിക്കാതെ  അവരുടെ  ഇടയിലേക്ക്  ഓടി  വന്നത് . തേനീച്ചകൾ  പിന്നാലെയുണ്ട് .

“അവരെ  കണ്ടില്ലേ ? എങ്ങനെ  ലളിത  ജീവിതം  നയിക്കണമെന്നു  അവർ  നമുക്ക്  കാണിച്ചു  തരികയാണ് ! എങ്ങനെ  ജീവിതം  നയിക്കരുത്  എന്നാണ്  ഞങ്ങൾ-  നേതാക്കൾ  സ്വന്തം  ജീവിതത്തിൽ  കാണിച്ചു  തരുന്നത് ! ഞങ്ങൾ  പണക്കാരല്ലെങ്കിൽ  ഞങ്ങൾക്ക്   എങ്ങനെ  ഈ  വാഗ്‌ദാനങ്ങൾ  നൽകാൻ  കഴിയും ?”

തേനീച്ചയുടെ  കുത്തു  സഹിക്കാനാകാതെ  അണികൾ  സ്റ്റേജിൻമേൽ  കയറി . നേതാവ്   മൈക്കും  കൊണ്ട്  പ്രസംഗം  നിർത്താതെ  ഓടുകയാണ് .

“ഞങ്ങളുടെ  പരിപാടി  അലങ്കോലമാക്കാൻ  എതിർപാർട്ടികൾ  ചെയ്യുന്ന  പരിപാടിയാണിത് !”

വലിയ  മൈക്കിന്റെ  വയറു  തട്ടിത്തടഞ്ഞു  നേതാവൊന്നു  വീണു .

അപ്പോഴേക്കും  മറ്റുള്ളവർ  മുന്നിലോടി .

മൈക്കിന്റെ  വയറിൽ  നിന്ന്  രക്ഷപ്പെട്ടു  നേതാവ്  മൈക്ക്  വലിച്ചെറിഞ്ഞു  ഓടാൻ  തുടങ്ങി .

“നേതാവേ ! ലക്ഷം  ലക്ഷം  പിന്നാലെ ! പക്ഷേ  തേനീച്ചയാണെന്നു  മാത്രം !”- രക്ഷപ്പെട്ട  ഒരു  അണി  ഉറക്കെ  വിളിച്ചു  പറഞ്ഞു .

ഒരു  വിദ്യാലയമാണ്  ലക്ഷ്മിയും  കപാലിയും  പിന്നീട്  കണ്ടത് .

അതിൻ്റെ  മുറ്റത്തു  നാല്  വിദ്യാർത്ഥികൾ  അടിപിടികൂടുകയാണ് .

ഒരു  അദ്ധ്യാപകൻ  ഓടിവന്നു .

“നിർത്തൂ !” അയാൾ  അവരെ  പിടിച്ചു  മാറ്റി .

“കുട്ടികളുടെ  കാര്യത്തിൽ  ഇടപെടരുതെന്ന്  അറിയില്ലേ ?” അവർ  കൂട്ടമായി  അയാളെ  ആക്രമിച്ചു .

പെട്ടെന്ന്  വായുവിൽ  കുറെ  ലാത്തികൾ  പ്രത്യക്ഷപ്പെട്ടു . ലാത്തികൾ  വിദ്യാർത്ഥികളെ  മർദ്ദിക്കാൻ  തുടങ്ങി . അവർ  വീട്ടിലേക്കോടി .

“ആരാ  നിങ്ങളെ  അടിച്ചത് ?” ഓരോ  വീടിനു  മുമ്പിൽ  നിന്നും  രക്ഷിതാക്കൾ  ആക്രോശിച്ചു .

“അറിയില്ല …” കരഞ്ഞുകൊണ്ട്  അവർ  പറഞ്ഞു .

“ഇനി  ആരുടെ  നേരെ  കുതിരകേറും ?” എന്തുചെയ്യണമെന്നറിയാതെ   ആ  രക്ഷിതാക്കൾ  നിന്നു .

“ങ്ഹാ ! ഹെഡ്മാസ്റ്റർ  മന്ത്രവാദം  ചെയ്തതാ ! നമുക്ക്  അയാളെ  പോലീസിനെക്കൊണ്ട്  പിടിപ്പിക്കണം . ഞങ്ങളുടെ  കുട്ടികൾ  പലതും  ചെയ്യും ! അത്  തിരുത്താൻ  അദ്ധ്യാപകർ  ആരാ ? ഞങ്ങളുടെ പണം  കൊണ്ട്  ജീവിക്കുന്ന  ആ  എച്ചിൽപ്പട്ടികൾക്കു  കുട്ടികളെ തൊടാൻ  എന്തവകാശം ?”

രക്ഷിതാക്കൾ  ജാഥയായി  സ്കൂളിലേക്കു  പുറപ്പെട്ടു . പെട്ടെന്ന്  ഒറ്റക്കെട്ടായ  ആ  രക്ഷിതാക്കളെ  വായുവിൽ  നിന്ന്  വന്ന  ഒരു  നീണ്ട  വടം  ഒറ്റക്കെട്ടായി  കെട്ടിയിട്ടു .

“ഇവരെയാണ്  ആദ്യം  ചാട്ടവാറിനടിക്കേണ്ടത് ! വഴിതെറ്റിക്കുന്നതു  മാതാപിതാക്കൾ  തന്നെയാകുമ്പോൾ  ലോകം  എങ്ങനെ  നന്നാകും ?”-അശരീരി

പറഞ്ഞുതീർന്നില്ല  ഒരു  ചാട്ടവാർ  വായുവിൽ  ഉയർന്നു  പല  തവണയായി  അവരുടെമേൽ  പതിച്ചു .

“നിങ്ങളെ  ഇപ്പോഴുള്ള  ഈ  പദവിയിൽ  ആക്കിയതാര് ?”-അശരീരി

“അദ്ധ്യാപകർ !”

“അവർ  പണ്ട്  നിങ്ങൾ  തെറ്റ്  ചെയ്തപ്പോൾ  തിരുത്തിയിരുന്നില്ലേ ?”

“ഉവ്വ് ! അന്ന്  ഞങ്ങളുടെ  കയ്യിൽ  പണമുണ്ടായിരുന്നില്ല ! ഇന്ന്  പണമുണ്ട് ! എല്ലാം  ഞങ്ങളുടെ  കാൽക്കീഴിൽ  വരണം !”

“പണം  മാത്രമുണ്ടായത്  കൊണ്ട്  സംസ്കാരമുണ്ടാവില്ല . അത്  പാരമ്പര്യമായി  കിട്ടേണ്ട  ഒന്നാണ് . അത്  നിങ്ങൾ  പഠിക്കുന്നത്  വരെ  ചാട്ടവാർ  നിങ്ങളെ  അടിച്ചുകൊണ്ടേയിരിക്കും !”

ചാട്ടവാറിന്റെ  അടി  തുടർന്നു .

അടുത്തത്  ഒരു  നഗരമാണ് .

ഒരു  ഫ്രീക്കൻ  അതിവേഗത്തിൽ  ബൈക്ക്  ഓടിച്ചു  വരുന്നു .

അവൻ  ഒരു  വൃദ്ധയെ  തട്ടിയിട്ട്  അതിവേഗം  മുന്നോട്ടു  പോയി .

“എന്താടാ  ഇത് ? നിർത്തെടാ  വണ്ടി !” ആരോ ആക്രോശിച്ചു .

” പറ്റില്ല ! എനിക്ക്  ബൈക്കിൽ  പറക്കണം !”

പെട്ടെന്ന്  അവൻ്റെ  ബൈക്ക്  വായുവിലേക്കുയർന്നു  കുത്തനെ  അതിവേഗത്തിൽ  മുകളിലേക്ക്  പോകാൻ  തുടങ്ങി .

“രക്ഷിക്കണേ !” അവൻ  പേടിച്ചു  കരയാൻ  തുടങ്ങി .

“നിനക്ക്  ബൈക്കിൽ  പറക്കണമെന്നല്ലേ  പറഞ്ഞത് . നീ  പറന്നോ !”

ആരാണത്  പറഞ്ഞത് ? ആരെയും  കാണുന്നില്ലല്ലോ ?

ബൈക്ക്  ആകാശത്തു  നിന്ന്  ഒന്ന്  തിരിഞ്ഞു  കുത്തനെ  താഴേക്ക്  വന്നു .അതാ  ബൈക്കുകാരൻ  മൂക്കുംകുത്തി  താഴെ !

ഭാഗം -19 – വന്യം

(എഴുതിയത് – രാജേഷ്  ആട്ടീരി-താനൂർ  )

“ഇനി  നമുക്ക്  ആ  ഡ്രൈവർ  എവിടെയാണെന്ന്  നോക്കാം !”- കപാലി  പറഞ്ഞു .

അതാ  ആ  ലോറി  വരുന്നു . അതിൽ  ഡ്രൈവറും  കിളിയും  കൂടാതെ  ഒരാളും  കൂടി  ഉണ്ട് .

“ഇപ്പോൾ  നമ്മൾ  എന്തെങ്കിലും  ചെയ്താൽ  ആ  നിരപരാധി  കൊല്ലപ്പെടും ! എന്ത്  നടക്കുന്നുവെന്ന്  നമുക്ക്  നോക്കാം !”

സമയം  മുന്നോട്ടു  നീങ്ങി . ആ  യാത്രക്കാരൻ  ലോറിയുടെ  അടിയിലേക്ക്  ഇറങ്ങി (ഭാഗം -1 ).

പക്ഷേ , പെട്ടെന്ന്  എന്തോ  ശബ്ദം  കേട്ട്  അയാൾ  പുറത്തേക്കു  വന്നു .

അയാൾ  ശബ്ദം  കേട്ട  ഭാഗത്തേക്ക്  നടന്നു .

അപ്പോൾ   കുട്ടിച്ചാത്തൻ  ലോറിയുടെ  മുന്നിൽ  വന്നു  ഒരു  പ്രത്യേക  ശബ്ദമുണ്ടാക്കി . ഡ്രൈവറും  കിളിയും  ഉണർന്നു .

എന്താണെന്നു  മനസ്സിലാക്കും  മുമ്പ്  കുട്ടിച്ചാത്തന്റെ  കണ്ണിൽ  നിന്നും  അഗ്നി ലോറിയുടെ  അടുത്തേക്ക്  പാഞ്ഞു .

എല്ലാം  നിമിഷങ്ങൾക്കുള്ളിൽ  കഴിഞ്ഞു .

വെന്തുരുകിയ  രണ്ടു  ശരീരങ്ങൾ .

അയാളും  വന്നത്  ഡ്രൈവറെ  കൊല്ലാനായിരുന്നു – മറ്റൊരു  ഇര  പ്രതികാരത്തിനായി  വളർത്തിക്കൊണ്ടു  കൊണ്ട്  വന്ന  അയാളുടെ  തന്നെ  ഒരു  അവിഹിത  സന്തതി . തൻ്റെ  ലക്ഷ്യം  നിറവേറ്റാൻ  കഴിയാതിരുന്ന  അവൻ  തൽക്കാലം  അവിടെനിന്നും  ഓടിപ്പോയി .

രാത്രി  വെട്ടുകത്തിയുമായി  വന്നു  ആ  ശവങ്ങളെ  വെട്ടിനുറുക്കി .

അപ്പോഴാണ്  ലക്ഷ്മി  അദൃശ്യയായി  അവിടെത്തിയത് . വെട്ടിനുറുക്കി  പൊട്ടിച്ചിരിച്ച  അയാളെ  അവിടെ നിന്നും  അദൃശ്യനാക്കി  ഗുഹയിലെത്തിച്ചു .

————————————————————————————————————————

വായുവിലിരുന്നു  മനസ്സിൽ  ഈ  ദൃശ്യങ്ങളെല്ലാം  കണ്ടു  കഴിഞ്ഞ  കാവൽക്കാരൻ  പതുക്കെ  നിലത്തിരുന്നു .

“ഇനി  നിങ്ങൾ  മനുഷ്യനായി  തിരിച്ചു  പോയാൽ  ഞങ്ങൾക്ക്  ആപത്താണ് !” കപാലി  അയാളുടെ  നേരെ  വിരൽ  ചൂണ്ടി . അയാൾ  ഒരു  കരിമ്പൂച്ചയായി  ഗുഹക്കു  പുറത്തേക്കു  ഓടിപ്പോയി . സൂര്യൻ  അപ്പോഴേക്കും  ഉദിച്ചു  കഴിഞ്ഞിരുന്നു .

കപാലി  ലക്ഷ്യം  നിറവേറ്റി . ഇനി  അവൻ  തിരിച്ചു  രാമകൃഷ്ണൻ  ആകണമോ ? അമ്മയുടെ  മനോനില  തിരിച്ചു  കിട്ടുമോ ? ഇതിന്റെ  ഉത്തരങ്ങൾ  കാലത്തിനു  വിട്ടു കൊടുക്കാം  അല്ലേ ?

ഭാഗം -20 – വന്യം

(എഴുതിയത് – രാജേഷ്  ആട്ടീരി – താനൂർ )

വർഷങ്ങൾ  കടന്നു  പോയി . രാമകൃഷ്ണൻ  ഇപ്പോൾ  ഒരു  യുവാവായി . കാപാലിയുടെ  രൂപം  അവനെ  വിട്ടു  പോയി . അവൻ്റെ  അമ്മ  അവനെ  തിരിച്ചറിയുന്ന  മാനസിക  നിലയിലായി . മാന്ത്രിക  വിദ്യകൊണ്ട്  എന്തും  നേടാവുന്ന  അമാനുഷികനായി  അവൻ  മാറി . അമ്മയും  ലക്ഷ്മിയും  ഇപ്പോൾ  അവൻ്റെ  കൂടെ  ഗുഹയിലാണ് .

അന്ന്  രാത്രി  പതിവ്  പോലെ  രാമകൃഷ്ണൻ  ഉറങ്ങാൻ  കിടന്നു .

പെട്ടെന്ന്  അവൻ്റെ  ശരീരത്തിൽ  അഗ്നിയുടെ  വളയങ്ങൾ  പ്രത്യക്ഷപ്പെട്ടു . അവൻ  മന്ത്രങ്ങൾ  ചൊല്ലി . പക്ഷേ …

കുന്തങ്ങൾ  നിലത്തുകുത്തി  യമകിങ്കരന്മാർ  അവൻ്റെ  മുന്നിൽ  പ്രത്യക്ഷപ്പെട്ടു . അവനു  മാത്രമേ  അവരെ  കാണാൻ  കഴിഞ്ഞുള്ളൂ

“ദുർമന്ത്രവാദം  നിത്യ  നരകത്തിൽ  കൊണ്ട്  പോകുമെന്ന്  അറിയില്ലേ ?”

“ദൈവമേ ….!”

“ദൈവത്തിനും  ഇനി  നിന്നെ  തിരികെ  കൊണ്ട്  വരാനാകില്ല !”

അഗ്നി  വളയങ്ങൾ  അവനെ  ദഹിപ്പിച്ചു . അവൻ്റെ  നിലവിളികളാരും  കേട്ടില്ല ! അവസാനം  ആ  അഗ്നി  യമ കിങ്കരന്മാരിൽ  ഒരാളുടെ  കൈകളിൽ  വന്നണഞ്ഞു . കിങ്കരന്മാർ  അപ്രത്യക്ഷരായി .

(അവസാനിച്ചു )

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.